ബറേലി: തലയ്‌ക്കേറ്റ മുറിവുമായി ആശുപത്രിയിലെത്തിയ രോഗിക്ക് വാര്‍ഡ് ബോയ് നിര്‍ദ്ദേശിച്ച “ഇഷ്ടിക”ചികിത്സമൂലം രോഗി മരണപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ ആശുപത്രിയില്‍ എത്തിയ രോഗിയാണ് ശരിയായ പരിചരണം കിട്ടാതെ മരണപ്പെട്ടത്.
അസഹ്യമായ തലവേദനയുമായാണ് നജീമുദ്ദീന്‍ അന്‍സാരി എന്ന 42 കാരന്‍ ബറേലിയിലെ ജില്ലാ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ എക്‌സ് റേയില്‍ നജീമുദ്ദീന്റെ തലയ്ക്ക് മുറിവേറ്റിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന എമര്‍ജന്‍സി വാര്‍ഡിലേക്ക് മാറ്റുന്നതിനായ് ഇയാളെ സ്‌ട്രെക്ചറില്‍ കിടത്തുകയും ചെയ്തു.
എമര്‍ജന്‍സി വാര്‍ഡിലേക്ക് കൊണ്ടുപോകുന്നതിനിടെ തലവേദന അസഹനീയമാണെന്ന് രോഗി പരാതിപ്പെട്ടപ്പോള്‍ വാര്‍ഡ് ബോയ് രോഗിയുടെ തലയ്ക്കടിയില്‍ വഴിയില്‍ കിടന്ന ഇഷ്ടിക എടുത്തുവയ്ക്കുകയായിരുന്നു. തലയ്ക്കടിയില്‍ ഇഷ്ടിക വെച്ച് ഉയര്‍ത്തിയ നജീമുദ്ദീന്‍ മതിയായ ചികിത്സ കിട്ടാതെ മരണപ്പെടുകയും ചെയ്തു. സ്ട്രെക്ചറില്‍ കിടക്കുന്ന രോഗിയുടെ ചിത്രം ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ നാഥ് സിംഗ് ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരില്‍ നിന്നും ഇമെയില്‍ സന്ദേശം ലഭിച്ചതായും അന്വേഷണത്തിന് രണ്ട് ഡോക്ടര്‍മാരെ നിയോഗിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും അധികൃതര്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും “ചികിത്സ” നിര്‍ദേശിച്ച വാര്‍ഡ് ബോയ് സസ്പെന്‍ഷനിലയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.