കുട്ടനാട്: ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ 108 ആംബുലന്‍സ് വിളിച്ചിട്ട് വന്നില്ല. തുടര്‍ന്ന് ഓട്ടോയില്‍ കൊണ്ടുപോയ രോഗി വഴിമധ്യേ മരിച്ചു. കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്തിലെ പുത്തന്‍പുരച്ചിറ വീട്ടില്‍ ജാനകി(65)യാണ് മരിച്ചത്. ആംബുലന്‍സ് മനപ്പൂര്‍വ്വം വിട്ടുനല്‍കാഞ്ഞതാണെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുകയുെ ആംബുലന്‍സ് ജീവനക്കാരുമായി നേരിയ സംഘര്‍ഷമുണ്ടാകുകയും ചെയ്തു.
നെഞ്ചുവേദനയെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ജാനകി അസുഖം കുറഞ്ഞതിനെത്തുടര്‍ന്ന് വീട്ടിലേക്കു പോന്നിരുന്നു. എന്നാല്‍ ഇന്നലെ രാത്രി ഒന്നരയോടെ വീണ്ടും വേദനയുണ്ടായി. 108ല്‍ വിളിച്ച് ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ഓട്ടം പോയിരിക്കുകയാണെന്നായിരുന്നു അധികൃതരുടെ മറുപടി. തുടര്‍ന്ന് ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടരയായിരുന്നു. അപ്പോഴേക്കും ജാനകി മരിച്ചു.
എന്നാല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനുമുന്നിലൂടെ ഓട്ടോയില്‍ വരുമ്പോള്‍ അവിടെ ആംബുലന്‍സ് കിടക്കുന്നത് കണ്ട ബന്ധുക്കള്‍ പിന്നീട് ചെന്ന് വിവരമന്വേഷിച്ചപ്പോള്‍ ആംബുലന്‍സിനായി ആരും വിളിച്ചില്ല എന്നായിരുന്നു മറുപടി. തുടര്‍ന്ന് 108ല്‍ വിളിച്ചതിന്റെ തെളിവ് കാണിച്ചുകൊടുത്ത നാട്ടുകാരും ആംബുലന്‍സ് ജീവനക്കാരും തമ്മില്‍ നേരിയ സംഘര്‍ഷവും വാക്കുതര്‍ക്കവുമുണ്ടായി. വെളിയനാട് എന്ന സ്ഥലത്തേക്ക് ആംബുലന്‍സ് വിളിച്ചത് വെള്ളനാട് എന്നാണ് തങ്ങള്‍ കേട്ടതെന്നാണ് 108 ആംബുലന്‍സ് മാനേജ്‌മെന്റ് ഇപ്പോള്‍ വിശദീകരിക്കുന്നത്. തിരുവനന്തപുരത്തുള്ള വെള്ളനാട്ടിലേക്ക് ആംബുലന്‍സ് വിടുകയും ചെയ്തത്രേ.