| Wednesday, 14th February 2024, 10:14 pm

ഇതിഹാസങ്ങൾക്ക് പോലും സാധ്യമാവാത്ത നേട്ടവുമായി ലങ്കൻ സിംഹം; അഫ്ഗാനെ വൈറ്റ് വാഷ് അടിച്ചുവിട്ടു

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്‍-ശ്രീലങ്ക മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരവും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര സ്വന്തമാക്കി. പാരമ്പരയിലെ അവസാന മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കായിരുന്നു ലങ്കയുടെ വിജയം.

മത്സരത്തില്‍ ശ്രീലങ്കക്കായി സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് പാത്തും നിസങ്ക നടത്തിയത്. 101 പന്തില്‍ 118 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരത്തിന്റെ മികച്ച പ്രകടനം. 16 ഫോറുകളും രണ്ട് സിക്‌സുകളുമാണ് നിസങ്കയുടെ ബാറ്റില്‍ നിന്നും പിറന്നത്. 116.83 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. നിസങ്കയുടെ അഞ്ചാം ഏകദിന സെഞ്ച്വറി ആയിരുന്നു ഇത്.

തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ലങ്കന്‍ ബാറ്റര്‍ സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കായി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് നിസങ്ക നടന്നുകയറിയത്. 52 മത്സരങ്ങളില്‍ നിന്നുമാണ് താരം 2000 എന്ന പുതിയ നാഴിക കല്ലിലേക്ക് കാലെടുത്തുവെച്ചത്. 13 അര്‍ധസെഞ്ച്വറികളും അഞ്ച് സെഞ്ച്വറികളുമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

പല്ലേക്കല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 48.2 ഓവറില്‍ 266 റണ്‍സിന് പുറത്താവുകയായിരുന്നു.

അഫ്ഗാനിസ്ഥാന്റെ ബാറ്റിങ് നിരയില്‍ റഹ്‌മത്ത് ഷാ 77 പന്തില്‍ 65 റണ്‍സും അസ്മത്തുള്ള ഒമര്‍ സായി 59 പന്തില്‍ 54 റണ്‍സും റഹ്‌മാനുള്ള ഗുര്‍ബാസ് 57 പന്തില്‍ 48 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ശ്രീലങ്കയുടെ ബൗളിങ്ങില്‍ പ്രമോദ് മധുശന്‍ മൂന്ന് വിക്കറ്റും അഖിലാ ധനഞ്ജയ ജനിത് ലിയാനഗെ അസിത ഫെര്‍ണാണ്ടോ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 35.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

നിസങ്കയുടെ സെഞ്ച്വറിക്ക് പുറമേ അവിഷ്‌ക ഫെര്‍ണാണ്ടോ 66 പന്തില്‍ 91 റണ്‍സും നായകന്‍ കുശാല്‍ മെന്‍ഡിസ് 29 പന്തില്‍ 40 റണ്‍സും നേടിയപ്പോള്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Pathum Nissanka is the Fastest to reach 2,000 ODI Runs For Sri Lanka

We use cookies to give you the best possible experience. Learn more