|

24 വര്‍ഷത്തെ ചരിത്രമാണ്; അഭിമാനത്തോടെ രണ്ടാം സ്ഥാനത്തേക്ക് പടിയിറങ്ങൂ ഇതിഹാസമേ... നിങ്ങളുടെ പിന്‍ഗാമികള്‍ പുതുചരിത്രമെഴുതുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പര ആരംഭിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കാന്‍ഡിയിലെ പല്ലേക്കലെ സ്റ്റേഡിയത്തില്‍ തുടരുകയാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 381 എന്ന പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. ഓപ്പണര്‍ പാതും നിസങ്കയുടെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ആതിഥേയര്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

139 പന്ത് നേരിട്ട് പുറത്താകാതെ 210 റണ്‍സാണ് നിസങ്ക നേടിയത്. ടി-20യെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ 151.08 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് നിസങ്ക റണ്ണടിച്ചുകൂട്ടിയത്. 20 ബൗണ്ടറിയും എട്ട് സിക്‌സറും താരത്തിന്റെ ബാറ്റില്‍ നിന്നും പിറവിയെടുത്തിരുന്നു.

ഏകദിന ഫോര്‍മാറ്റില്‍ ശ്രീലങ്കക്കായി ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന നേട്ടത്തോടെയാണ് നിസങ്ക പല്ലേക്കലെയില്‍ കൊടുങ്കാറ്റായത്.

ഈ ഇരട്ട സെഞ്ച്വറിക്ക് പിന്നാലെ ഏകദിനത്തില്‍ ശ്രീലങ്കക്കായി ഏറ്റവുമുയര്‍ന്ന റണ്‍സ് നേടുന്ന താരം എന്ന നേട്ടവും സ്വാഭാവികമായി നിസങ്കയെ തേടിയെത്തിയിരിക്കുകയാണ്. ഇതിഹാസ താരം സനത് ജയസൂര്യയെ പിന്നിലാക്കിയാണ് നിസങ്ക ഈ നേട്ടം തന്റെ പേരില്‍ കുറിച്ചത്.

2000ല്‍ ജയസൂര്യ നേടിയ 189 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 24 വര്‍ഷക്കാലം ഒന്നാം സ്ഥാനത്തിരുന്ന ശേഷമാണ് സനത് ജയസൂര്യ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് പടിയിറങ്ങിയിരിക്കുന്നത്.

മത്സരത്തില്‍ നിസങ്കയുടെ സഹ ഓപ്പണറായ അവിഷ്‌ക ഫെര്‍ണാണ്ടോയും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരുന്നു. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 182 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

88 പന്ത് നേരിട്ട് 88 റണ്‍സ് നേടിയാണ് ഫെര്‍ണാണ്ടോ പുറത്തായത്. എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കം നൂറ് എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ഫെര്‍ണാണ്ടോ സ്‌കോര്‍ ചെയ്തത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ 381 എന്ന നിലയില്‍ ലങ്ക ഇന്നിങ്‌സ് അവസാനിപ്പിച്ചു.

അഫ്ഗാനിസ്ഥാനായി ഫരീദ് അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് നബി ഒരു വിക്കറ്റും നേടി.

ശ്രീലങ്കയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നാലമാത് സ്‌കോറും പല്ലേക്കലെ സ്റ്റേഡിയത്തില്‍ പിറക്കുന്ന ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോറുമാണിത്.

ശ്രീലങ്ക ഉയര്‍ത്തിയ പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കത്തിലേ പിഴച്ചിരിക്കുകയാണ്. സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആദ്യ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാന്‍ നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 39ന് നാല് എന്ന നിലയിലാണ്.

നാല് പന്തില്‍ 12 റണ്‍സുമായി ഗുലാബ്ദീന്‍ നയീബും മൂന്ന് പന്തില്‍ ഏഴ് റണ്‍സുമായി അസ്മത്തുള്ള ഒമര്‍സായിയുമാണ് ക്രീസില്‍.

Content Highlight: Pathum Nisanka brakes Sanath Jayasuriya’s 24 old record