അഫ്ഗാനിസ്ഥാന്‍-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് ലങ്കന്‍ സൂപ്പര്‍ താരം പാതും നിസങ്ക തരംഗമായത്. കാന്‍ഡിയിലെ പല്ലേക്കലെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിസങ്കയുടെ വെടിക്കെട്ടിന് പിന്നാലെ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സാണ് ലങ്കന്‍ ലയണ്‍സ് നേടിയത്.
139 പന്തില്‍ പുറത്താകാതെ 210 റണ്‍സാണ് നിസങ്ക അടിച്ചുകൂട്ടിയത്. 20 ബൗണ്ടറിയും എട്ട് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
നേരിട്ട 136ാം പന്തില്‍ അഫ്ഗാന്‍ പേസര്‍ ഫരീദ് അഹമ്മദിനെ ബൗണ്ടറി കടത്തിയാണ് നിസങ്ക 200 റണ്‍സ് പൂര്‍ത്തിയാക്കിയത്.
ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കന്‍ താരം എന്ന നേട്ടവും, ഏകദിനത്തില്‍ ലങ്കക്കായി ഏറ്റവുമുയര്‍ന്ന റണ്‍സ് നേടുന്ന താരം എന്ന നേട്ടവും ഇതോടെ നിസങ്ക നേടിയിരുന്നു. ഇതിഹാസ താരം സനത് ജയസൂര്യ 2000ല്‍ കുറിച്ച 189 റണ്‍സ് മറികടന്നാണ് നിസങ്ക ഈ നേട്ടത്തിലെത്തിയത്.
ഈ ഇരട്ട സെഞ്ച്വറി നേട്ടത്തിന് പിന്നാലെ മറ്റ് ചില റെക്കോഡുകളും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ഏകദിന ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി തികയ്ക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത് താരം എന്ന നേട്ടത്തിലേക്കാണ് നിസങ്ക എത്തിയിരിക്കുന്നത്.
ഇന്ത്യന്‍ താരങ്ങളായ ശുഭ്മന്‍ ഗില്ലിനും ഇഷാന്‍ കിഷനും ശേഷം വണ്‍ ഡേ ഫോര്‍മാറ്റില്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം തുറഞ്ഞ താരമാണ് ലങ്കന്‍ ഓപ്പണര്‍.
ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍
(താരം – ടീം – ഇരട്ട സെഞ്ച്വറി നേടുമ്പോഴുള്ള പ്രായം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ശുഭ്മന്‍ ഗില്‍ – ഇന്ത്യ – 23 വയസും 132 ദിവസവും – ന്യൂസിലാന്‍ഡ് – 2023
ഇഷാന്‍ കിഷന്‍ – ഇന്ത്യ – 24 വയസും 145 ദിവസവും – ബംഗ്ലാദേശ് – 2022
പാതും നിസങ്ക – ശ്രീലങ്ക – 25 വയസും 267 ദിവസവും – അഫ്ഗാനിസ്ഥാന്‍ – 2024
ഇതിന് പുറമെ നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ ഇരട്ട സഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലും താരം മൂന്നാം സ്ഥാനത്തെത്തി. ഇഷാന്‍ കിഷനും ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത്.
ഏകദിന ഫോര്‍മാറ്റില്‍ വേഗത്തില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരങ്ങള്‍ (പുരുഷന്‍മാര്‍)
(താരം – ടീം – എതിരാളികള്‍ – 200 റണ്‍സ് പൂര്‍ത്തിയാക്കാനെടുത്ത പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഇഷാന്‍ കിഷന്‍ – ഇന്ത്യ – ബംഗ്ലാദേശ് – 126 – 2022
ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്ട്രേലിയ – അഫ്ഗാനിസ്ഥാന്‍ – 128 – 2023
പാതും നിസങ്ക – ശ്രീലങ്ക – അഫ്ഗാനിസ്ഥാന്‍ – 136 – 2024
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – സിംബാബ്‌വേ – 138 – 2014
വിരേന്ദര്‍ സേവാഗ് – ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – 140 – 2011
ശുഭ്മന്‍ ഗില്‍ – ഇന്ത്യ – ന്യൂസിലാന്‍ഡ് – 2023
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 147 – സൗത്ത് ആഫ്രിക്ക – 2010
ഫഖര്‍ സമാന്‍ – പാകിസ്ഥാന്‍ – സിംബാബ്‌വേ – 148 – 2018
രോഹിത് ശര്‍മ – ഇന്ത്യ – ശ്രീലങ്ക – 151 – 2014
രോഹിത് ശര്‍മ – ഇന്ത്യ – ശ്രീലങ്ക – 151 – 2017
മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് – 153 – 2015
രോഹിത് ശര്‍മ – ഇന്ത്യ – ഓസ്ട്രേലിയ – 156 – 2013
അഫ്ഗാനെതിരായ വെടിക്കെട്ടിന് പിന്നാലെ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും നിസങ്ക തന്നെയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുമ്പിലാണ് ആതിഥേയര്‍. 11നാണ് രണ്ടാം മത്സരം. കാന്‍ഡി തന്നെയാണ് വേദി.
Content Highlight: Pathum Nisanka becomes 3rd youngest batter to score a double century in ODI