| Friday, 9th February 2024, 9:49 pm

ഡബിള്‍ സെഞ്ച്വറിയില്‍ ഗെയ്‌ലും വീരുവും മാത്രമല്ല രോഹിത് ശര്‍മയും വീണു; ഇഷാന്‍ കിഷനെ തൊടാനാകാതെ നിസങ്ക

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്റെ ലങ്കന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് ലങ്കന്‍ സൂപ്പര്‍ താരം പാതും നിസങ്ക തരംഗമായത്. കാന്‍ഡിയിലെ പല്ലേക്കലെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിസങ്കയുടെ വെടിക്കെട്ടിന് പിന്നാലെ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സാണ് ആതിഥേയര്‍ നേടിയത്.

139 പന്തില്‍ പുറത്താകാതെ 210 റണ്‍സാണ് നിസങ്ക അടിച്ചുകൂട്ടിയത്. നേരിട്ട 136ാം പന്തില്‍ അഫ്ഗാന്‍ പേസര്‍ ഫരീദ് അഹമ്മദിനെ ബൗണ്ടറി കടത്തിയാണ് നിസങ്ക 200 റണ്‍സ് പൂര്‍ത്തിയാക്കിയത്. 20 ബൗണ്ടറിയും എട്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ശ്രീലങ്കക്കായി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന നേട്ടവും, ഏകദിനത്തില്‍ ലങ്കക്കായി ഏറ്റവുമുയര്‍ന്ന റണ്‍സ് നേടുന്ന താരം എന്ന നേട്ടവും നിസങ്ക നേടിയിരുന്നു. ഇതിഹാസ താരം സനത് ജയസൂര്യയെ മറികടന്നാണ് നിസങ്ക ഈ നേട്ടത്തിലെത്തിയത്.

ഈ ഇരട്ട സെഞ്ച്വറി നേട്ടത്തിന് പിന്നാലെ മറ്റ് ചില റെക്കോഡുകളും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ ഇരട്ട സെഞ്ച്വറി തികയ്ക്കുന്ന മൂന്നാമത് താരം എന്ന നേട്ടത്തിലേക്കാണ് നിസങ്ക എത്തിയിരിക്കുന്നത്. വെടിക്കെട്ട് വീരന്‍മാരായ വിരേന്ദര്‍ സേവാഗിനെയും ക്രിസ് ഗെയ്‌ലിനെയുമടക്കം മറികടന്നാണ് നിസങ്ക ഈ നേട്ടത്തിലെത്തിയത്.

2014ല്‍ സിംബാബ്‌വേക്കെതിരെ നേരിട്ട 138ാം പന്തിലാണ് ക്രിസ് ഗെയ്ല്‍ ഇരട്ട സെഞ്ച്വറി നേടിയത്. മൂന്ന് വര്‍ഷം മുമ്പ് ഇന്‍ഡോറില്‍ 140 പന്ത് നേരിട്ടാണ് സേവാഗ് വിന്‍ഡീസിനെതിരെ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

നിസങ്കയെക്കാള്‍ പത്ത് പന്ത് കുറവ് നേരിട്ട് ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷനാണ് ഏകദിനത്തിലെ വേഗമേറിയ ഡബിള്‍ സെഞ്ചൂറിയന്‍.

ഏകദിന ഫോര്‍മാറ്റില്‍ വേഗത്തില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരങ്ങള്‍ (പുരുഷന്‍മാര്‍)

(താരം – ടീം – എതിരാളികള്‍ – 200 റണ്‍സ് പൂര്‍ത്തിയാക്കാനെടുത്ത പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഇഷാന്‍ കിഷന്‍ – ഇന്ത്യ – ബംഗ്ലാദേശ് – 126 – 2022

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – അഫ്ഗാനിസ്ഥാന്‍ – 128 – 2023

പാതും നിസങ്ക – ശ്രീലങ്ക – അഫ്ഗാനിസ്ഥാന്‍ – 136 – 2024

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – സിംബാബ്‌വേ – 138 – 2014

വിരേന്ദര്‍ സേവാഗ് – ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – 140 – 2011

ശുഭ്മന്‍ ഗില്‍ – ഇന്ത്യ – ന്യൂസിലാന്‍ഡ് – 2023

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 147 – സൗത്ത് ആഫ്രിക്ക – 2010

ഫഖര്‍ സമാന്‍ – പാകിസ്ഥാന്‍ – സിംബാബ്‌വേ – 148 – 2018

രോഹിത് ശര്‍മ – ഇന്ത്യ – ശ്രീലങ്ക – 151 – 2014

രോഹിത് ശര്‍മ – ഇന്ത്യ – ശ്രീലങ്ക – 151 – 2017

മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് – 153 – 2015

രോഹിത് ശര്‍മ – ഇന്ത്യ – ഓസ്‌ട്രേലിയ – 156 – 2013

Content Highlight: Pathum Nisanka becomes 3rd fastest batter to score a double century in ODI

We use cookies to give you the best possible experience. Learn more