ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ തിരുവോണത്തിനെത്തും; പത്തൊന്‍പതാം നൂറ്റാണ്ട് റിലീസ് പ്രഖ്യാപിച്ചു
വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ എട്ട് തിരുവോണത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. സിജു വില്‍സനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
വിനയന്‍ തന്നെയാണ് റിലീസ് തീയതി സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ഐതിഹാസിക നവോത്ഥാന നായകന്റെ കഥയാണ് ചിത്രം പറയുന്നത്.
കഥാപാത്രത്തിനായി സിജു വില്‍സണ്‍ ആറുമാസക്കാലം കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു. ചെമ്പന്‍ വിനോദാണ് ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായി എത്തുന്നത്.
കന്നഡ ചിത്രം മുകില്‍പെട്ടയിലൂടെ പ്രശസ്തയായ കയാദു ലോഹറാണ് നായിക.
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഗത, തുടങ്ങി ഒട്ടേറെ താരങ്ങളും നിരവധി ജൂനിയര്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഷാജികുമാറാണ് ക്യാമറ ചെയ്യുന്നത്. അജയന്‍ ചാലിശ്ശേരി കലാസംവിധാനവും വിവേക് ഹര്‍ഷന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു.
പട്ടണം റഷീദാണ് മേക്കപ്പ് ചെയ്യുന്നത്. ധന്യ ബാലകൃഷ്ണനാണ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്.
ജിജോ ജോസഫിന്റെ സംവിധാനത്തില്‍ വന്ന വരയനാണ് സിജു വില്‍സന്റെ ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രം. കപ്പുച്ചിന്‍ വൈദികനായിട്ടായിരുന്നു അദ്ദേഹം ചിത്രത്തിലെത്തിയത്.
‘പത്തൊന്‍പതാം നൂറ്റാണ്ട്’ സെപ്തംമ്പര്‍ 8 ന് തിരുവോണ നാളില്‍ തിയേറ്ററുകളില്‍ എത്തുകയാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ റിലീസു ചെയ്യുന്ന ചിത്രം, 1800 കാലഘട്ടത്തിലെ സംഘര്‍ഷാത്മകമായ തിരുവിതാംകൂര്‍ ചരിത്രമാണ് പറയുന്നത്.
ആക്ഷന്‍പാക്ക്ഡ് ആയ ഒരു ത്രില്ലര്‍ സിനിമയായി വരുന്ന പത്തൊന്‍പതാം നൂറ്റാണ്ട് സിജു വില്‍ണ്‍ എന്ന യുവനടന്റെ കരിയറിലെ മൈല്‍ സ്റ്റോണ്‍ ആയിരിക്കും എന്ന കാര്യത്തില്‍ എനിക്കു തര്‍ക്കമില്ല. ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകരും അത് ശരിവയ്ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.വലിയ ക്യാന്‍വാസിലുള്ള ഫിലിം മേക്കിങും, ശബ്ദമിശ്രണവും തിയേറ്റര്‍ എക്സ്പീരിയന്‍സിന് പരമാവധി സാധ്യത നല്‍കുന്നു. എം ജയചന്ദ്രന്റെ നാലു പാട്ടുകള്‍ക്കൊപ്പം സന്തോഷ് നാരായണന്റെ മനോഹരമായ ബാക്ഗ്രൗണ്ട് സ്‌കോറിങ് മലയാളത്തില്‍ ആദ്യമായെത്തുകയാണ്.
സുപ്രീം സുന്ദറും രാജശേഖറും ചേര്‍ന്ന് ഒരുക്കിയ ആറ് ആക്ഷന്‍ സീനുകളും ഏറെ ആകര്‍ഷകമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം എന്റെ സിനിമകളില്‍ ഏറ്റവും വലിയ പ്രോജക്ടാണ്. അത് പ്രേക്ഷകര്‍ക്ക് പരമാവധി ആസ്വാദ്യകരമാകും എന്നു കരുതുന്നു. നല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിക്കുന്നു,’ എന്നാണ് വിനയന്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.
Content Highlight: Pathonpatham Noottandu will release on September 8