സിജു വില്‍സണെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ട്രെയ്‌ലര്‍ പുറത്ത്. കാലങ്ങള്‍ക്ക് മുമ്പുള്ള കേരള സമൂഹത്തിന്റെ നേര്‍കാഴ്ചയാവുന്ന ട്രെയ്‌ലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. വേളി കരം, മുല കരം, തല കരം മുതലായ പഴയ കാലത്തെ അനാചാരങ്ങളെല്ലാം പുനരാവിഷ്‌കരിച്ചിരിക്കുന്ന ട്രെയ്‌ലറിന്റെ ഹൈലൈറ്റ് സിജു വില്‍സണ്‍ തന്നെയാണ്.
പത്തൊന്‍പതാം നൂറ്റാണ്ടിനായി സിജു വില്‍സണ്‍ നടത്തിയ മേക്കോവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുവരെ കാണാത്ത ആക്ഷന്‍ സീക്വന്‍സുകളുമായാണ് സിജു പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു വേഷമിടുന്നത്. കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായിക.
വിനയന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം തിയറ്ററുകളില്‍ തന്നെയാകും റിലീസ് ചെയ്യുകയെന്ന് നേരത്തെ വിനയന്‍ അറിയിച്ചിരുന്നു.
‘സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവില്‍ ആസ്വദിക്കാന്‍ പറ്റുന്ന വിനോദമാണ് സിനിമ. വര്‍ണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിന്റെയും വിസ്മയക്കാഴ്ചയായ സിനിമ നല്ല തിയറ്ററുകളിലെ സാങ്കേതിക സൗകര്യത്തോടു കൂടി കണ്ടാലേ അതിന്റെ പൂര്‍ണ്ണ ആസ്വാദനത്തിലെത്തൂ.
ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ഫോണിന്റെ സ്‌ക്രീനില്‍ കണ്ടു തൃപ്തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളപോലെ തൃപ്തിയാവുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ. അതുകൊണ്ടു തന്നെ നൂറുകണക്കിനു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും നിരവധി ആക്ഷന്‍ സ്വീക്വന്‍സുകളും ഒക്കെയുള്ള പത്തൊമ്പതാം നൂറ്റാണ്ട് എത്ര കാത്തിരുന്നാലും ശരി തിയറ്ററുകളില്‍ മാത്രമേ റിലീസ് ചെയ്യൂ എന്ന തീരുമാനമാണ് ഞങ്ങള്‍ എടുത്തിരിക്കുന്നത്. വലിയ താരപദവിയും ജനകീയമായ അംഗീകാരവുമൊക്കെ സിനിമക്കാര്‍ നേടിയെടുത്തതില്‍ തിയറ്ററുകളിലെ ആരവങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന കാര്യം സിനിമാക്കാരെങ്കിലും മറക്കരുത്’ എന്നാണ് വിനയന്‍ കൊവിഡ് കാലത്ത് ഫേസ്ബുക്കില്‍ എഴുതിയത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Content Highlight: pathonpatham noottandu movie trailer directed by Vinayan and starring Siju Wilson is out