വിനയന്റെ സംവിധാനത്തില്‍ തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന ധീരന്മാരും സാഹസികരുമായ പോരാളികളുടെ കഥ പറയുന്ന സിനിമയാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’.
വന്‍ താരതിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നത് സിജു വില്‍സനാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ വിനയന്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി തന്റെ പതിനാലാമത്തെ കഥാപാത്രത്തെ കഴിഞ്ഞ ദിവസം വിനയന്‍ പരിചയപ്പെടുത്തിയിരുന്നു. അലന്‍സിയര്‍ അവതരിപ്പിക്കുന്ന ചന്ദ്രക്കാരന്റേതായിരുന്നു പോസ്റ്റര്‍.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ് വിനയനിപ്പോള്‍. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായെന്നും ചിത്രീകരണവുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
സിനിമയുടെ അവസാന ഷോട്ട് എടുക്കുന്നതിന്റെയും അണിയറ പ്രവര്‍ത്തകര്‍ എല്ലാവരുമൊന്നിച്ചുള്ള രണ്ട് ഫോട്ടോകളും വിനയന്‍ പങ്കുവെച്ചിട്ടുണ്ട്.
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാജികുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കുന്നത്.