പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി
Daily News
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th December 2016, 12:30 pm

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍ സതീഷായിരുന്നു ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ കയറാമെന്ന ഉത്തരവ് ഇറക്കിയത്.  ക്ഷേത്ര ഭരണസമിതിയുടെയും വിവിധ സമുദായസംഘടനകളുടെയും തന്ത്രിയുടെയും ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു തീരുമാനം.


കൊച്ചി: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി. സ്വകാര്യ ഹരജികള്‍ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. വിഷയത്തില്‍ ക്ഷേത്രതന്ത്രിയുടെ തീരുമാനമാണ് അന്തിമമെന്നും എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് ഇതില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍ സതീഷായിരുന്നു ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ കയറാമെന്ന ഉത്തരവ് ഇറക്കിയത്.  ക്ഷേത്ര ഭരണസമിതിയുടെയും വിവിധ സമുദായസംഘടനകളുടെയും തന്ത്രിയുടെയും ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു തീരുമാനം.

എന്നാല്‍ തീരുമാനത്തിനെതിരെ ക്ഷേത്രഭരണസമിതിയും സമുദായ സംഘനടകളും രംഗത്തെത്തുകയായിരുന്നു. ചുരിദാര്‍ ധരിച്ച് ക്ഷേത്രദര്‍ശനത്തിനെത്തിയവരെ  വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞു. ആചാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നു പറഞ്ഞായിരുന്നു ഇത്. ചുരിദാര്‍ ധരിച്ചെത്തിയവരെ തടയാനായി സ്ത്രീകളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഭക്തജന സേവാ സമിതിയുടെയും ക്ഷേത്രസംരക്ഷണ സമിതിയുടേയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.

ഇവരാണ് പരാതിയുമായി ക്ഷേത്രം ഭരണസമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിയെ സമീപിച്ചത്. എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് മരവിപ്പിക്കാമെന്ന് ജില്ലാ ജഡ്ജി ഉറപ്പു നല്‍കിയതോടെയാണ് ഉപരോധസമരം പിന്‍വലിച്ചത്. എന്നാല്‍ തന്റെ തീരുമാനം പിന്‍വലിക്കാന്‍ ഭരണസമിതിക്കു കഴിയില്ലെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ പിന്നീട് അറിയിച്ചു. ക്ഷേത്രമുറ്റത്ത് ഭക്തരെ തടഞ്ഞല്ല പ്രതിഷേധം പ്രകടിപ്പിക്കേണ്ടത്. ൈഹേക്കാടതിയുടെ തീരുമാനം എന്തായാലും അത് അനുസരിക്കും.

പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. എക്‌സിക്യുട്ടീവ് ഓഫീസറുടെ വിശദീകരണത്തിനു ശേഷം ചുരിദാര്‍ ധരിച്ച് നിരവധി പേര്‍ ക്ഷേത്രദര്‍ശനം നടത്തിയിരുന്നു.


ചുരിദാര്‍ ധരിച്ചുവരുന്ന സ്ത്രീകള്‍ അതിന് മുകളില്‍ മുണ്ട് ചുറ്റണമെന്നായിരുന്നു നേരത്തെയുളള വ്യവസ്ഥ. എന്നാല്‍ ചുരിദാര്‍ ധരിച്ച കയറാന്‍ അനുവദിക്കണമെന്ന ആവശ്യം അടുത്തിടെ ശക്തമായിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഭക്തജനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തുകയായിരുന്നു.