| Thursday, 7th June 2012, 3:42 pm

വേജ്‌ബോര്‍ഡ്, ടി.പി വധം: പത്രപ്രവര്‍ത്തക യൂണിയനെ തുറന്നെതിര്‍ത്ത് മുന്‍ ജനറല്‍ സെക്രട്ടറിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നിലപാടുകളെ രൂക്ഷമായ ഭാഷയില്‍ തുറന്നെതിര്‍ത്തുകൊണ്ട് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന്റെ കത്ത്. മജീദിയ വേജ് ബോര്‍ഡ്, ടി.പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സി.പി.ഐ.എം ഭത്സനം എന്നീ വിഷയങ്ങളില്‍ യൂണിയന്‍ പുലര്‍ത്തുന്ന വീഴ്ചയും മൗനവും കുറ്റകരമാണെന്നും തിരുത്തപ്പെടേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡന്റിനും സെക്രട്ടറിക്കും മറ്റ് അംഗങ്ങള്‍ക്കും ഇമെയില്‍ വഴി അയച്ച കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കും അല്ലാത്തവര്‍ക്കും ചോര്‍ന്നതോടെയാണ് ചര്‍ച്ചയായത്.

പത്രപ്രവര്‍ത്തക യൂണിയന്റെ നിലപാടുകള്‍ നേരത്തെ തന്നെ പലപ്പോഴും എതിര്‍ക്കപ്പെട്ടതാണ്. യൂണിയന്‍ നേതൃത്വത്തിന്റെ ഇത്തരം നിലപാടിനെ പരിഹസിച്ച് ബ്ലോഗ് എഴുതിയതിന് മലയാള മനോരമ സീനിയര്‍ എഡിറ്ററും പ്രമുഖ ബ്ലോഗറുമായ ബെര്‍ളി തോമസിനെ അടുത്തിടെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ നടപടിയെയും എന്‍. പത്മനാഭന്‍ ചോദ്യം ചെയ്യുന്നുണ്ട്. യൂണിയനെതിരെ പത്മനാഭനെപ്പോലെ ഒരു മുതിര്‍ന്ന നേതാവ് രംഗത്തെത്തിയതും ആ വിവരം ചോര്‍ന്ന് പൊതുജനങ്ങളിലെത്തിയതും നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

മജീദിയ വേജ് ബോര്‍ഡ് നടപ്പാക്കാന്‍ മാധ്യമ മുതലാളിമാരെ ചെറിയ തോതില്‍ പോലും അലോസരപ്പെടുത്താതെ ഈ രീതിയില്‍ സമരവുമായി മുന്നോട്ട് പോകുന്നത് യോജിക്കാനാകില്ലെന്ന് കത്തില്‍ പത്മനാഭന്‍ വ്യക്തമാക്കുന്നു. “മജീദിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കാന്‍ മാനേജ്‌മെന്റുകള്‍ നിയമപരമായി ബാധ്യസ്ഥരാണ്. അതിന് അവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഉത്തരവാദിത്തപ്പെട്ട ട്രേഡ് യൂണിയനുകളുടെ ബാധ്യത. അത് ചെയ്യുന്നതിന് പകരം നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തുന്നതിന് ന്യായീകരണമില്ല. അത് യൂണിയന്റെ ഭീരുത്വമാണെന്നും പത്രമുതലാളിമാരെ സഹായിക്കുന്ന നടപടിയാണെന്നും സംശയിച്ച് പോകുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് ശക്തമായ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതില്‍ കഴിഞ്ഞ കുറച്ചുകാലമായി യൂണിയന്‍ നേതൃത്വം ബോധപൂര്‍വ്വമായ അലംഭാവം കാണിക്കുന്നുണ്ട്”. കത്തില്‍ പത്മനാഭന്‍ വ്യക്തമാക്കുന്നു.

വേജ് ബോര്‍ഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പത്ര ഓഫീസുകള്‍ക്ക് മുന്നില്‍ 24 മണിക്കൂര്‍ ധര്‍ണ്ണ നടത്തിയാല്‍ മുതലാളിമാര്‍ നമ്മുടെ മൂക്കു ചെത്തുമോ?. ഒമ്പത് മാസം പണിമുടക്ക് നടന്ന ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ മാനേജ്‌മെന്റ് ആരുടെയും മൂക്ക് ചെത്തിയില്ലല്ലോയെന്നും കത്തില്‍ ചോദിക്കുന്നുണ്ട്.

ഒഞ്ചിയം സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ സി.പി.ഐ.എം നേതാക്കള്‍ പേരെടുത്ത് ഭത്സിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും ഒരു പ്രസ്താവന പോലും നടത്താത്ത യൂണിയന്‍ കുറ്റകരമായ മൗനമാണ് പുലര്‍ത്തുന്നതെന്നും കത്തില്‍ പറയുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഇതിനെ ഡിഫന്റ് ചെയ്യുമെന്ന് വി.എസ് പറഞ്ഞുവെങ്കിലും അത്തരത്തിലുള്ള ഒരു ഡിഫന്റ്‌സും യൂണിയന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും പത്മനാഭന്‍ വ്യക്തമാക്കുന്നുണ്ട്.

ബെര്‍ലി തോമസിനെ പുറത്താക്കിയ നടപടി തിരുത്തുമെന്ന് കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല. സംഘടനയുടെ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ബെര്‍ലിക്കെതിരെ നടപടിയെടുത്തത്. യൂണിയന്‍ നേതാക്കള്‍ക്ക് സ്വേച്ഛാപരമായ എന്ത് നിലപാടും ആകാമെന്ന സന്ദേശമാണ് ബെര്‍ലിക്കെതിരെയുള്ള നടപടി നല്‍കുന്നത്. മേല്‍പറഞ്ഞ മൂന്ന് കാര്യങ്ങളിലും സംഘടനാ വിരുദ്ധമായ നിലപാടുകളാണ് ഉണ്ടായിരിക്കുന്നതെന്നും ഇക്കാര്യം കൂടിയാലോചനയിലൂടെ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കിയാണ് കത്ത് അവസാനിപ്പിക്കുന്നത്.

കത്തിന്റെ പൂര്‍ണരൂപം

We use cookies to give you the best possible experience. Learn more