തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സാവകാശം തേടി കോടതിയില്‍ ഹരജി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ഹര്‍ജി നല്‍കുന്നതിന് തത്വത്തില്‍ അംഗീകാരമായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നാളെ തീരുമാനമെടുക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.
“സുപ്രീം കോടതിയില്‍നിന്നുള്ള ചില രേഖകള്‍ ലഭിക്കാനുണ്ട്. അത് ലഭിച്ചുകഴിഞ്ഞാല്‍ വെള്ളിയാഴ്ച രാവിലെ യോഗം ചേര്‍ന്ന് സാവകാശ ഹരജി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഹരജി കൊടുക്കുന്ന കാര്യത്തില്‍ തത്വത്തില്‍ അംഗീകാരമുണ്ടായിട്ടുണ്ടെന്നും” പത്മകുമാര്‍. വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുമെന്നും ശബരിമലയെ കലാപത്തിന്റെ കേന്ദ്രമാക്കാന്‍ ആരും ശ്രമിക്കരുതെന്നും പത്മകുമാര്‍ പറഞ്ഞു. “കഴിഞ്ഞ തവണ നട തുറന്നപ്പോള്‍ ഉണ്ടായതുപോലുള്ള സംഭവങ്ങള്‍ മണ്ഡലകാലത്ത് ഉണ്ടാകരുത്. വിശ്വാസികളേയും അല്ലാത്തവരേയും വേര്‍തിരിച്ചറിയുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും” പത്മകുമാര്‍ പറഞ്ഞു.
അതേസമയം, ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ നവംബര്‍ 22 വ്യാഴാഴ്ച വരെ ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ. സന്നിധാനം, പമ്പ, ഇലവുങ്കല്‍, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ ഉപറോഡുകളിലും സംഘം ചേരുന്നതും പ്രകടനം നടത്തുന്നതും പ്രാര്‍ഥനാ യജ്ഞങ്ങള്‍ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ സമാധാനപരമായ ദര്‍ശനം, വാഹനങ്ങളുടെ സഞ്ചാരം എന്നിവയെ നിരോധനാജ്ഞയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, മണ്ഡല- മകരവിളക്ക് പൂജയ്ക്കായി നട തുറക്കുന്ന സാഹചര്യത്തില്‍ ശബരിമലയും പരിസരവും ആറായി തിരിച്ച് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ നിന്നുമാണ് ഭക്തരെ കടത്തിവിടുക. വാഹനങ്ങള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും പ്രവേശനം സാധ്യമാകുക.
രാവിലെ പത്തുമണിയ്ക്ക് കാല്‍നട തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി പ്രവേശനം അനുവദിക്കും. എ.ഡി.ജി.പി അനില്‍കാന്തിനും ഐ.ജി മനോജ് എബ്രഹാമിനുമായിരിക്കും സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അയ്യപ്പന്മാര്‍ വരുന്ന കാട്ടുവഴികളിലും നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.