വയനാടിന്റെ സമകാലിക സാമൂഹികാവസ്ഥകള്‍ വിഷയമാക്കുന്ന “പതിനൊന്നാം സ്ഥലം” എന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനായി ഒരുങ്ങുന്നു. ഒരു ദിവസം വയനാട് ചുരത്തിലൂടെ പോകുന്ന ഒരു കാറിന്റെ മൂന്ന് യാത്രകളാണ് റോഡ്മൂവി ശൈലിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയുടെ കഥാസന്ദര്‍ഭം. വയനാടിന്റെ പ്രകൃതിസൗന്ദര്യം ചൂഷണം ചെയ്യാനെത്തുന്ന ടൂറിസം നിക്ഷേപങ്ങള്‍ ഒരുവശത്ത് വ്യാപകമാകുമ്പോള്‍ മറുവശത്ത് വയനാട്ടിലെ ആദിവാസി ജനത തങ്ങളുടെ പരമ്പരാഗത ആവാസസ്ഥലങ്ങളില്‍ നിന്നും പിഴുതെറിയപ്പെട്ട് നിസ്സഹായരായി മാറുന്ന അവസ്ഥയെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്.
വയനാടിന്റെ സമകാലിക സാമൂഹികാവസ്ഥകള്‍ വിഷയമാക്കുന്ന “പതിനൊന്നാം സ്ഥലം” എന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനായി ഒരുങ്ങുന്നു. ഒരു ദിവസം വയനാട് ചുരത്തിലൂടെ പോകുന്ന ഒരു കാറിന്റെ മൂന്ന് യാത്രകളാണ് റോഡ്മൂവി ശൈലിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയുടെ കഥാസന്ദര്‍ഭം. വയനാടിന്റെ പ്രകൃതിസൗന്ദര്യം ചൂഷണം ചെയ്യാനെത്തുന്ന ടൂറിസം നിക്ഷേപങ്ങള്‍ ഒരുവശത്ത് വ്യാപകമാകുമ്പോള്‍ മറുവശത്ത് വയനാട്ടിലെ ആദിവാസി ജനത തങ്ങളുടെ പരമ്പരാഗത ആവാസസ്ഥലങ്ങളില്‍ നിന്നും പിഴുതെറിയപ്പെട്ട് നിസ്സഹായരായി മാറുന്ന അവസ്ഥയെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്.
വയനാട്ടിലേക്കുള്ള കുടിയേറ്റങ്ങളും, ഭൂമിയുടെ മേലുള്ള അനധികൃത നിക്ഷേപങ്ങളും, ആദിവാസി ഭൂസമരങ്ങളും, തോട്ടം മേഖലയിലെ പ്രശ്‌നങ്ങളും സിനിമയില്‍ പ്രമേയമായി കടന്നുവരുന്നു. ഒരു ദുഃഖവെള്ളി ദിവസം വയനാട് ചുരത്തില്‍ നടക്കുന്ന കുരിശിന്റെ വഴി തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജെയിംസ് എന്ന കാര്‍ ഡ്രൈവര്‍ ആകസ്മികമായി മറ്റൊരു ദൗത്യം ഏറ്റെടുക്കുന്നതിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്.
കേരളീയം കളക്ടീവിന്റെ ബാനറില്‍ അശോകന്‍ നമ്പഴിക്കാട് നിര്‍മ്മിച്ച് രഞ്ജിത്ത് ചിറ്റാടെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കഥ: എസ്. ശരത്, തിരക്കഥ/സംഭാഷണം: കെ. സജിമോന്‍, ഛായാഗ്രഹണം: നിജയ് ജയന്‍. ജിതിന്‍രാജ്, പി.ടി. മനോജ്, മംഗ്ലു ശ്രീധര്‍, ചന്ദ്രന്‍, പ്രശാന്ത്. കെ.എന്‍, പ്രേംകുമാര്‍, സനല്‍ മാനന്തവാടി തുടങ്ങിയവരാണ് അഭിനേതാക്കള്‍. തീര്‍ത്തും പുതുമുഖങ്ങളായ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും ഒന്നിച്ച ഈ സിനിമ വലിയ സാങ്കേതിക സംവിധാനങ്ങളൊന്നുമുപയോഗിക്കാതെ ചെറിയ ബഡ്ജറ്റിലാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. പതിനൊന്നാം സ്ഥലത്തിന്റെ പ്രിവ്യൂ ഷോ ഈ ആഗസ്റ്റ് 14 ന് രാവിലെ 9 മണിക്ക് തൃശ്ശൂര്‍ കൈരളി തിയ്യേറ്ററില്‍ വെച്ച് നടക്കും.
കഥാസംഗ്രഹം
മഴക്കാടുകള്‍ക്കിടയിലൂടെ വളഞ്ഞുപുളയുന്ന ഹെയര്‍പിന്‍ പാതയും മലകളെ തൊട്ടുരുമ്മുന്ന മഴമേഘങ്ങളും പതിവായി പെയ്തിറങ്ങുന്ന കോടമഞ്ഞുമായാണ് വയനാട് ചുരം സഞ്ചാരികളെ സ്വാഗതം ചെയ്യാറുള്ളത്. ചുരം റോഡിലെ ആ മുടിപ്പിന്‍ വളവുകള്‍ കടന്ന് വയനാടിന്റെ കുളിരുതേടിയെത്തുന്നവര്‍ക്ക് ഇത് സ്വര്‍ഗ്ഗഭൂമിയാണ്. വനനിബിഡമായ മലകളും മലകള്‍ക്കിടയിലെ വയല്‍പ്പച്ചകളും മുളങ്കാടുകളുടെ സംഗീതവും തെളിനീരുറവകളുടെ തണുപ്പുമെല്ലാം യാത്രികരെ വയനാടന്‍ സൗന്ദര്യങ്ങളിലേക്ക് ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. ഈ വന്യഭംഗിയുടെ വിവിധ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനായി സഞ്ചാരികള്‍ക്കൊപ്പം നിക്ഷേപകരും ഇവിടെ സജീവമാണ്.
ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ഏകവിളത്തോട്ടങ്ങളും ഉപജീവനം തേടി മലകയറിയെത്തിയ കുടിയേറ്റ ജനതയും പ്രകൃതിരമണീയതയ്ക്ക് വിലയിടാനെത്തുന്ന ടൂറിസം സംരംഭകരും ഒരുപോലെ അദൃശ്യരാക്കിയ ഒരു സമൂഹം കൂടി ഈ വയനാട്ടിലുണ്ട്. ഭൂസമരങ്ങളായും പട്ടിണി മരണങ്ങളായും അപൂര്‍വ്വരോഗങ്ങളായും ചിലപ്പോള്‍ കൗതുകക്കാഴ്ചകളായും മാത്രമാണ് അവര്‍ എന്നും ദൃശ്യപ്പെടാറുള്ളത്. അതെ, വയനാടന്‍ മലകളുടെ യഥാര്‍ത്ഥ അവകാശികളായിരുന്ന ഗോത്രജനത കോളനികളില്‍ തളച്ചിടപ്പെട്ടതിന് ഏറെ ചരിത്രമുണ്ട്. വയനാടിന്റെ പ്രകൃതിസൗന്ദര്യത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ഒട്ടേറെ അനീതികളുടെ കഥകള്‍ തദ്ദേശീയരായ ആദിവാസികള്‍ക്ക് പറയാനുണ്ട്. വയനാടിന്റെ പുറംമോടികള്‍ ഈ കഥകള്‍ സഞ്ചാരികളില്‍ നിന്നും ബോധപൂര്‍വ്വം മറച്ചുവയ്ക്കുന്നു. എന്നാല്‍ അവിചാരിതമായി ചിലപ്പോള്‍ ഒരു യാത്രയില്‍ ആ യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് മുന്നില്‍ എത്തിച്ചേരാം; നമ്മെ പിടിച്ചുലയ്ക്കാം. ഈ സിനിമയില്‍ ജെയിംസിന് സംഭവിച്ചതും അതാണ്.
തന്റെ ടാക്‌സിയില്‍ പല താത്പര്യങ്ങളോടെയെത്തിയ ഒരുപാട് സഞ്ചാരികളെ വയനാടിന്റെ വിവിധ കോണുകളിലേക്ക് കൊണ്ടുപോയിട്ടുണ്ടെങ്കിലും ആ അനുഭവം ജെയിംസിന് ആദ്യമായിരുന്നു. അതുവരെ കാണാത്ത കാഴ്ചകളിലേക്ക് ആ ആകസ്മിക സംഭവം ജെയിംസിനെ കൂട്ടിക്കൊണ്ടുപോയി. അതും ഒരു ദുഃഖവെള്ളി ദിവസം. യേശു ക്രിസ്തുവിന്റെ പീഢാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന ദുഃഖവെള്ളിയിലെ കുരിശിന്റെ വഴിയില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച്, അതിലും പ്രധാനപ്പെട്ടതായി തിരിച്ചറിഞ്ഞ ഒരു ദൗത്യത്തിനായി ജെയിംസ് സ്വയം സമര്‍പ്പിക്കുന്നു. യാതനകളില്‍ തറയ്ക്കപ്പെട്ട ഒരു ജനതയുടെ ജീവനുമായി ജെയിംസ് യാത്ര തുടര്‍ന്നു; ഏറെ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഒരു ലക്ഷ്യത്തിലേക്ക്…
വയനാട് ചുരം, ഒരു ദിവസം, മൂന്ന് യാത്ര…