1990ല്‍ പുറത്തിറങ്ങിയ റോക്കി എന്ന ഹിറ്റ് ഹോളിവുഡ് ചിത്രത്തിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ മൈക്കല്‍ വെസ്റ്റ്‌മോറിന്റെ സഹായിയായി കമല്‍ ഹാസനും വര്‍ക്ക് ചെയ്തിരുന്നു. പ്രോസ്‌തെറ്റിക് മേക്കപ്പ് എന്ന സാങ്കേതിക വിദ്യയെക്കുറിച്ച് കൂതുതലായി അറിയാന്‍ വേണ്ടിയാണ് കമല്‍ ആ സിനിമയുടെ ഭാഗമായത്. ആറ് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ എന്ന സിനിമയുടെ പ്രോസ്‌തെറ്റിക് മേക്കപ്പിനായി മൈക്കല്‍ വെസ്റ്റ്‌മോരിനെ കൊണ്ടുവരാനും കമലിന് സാധിച്ചു.
70 വയസുള്ള സേനാപതിയെ 41കാരന്‍ കമല്‍ അവതരിപ്പിച്ചത് പ്രോസ്‌തെറ്റിക് മേക്കപ്പിന്റെ സഹായത്തോടുകൂടിയായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ അക്കാലത്ത് അതൊരു അത്ഭുതവുമായിരുന്നു. പിന്നീട് അവ്വൈ ഷണ്മുഖി, ഹേ റാം, ദശാവതാരം എന്നീ സിനിമകളിലും പ്രോസ്‌തെറ്റിക് മേക്കപ്പിന്റെ അനന്ത സാധ്യതകളെ കമല്‍ ഉപയോഗിച്ചു. ‘ഐ’ എന്ന സിനിമയില്‍ ഷങ്കറും പ്രോസ്‌തെറ്റിക് മേക്കപ്പിന്റെ മാക്‌സിമം ഉപയോഗിച്ചിരുന്നു.
എന്നാല്‍ 28 വര്‍ഷങ്ങള്‍ക്കിപ്പുറം കമല്‍ ഹാസനും ഷങ്കറും വീണ്ടും ഒന്നിച്ച ഇന്ത്യന്‍ 2വില്‍ പ്രോസ്‌തെറ്റിക് മേക്കപ്പിന്റെ ഉപയോഗം കാണുമ്പോള്‍ പരമദയനീയം എന്നേ പറയാനാകൂ. നാല് ഗെറ്റപ്പില്‍ കമല്‍ ഹാസന്‍ എത്തിയപ്പോള്‍ ഇത്രക്ക് മോശം മേക്കപ്പ് ഈയടുത്ത കാലത്ത് ഒരു സിനിമയിലും കണ്ടിട്ടില്ല. ക്ലൈമാക്‌സ് ഫൈറ്റിന് വേണ്ടി കമലിന് സിക്‌സ് പാക്ക് അടക്കം വെച്ചുകൊടുത്തത് സേനാപതി എന്ന കഥാപാത്രത്തോട് ചെയ്ത ഏറ്റവും വലിയ അനീതിയായിപ്പോയി എന്നാണ് പലരും പ്രതികരിച്ചത്.
കണ്ടാല്‍ മേക്കപ്പ് ആണെന്ന് തോന്നാത്ത തരത്തില്‍ കമല്‍ ഹാസന്‍ ചെയ്ത സിനിമയായിരുന്നു 1995ല്‍ റിലീസ് ചെയ്ത കുരുതിപ്പുനല്‍. ആ സിനിമയുടെ അവസാനരംഗങ്ങളില്‍ മുഖത്ത് പരിക്കുകളുമായി പ്രത്യക്ഷപ്പെടുന്ന കമല്‍ ഹാസന്റെ കഥാപാത്രം ഇന്നും അത്ഭുതമാണ്. അത്രമാത്രം റിയലിസ്റ്റിക്കായിരുന്നു ആ സിനിമയിലെ മേക്കപ്പ്. അങ്ങനെയുള്ള കമല്‍ ഹാസനെ മൈദ മാവില്‍ മുക്കിയെടുത്തത് പോലെയായിരുന്നു ഇന്ത്യന്‍ 2വില്‍ കണ്ടത്.
പ്രോസ്‌തെറ്റിക് മേക്കപ്പ് അത്ഭുതമായി തോന്നിയത് ഷങ്കറിന്റെ ‘ഐ’യിലായിരുന്നു. വിക്രമിന്റെ മൂന്ന് ഗെറ്റപ്പുകള്‍ പ്രോസ്‌തെറ്റിക് മേക്കപ്പില്‍ അവതരിപ്പിച്ചത് വലിയ അത്ഭുതമായിരുന്നു. വാരിവലിച്ചുള്ള ബജറ്റും സ്റ്റാര്‍ കാസ്റ്റും, വിദേശ ലൊക്കേഷനില്‍ ചിത്രീകരിച്ച അനാവശ്യ ഗാനവും ഉള്‍പ്പെടുത്തുന്ന തിരക്കില്‍ ഷങ്കറിന് മേക്കപ്പിന്റെ കാര്യത്തില്‍ സ്വല്പം ശ്രദ്ധ കൊടുക്കാമായിരുന്നു എന്നാണ് സിനിമ കണ്ട പലരും അഭിപ്രായപ്പെട്ടത്.
Content Highlight: Pathetic Prosthetic makeup in Indian 2