പ്രവാസം എന്നത് ഒരുകൂട്ടം കഥകള്‍ക്ക് വകയുള്ളൊരു കടലാണ്. പലരും അവ പെറുക്കിയെടുത്ത് മലയാളത്തിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നാരായണനെപ്പോലെ പ്രവാസത്തില്‍ ജീവിച്ച്, അതിഥിയായി മാത്രം സ്വന്തം നാട്ടിലെത്തി, പ്രവാസത്തില്‍ത്തന്നെ അന്ത്യത്തെ പുല്‍കുന്നവരുടെ കഥ മലയാളത്തില്‍ വിരളമെന്നോ, ഇല്ല എന്നുതന്നെയോ പറയാം. അതിനാല്‍ത്തന്നെ സംവിധായകനും സിനിമയുടെ തിരക്കഥാകൃത്തുമായ സലിം അഹമദ് പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.
ഫിലിം റിവ്യൂ|സൂരജ്.കെ.ആര്‍
ചിത്രം: പത്തേമാരി
രചന,സംവിധാനം: സലിം അഹമദ്
നിര്‍മ്മാണം: അഡ്വ.ഹാഷിക്.ടി.കെ, ടി.പി.സുധീഷ്, സലിം അഹമദ്
ഛായാഗ്രഹണം: മധു അമ്പാട്ട്
എഡിറ്റിങ്: വിജയ് ശങ്കര്‍
സംഗീതം: ബിജിബാല്‍
അഭിനേതാക്കള്‍: മമ്മൂട്ടി,ജുവല്‍ മേരി,സിദ്ദിഖ്,ജോയ് മാത്യു,ശ്രീനിവാസന്‍ തുടങ്ങിയവര്‍
കൊമേഷ്യല്‍ സിനിമയുടെയും ആര്‍ട്ട് സിനിമയുടെയും ഇടയ്ക്ക്, കുറച്ചധികംതന്നെ “വലത്തോട്ട്” ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന സംവിധായകനാണ് സലിം അഹമദ്. ഒറ്റക്കാഴ്ചയില്‍ മറഞ്ഞുകിടപ്പതെങ്കിലും സലിം അഹമദിന്റെ ആദ്യ സിനിമയായ “ആദാമിന്റെ മകന്‍ അബു”വും രണ്ടാമത്തെ സിനിമ “കുഞ്ഞനന്തന്റെ കടയും” വലതുപക്ഷ രാഷ്ട്രീയത്തെ അതിന്റെ മുതലാളിത്ത തലങ്ങളില്‍ത്തന്നെ ഉള്‍പ്പേറുന്ന ചിത്രങ്ങളായിരുന്നു.
“അബു” ഹജ്ജ് ടൂറിസിത്തെ പ്രോത്സാഹിപ്പിക്കുന്ന “അക്ബര്‍ ട്രാവത്സിന്റെ” പരസ്യമായിരുന്നെങ്കില്‍ “കുഞ്ഞനന്തന്റെ കട”യിലൂടെ സലിം വിറ്റത് വികസനത്തിന്റെ മുതലാളിത്ത സമവാക്യ വിത്തുകളായിരുന്നു. എന്നാല്‍ ഈ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളില്‍ നിന്നും സംവിധായകന്‍ മാറിത്തുഴയുന്ന കാഴ്ചയാണ് “പത്തേമാരി.”
1960കളില്‍ എണ്ണപ്പാടങ്ങളുടെ നാട്ടിലേയ്ക്ക് സ്വപ്‌നങ്ങളുടെ ഭാണ്ഡക്കെട്ടുകളുമായി ചെന്നുകയറുന്ന ഒന്നാം തലമുറ ഗള്‍ഫുകാരുടെ പ്രതിനിധിയായി മമ്മൂട്ടിയുടെ പള്ളിക്കല്‍ നാരായണനെത്തുന്നു. കേരളത്തില്‍ നിന്നു പോകുന്ന ഒരു പത്തേമാരിയില്‍ അനധികൃതമായി ദുബായിലെത്തിച്ചേരുന്ന നാരായണന്റെ നാലു പതിറ്റാണ്ടിലെറെ നീളുന്ന പ്രവാസത്തിന്റെ അകം പുറങ്ങളിലേക്കാണ് സിനിമയുടെ പിന്നീടുള്ള സഞ്ചാരം. ഇന്നത്തെ കേരളത്തെ ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത പ്രവാസികളെയല്ല, തങ്ങളുടെ മണി ഓര്‍ഡറുകള്‍ക്ക് കുടുംബത്തിന്റെ വിശപ്പ് എന്നുകൂടി അര്‍ത്ഥമുണ്ടെന്നു മനസ്സിലാക്കിയവരെയാണ് പത്തേമാരിയില്‍ കാണാന്‍ കഴിയുക.
പിടിച്ചെടുക്കലല്ല, പിടിച്ചുനില്‍ക്കലാണ് നാരായണന് പ്രവാസം. കൂടെവന്ന മറ്റുപലരും “കേരളാമോഡല്‍ വികസനത്തില്‍” ഭാഗഭാക്കായപ്പോള്‍ നാരായണനെപ്പോലെയും, മൊയ്തീനിനെപ്പോലെയും ചിലര്‍ എന്നുള്ള ഓര്‍മ്മപ്പെടുത്തലുമാകുന്നു പത്തേമാരി.
എസ്.കെ.പൊറ്റെക്കാട്ടിന്റെ “വിഷകന്യക”യില്‍, ജീവിതം നട്ടുപിടിപ്പിക്കാനായി മലബാറിലേയ്ക്ക് കുടിയേറുന്ന കര്‍ഷകരെപ്പോലെ ആദ്യമെത്തിയിട്ടും അവസാനത്തേയ്ക്ക് ഒന്നും കരുതുവയ്ക്കാനില്ലാതായിപ്പോയ പ്രവാസജീവിതമാണ് നാരായണന്റേത്. പിടിച്ചെടുക്കലല്ല, പിടിച്ചുനില്‍ക്കലാണ് നാരായണന് പ്രവാസം.
കൂടെവന്ന മറ്റുപലരും “കേരളാമോഡല്‍ വികസനത്തില്‍” ഭാഗഭാക്കായപ്പോള്‍ നാരായണനെപ്പോലെയും, മൊയ്തീനിനെപ്പോലെയും ചിലര്‍ എന്നുള്ള ഓര്‍മ്മപ്പെടുത്തലുമാകുന്നു പത്തേമാരി. അങ്ങനെ പല കാലങ്ങളിലൂടെ, ജീവിതവ്യഥയുടെ പല ഓളങ്ങളിലൂടെ സഞ്ചരിക്കുന്ന പത്തേമാരി തന്നെയാണ് നാരായണന്റെ ജീവിതവും.
അമ്മ, പെങ്ങന്മാര്‍, അവരുടെ മക്കള്‍, ഭാര്യയും മക്കളും എന്നിങ്ങനെ അയല്‍ക്കാര്‍ പോലും പ്രതീക്ഷിച്ചിരിക്കുന്ന ഗള്‍ഫുകാരന്‍ എന്ന സങ്കല്‍പ്പത്തിന്റെ മുഖംമൂടിയെ സാവധാനം, വിശ്വസനീയമാംവിധം അഴിച്ചുവയ്ക്കുന്നുണ്ട് നാരായണന്‍. ആ വ്യത്യാസം ശരിക്കും മനസ്സിലാകണമെങ്കില്‍ പഴയ മലയാളസിനിമകളിലെ ഗള്‍ഫുകാരന്‍ കഥാപാത്രങ്ങളെ ഓര്‍ത്തുനോക്കിയാല്‍ മതി. കാറില്‍ കെട്ടിവച്ച പെട്ടിയുമായി, സെന്റിന്റെ നറുമണം പടര്‍ത്തിയെത്തുന്ന പല ഗള്‍ഫുകാരുടെയും കീശയില്‍ ഓട്ടമുക്കാലുപോലും തികച്ചെടുക്കാനുണ്ടാകില്ല എന്ന സത്യത്തെ എത്രപേര്‍ കണ്ടു എന്ന ചോദ്യവും ഉയര്‍ത്തുന്നു സിനിമ.
അടുത്തപേജില്‍ തുടരുന്നു
മമ്മൂട്ടിയിലെ ഭാവചാരുതയുള്ള നടന് മിന്നിമായാന്‍ അവസരം നല്‍കുന്നുണ്ട് സലിം അഹമദ്. യുവാവായും മദ്ധ്യവയസ്‌കനായും വൃദ്ധനായുമെല്ലാം പ്രതിഭയറ്റിട്ടില്ലെന്ന് മമ്മൂട്ടി കാണിച്ചുതരുമ്പോള്‍ സന്തോഷം തോന്നുന്നു. ചില സീനുകള്‍ മമ്മൂട്ടിയിലെ നടനെ കാണാന്‍ വേണ്ടിമാത്രം ഒരല്‍പ്പം ദീര്‍ഘിപ്പിക്കാമായിരുന്നു എന്നുവരെ തോന്നിപ്പോകും.
മമ്മൂട്ടിയിലെ ഭാവചാരുതയുള്ള നടന് മിന്നിമായാന്‍ അവസരം നല്‍കുന്നുണ്ട് സലിം അഹമദ്. യുവാവായും മദ്ധ്യവയസ്‌കനായും വൃദ്ധനായുമെല്ലാം പ്രതിഭയറ്റിട്ടില്ലെന്ന് മമ്മൂട്ടി കാണിച്ചുതരുമ്പോള്‍ സന്തോഷം തോന്നുന്നു. ചില സീനുകള്‍ മമ്മൂട്ടിയിലെ നടനെ കാണാന്‍ വേണ്ടിമാത്രം ഒരല്‍പ്പം ദീര്‍ഘിപ്പിക്കാമായിരുന്നു എന്നുവരെ തോന്നിപ്പോകും. ആകെ 109 മിനിറ്റ് മാത്രം നീളുന്ന സിനിമയില്‍ മമ്മൂട്ടിയുടെ ഭാവഭദ്രത ഒപ്പിയെടുക്കാന്‍ മാത്രം കെല്‍പ്പുള്ള സീനുകള്‍ കുറവായിരുന്നു എന്നുവേണം പറയാന്‍.
മമ്മൂട്ടിയുടെ ഭാര്യാവേഷം ചെയ്ത ജുവല്‍ മേരി തന്മയത്വത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രവാസിയുടെ ഭാര്യ ഒന്നുകില്‍ പതിവ്രത, അല്ലെങ്കില്‍ വഞ്ചകി എന്ന പതിവ് സമവാക്യത്തില്‍ നിന്നുംമാറിയുള്ള മികച്ച കഥാപാത്രഘടനയാണ് നളിനി എന്ന ജുവലിന്റേത്. ഭര്‍ത്താവ് ഗള്‍ഫുകാരന്‍ എന്നതിലഭിമാനിക്കുകയും, ഇനി തിരികെ പോകുന്നില്ലെന്ന് നാരായണന്‍ പ്രഖ്യാപിക്കുമ്പോള്‍ നിരാശിതയുമാകുന്ന അതേ ഭാര്യ, ഗള്‍ഫില്‍ നിന്നും ഫോണ്‍ ചെയ്യുന്ന ഭര്‍ത്താവിനോട് ഒരു ദിവസം ധരിച്ച അലക്കാത്ത ഷര്‍ട്ട് കൊടുത്തയയ്കാകന്‍ പറയുന്നവിധം ഭദ്രതയാര്‍ന്ന ആ കഥാപാത്രത്തിന്റെ നിര്‍മ്മിതി മനോഹരമായിരിക്കുന്നു.
മമ്മൂട്ടിയുടെ അമ്മയായെത്തിയ നടിയും മികച്ചു നില്‍ക്കുന്നുണ്ട്. സിദ്ദിഖ്,ജോയ് മാത്യു,ശ്രീനിവാസന്‍,സന്തോഷ് എന്നിവരുടെ പ്രകടനം സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്. കുറച്ചു സീനുകളേ ഉള്ളുവെങ്കിലും സിദ്ദിഖ് എന്ന നടന്‍ മലയാളത്തില്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടും എന്നതിന്റെ മറ്റൊരു തെളിവുകൂടിയാണ് അദ്ദേഹം ഈ ചിത്രത്തില്‍ ചെയ്ത വേലായുധന്‍ എന്ന കഥാപാത്രം. നാരായണനായ മമ്മൂട്ടിയെപ്പോലെ അല്‍പ്പനേരം കൂടി തിരശ്ശീലയില്‍ കാണാന്‍ കൊതിക്കും വിധം ചാരുതയാര്‍ന്ന പ്രകടനമാണ് സിദ്ദിഖിന്റേത്.
മമ്മൂട്ടിയുടെ ഭാര്യാവേഷം ചെയ്ത ജുവല്‍ മേരി തന്മയത്വത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രവാസിയുടെ ഭാര്യ ഒന്നുകില്‍ പതിവ്രത, അല്ലെങ്കില്‍ വഞ്ചകി എന്ന പതിവ് സമവാക്യത്തില്‍ നിന്നുംമാറിയുള്ള മികച്ച കഥാപാത്രഘടനയാണ് നളിനി എന്ന ജുവലിന്റേത്. ഭര്‍ത്താവ് ഗള്‍ഫുകാരന്‍ എന്നതിലബിമാനിക്കുകയും, ഇനി തിരികെ പോകുന്നില്ലെന്ന് നാരായണന്‍ പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ നിരാശിതയാകുന്ന അതേ ഭാര്യ, ഗള്‍ഫില്‍ നിന്നും ഫോണ്‍ ചെയ്യുന്ന ഭര്‍ത്താവിനോട് ഒരു ദിവസം ധരിച്ച അലക്കാത്ത ഷര്‍ട്ട് കൊടുത്തയയ്കാകന്‍ പറയുന്നവിധം ഭദ്രതയാര്‍ന്ന ആ കഥാപാത്രത്തിന്റെ നിര്‍മ്മിതി മനോഹരമായിരിക്കുന്നു.
ഛായാഗ്രാഹകനായ മധു അമ്പാട്ട് മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയത് സലിമിന്റെ തന്നെ “ആദാമിന്റെ മകന്‍ അബു”വിലൂടെയാണ്. ആ വരവ് വെറുതെയല്ല എന്ന് വീണ്ടും “പത്തേമാരി”യിലെ ദൃശ്യപരിചരണം വിളിച്ചോതുന്നു. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദവിന്യാസം, പ്രത്യേകിച്ച് കടലില്‍ വച്ച് പത്തേമാരിയില്‍ കാറ്റുപിടിക്കുന്ന സീനില്‍ ഒന്നാന്തരമായിട്ടുണ്ട്. എന്നാല്‍ ഈ സീനിലെ ബിജിബാലിന്റെ പശ്ചാത്തസസംഗീതം അല്‍പ്പം കടന്നുനില്‍ക്കുന്നതായും അനുഭവപ്പെടുന്നു.
നാരായണന്റെ ജീവിതയാത്രയിലെ ദു:ഖങ്ങളെയും ദുരിതങ്ങളെയും പ്രേക്ഷകരിലേയ്ക്ക് സംക്രമിപ്പിക്കുന്ന മറ്റു സീനുകളില്‍ പശ്ചാത്തലസംഗീതം കൊണ്ട് നല്ല കയ്യടക്കവും അനുഭവപ്പെടുത്തുന്നുണ്ട് ബിജിബാല്‍. അദ്ദേഹം ഈണം നല്‍കിയ ഗാനങ്ങളും ചിത്രത്തിന്റെ ആത്മാവാണ്. അവ ആലപിച്ച ഷഹബാസ് അമനും ഹരിഹരനും പ്രവാസത്തിന്റെ ചുടുകാട്ടിലൂടെ പ്രേക്ഷകരെ നടത്തിക്കുന്നു.
സംവിധായകനെന്ന നിലയില്‍ സലിം അഹമദിന്റെ വളര്‍ച്ചയെയും നടനെന്ന നിലയില്‍ മമ്മൂട്ടിയുടെ തളര്‍ച്ചയില്ലായ്മയെയും കാട്ടിത്തരുന്ന നല്ല സിനിമ തന്നെയാണ് പത്തേമാരി. ഒരല്‍പ്പംകൂടി ആഴമുള്ളതാക്കാമായിരുന്നു തിരക്കഥ എന്നാണ് സലിം അഹമദിനോടു പറയാനുള്ളത്. “സിനിമയില്‍ നിന്നും ഇനി തനിക്കൊന്നും നേടാനില്ല എന്നതിനാല്‍ സിനിമകളില്‍ തെരഞ്ഞെടുപ്പു നടത്താറില്ല ഈയിടെയായി” എന്ന് മമ്മൂട്ടി പറഞ്ഞതായി കേട്ടു. അക്കാര്യത്തില്‍ മമ്മൂട്ടിയോട് പറയാനുള്ളത് ഇത്രമാത്രം; സിനിമയില്‍ നിന്നും ഒന്നും നേടാനില്ലെങ്കിലും നഷ്ടപ്പെടാന്‍ ഒന്നുണ്ട്; ആരാധകര്‍, അല്ലെങ്കില്‍ താങ്കളിലെ നടനെ ഇഷ്ടപ്പെടുന്നവര്‍. ആ നഷ്ടം ഉണ്ടാകാതിരിക്കണമെങ്കില്‍ ചെറിയ രീതിയിലെങ്കിലും കഥാപാത്രങ്ങളിലും തിരക്കഥകളിലും ശ്രദ്ധ പുലര്‍ത്തുന്നത് നന്ന്.