മടിക്കെ, ബേഡഡുക്ക… കാസർഗോഡുള്ള സ്ഥലങ്ങളുടെയെല്ലാം പേര് അൽപം വ്യത്യസ്തമാണല്ലോ ഞാനോർത്തു. ചെല്ലുന്ന സ്ഥലവും വ്യത്യസ്തമായൊരു പേരുള്ളിടം തന്നെ. ‘പത്തായപ്പുര ‘
എന്തു കൊണ്ടായിരിക്കും ആ ഫാം ഹൗസിനവർ പത്തായപ്പുര എന്ന പേരിട്ടത്? ആലോചിച്ച് കൊണ്ട് ഇരിക്കുമ്പോൾ ബസ് നിന്നു. മടിക്കെ , മടിക്കെ കണ്ടക്ടർ ഉറക്കെ വിളിച്ച് പറഞ്ഞു. ട്രൈപോഡും ക്യാമറാ ബാഗുമെല്ലാം എടുത്തെന്നുറപ്പ് വരുത്തി ഞങ്ങൾ ഇറങ്ങി.
ഹരിതാഭവും പച്ചപ്പും പ്രതീക്ഷിച്ച് ഞങ്ങളെ വരവേറ്റത് സോളാർ പാനലുകളും കത്തുന്ന വെയിലും ആയിരുന്നു.
ബസ്റ്റോപ്പിൽ എത്തിയോ? എങ്കിൽ അവിടെനിന്ന് കുറച്ചേ ഉള്ളൂ എന്ന് ടീച്ചർ പറഞ്ഞു. അല്പ ദൂരം നടന്നപ്പോഴേക്കും പ്രകൃതിയാകെ മാറി. പിന്നെ ഞാൻ പ്രതീക്ഷിച്ച പച്ചപ്പ് എല്ലായിടത്തും കണ്ടു തുടങ്ങി. ഫാം പത്തായപ്പുര എന്ന ബോർഡാണ് ആദ്യം വരവേറ്റത്.
പിന്നാലെ മിയാവാക്കി ഫോറെസ്റ്റ് എന്ന ബോർഡ് കണ്ടു. പക്ഷെ അപ്പോഴും സംശയം വിട്ട് മാറിയിരുന്നില്ല. എവിടെയാണ് ഫാം പത്തായപ്പുര? വീണ്ടും മുന്നോട്ട് നടന്നു ഒടുവിൽ അന്വേഷിച്ചിറങ്ങിയ ആളെയും സ്ഥലവും കണ്ടെത്തി. പ്രസന്ന മടിക്കെ. ഫാം പത്തായപ്പുരയുടെ ഉടമ.
ഒരുപാട് നടന്നോ ചിരിച്ചുകൊണ്ട് ടീച്ചർ ചോദിച്ചു. ‘കുറച്ച്’ ചിരി തിരികെ നൽകിക്കൊണ്ട് ഞങ്ങൾ പറഞ്ഞു. രാവിലെ എത്തിയതിനാൽ അപ്പോൾ തന്നെ ചായ കുടിച്ചിട്ട് ആകാം ബാക്കിയെന്ന് ടീച്ചർ, എന്നാൽ ആകട്ടെന്ന് ഞങ്ങളും. പുട്ടും ചെമ്മീൻ കറിയും കടലക്കറിയും അപ്പവുമൊക്കെ ഉണ്ടായിരുന്നു. ടീച്ചറുടെ കൈപ്പുണ്യത്തെപ്പറ്റി പറയാതെ വയ്യ. ഭക്ഷണം കഴിച്ച് പതുക്കെ പുറത്തേക്കിറങ്ങി അപ്പോഴാണറിയുന്നത് ഫാം മൊത്തത്തിൽ 30 ഏക്കർ ആണ് എന്ന്.
2020 കൊറോണ സമയം ടീച്ചറും കുടുംബവും എല്ലാവരും കാഞ്ഞങ്ങാട് ആയിരുന്നു. റെസ്പോൺസിബിൾ ടൂറിസം മിഷൻ നടത്തുന്ന ഓൺലൈൻ ക്ലാസിൽ ടീച്ചറും മകളും ഭർത്താവും പങ്കെടുത്തു.
അതിൽ നിന്നും ഫാം ടൂറിസം എന്തെന്നും ഹോംസ്റ്റേ എങ്ങിനെ നടത്താമെന്നും വിശദമായി മനസ്സിലാക്കി. അങ്ങിനെ എന്തുചെയ്യാം എന്ന് ആലോചിച്ചതിൻ്റെ അടിസ്ഥാനത്തിൽ ടീച്ചർ ഹോം സ്റ്റേ ഫാം ടൂറിസം എന്നിവയ്ക്കുള്ള ലൈസൻസ് നേടി.
30 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഈ ഫാമിൽ പശു, ആട്, കോഴി തുടങ്ങി മീൻ കൃഷി വരെയുണ്ട്. അവിടെയെത്തുന്ന അതിഥികൾക്ക് നൽകുക അവിടെ തന്നെ കൃഷി ചെയ്തെടുത്ത വിഭവങ്ങൾ കൊണ്ടുള്ള ഊണാണ്. ‘ഇവിടെ പച്ചക്കറി ഒന്നും പുറത്ത് നിന്ന് വാങ്ങേണ്ടി വരാറില്ല ആകെ വാങ്ങുക കാരറ്റും ഉരുളക്കിഴങ്ങുമാണ്’ പ്രസന്ന ടീച്ചർ പറഞ്ഞു.
ആദ്യം പോയത് മീൻകുളത്തിലേക്കാണ് ഞങ്ങൾക്കും അന്ന് അവിടെയുള്ളവർക്കും വേണ്ട മീൻ പിടിക്കുകയായിരുന്ന അവിടുത്തെ ഭയ്യ ഞങ്ങളോട് ചിരിച്ചു. വലിയ മീനുകളെ പിടിച്ച് അയാൾ ബക്കറ്റിലേക്കിട്ടുകൊണ്ടിരുന്നു.
അവിടുന്ന് നേരെ പോയത് സിപ് ലൈനിന്റെ അടുത്തേക്കായിരുന്നു. അല്പമൊന്ന് ഭയന്നാണെങ്കിലും സിപ് ലൈനിൽ കയറി. അവിടെയെത്തുന്ന ഓരോ ടൂറിസ്റ്റിനും ഏറ്റവും മികച്ച അനുഭവം നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രസന്ന ടീച്ചർ പറഞ്ഞതോർത്തു. അത് അക്ഷരം പ്രതി വാസ്തവവുമാണ്.
പ്രസന്ന ടീച്ചറുടെയും ഭർത്താവിന്റെയും സ്‌നേഹപൂർണമായ പെരുമാറ്റം തന്നെ മനസ് നിറക്കുന്നതാണ്. ഒപ്പം ഫാം ഹൗസിലെ കാഴ്ചകളും നമ്മെ മറ്റൊരു ലോകത്തേക്ക് എത്തിക്കും.
മിയവാക്കി ഫോറെസ്റ്റ്, മീൻകുളം , കുട്ടികൾക്ക് കളിക്കാൻ പാർക്ക്, അല്പം അഡ്‌വെഞ്ചർ ആകാൻ സിപ് ലൈൻ, തോണി യാത്ര, കൃഷി, ഗ്ലാസ് ബ്രിഡ്ജ് എല്ലാമുണ്ട് ഇവിടെ. ഒരു പത്തായത്തിൽ എങ്ങനെ സാധങ്ങൾ സൂക്ഷിക്കുന്നുവോ അത് പോലെ മുപ്പത് ഏക്കറിലായി ഈ പത്തായപ്പുരയിൽ ഓരോന്നും സൂക്ഷിക്കുകയാണ് പ്രസന്ന ടീച്ചറും ഭർത്താവും.
Content Highlight: pathayappura farm house under responsible tourism