| Monday, 29th August 2016, 11:49 am

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാക് പങ്കുവ്യക്തമാക്കുന്ന തെളിവുകള്‍ യു.എസ് ഇന്ത്യയ്ക്കു കൈമാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

 ജയ്‌ഷെ മുഹമ്മദിന് സാമ്പത്തിക സഹായം നല്‍കുന്ന അല്‍ റഹ്മത് ട്രസ്റ്റിന്റെ വെബ്‌സൈറ്റിന്റെ ഐപി വിലാസവും പാക്കിസ്ഥാനിലേതാണ്

പഞ്ചാബ്: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ നടത്തിയ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കുവ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ യു.എസ് ഇന്ത്യയ്ക്കു കൈമാറി.

പത്താന്‍കോട്ട് ആക്രമണം നടത്താനുള്ള എല്ലാ ആസൂത്രണവും പാക്കിസ്ഥാനിലാണ് നടന്നതെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളാണിത്.

ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യം എന്‍ഐഎ പരിഗണിക്കുന്നതിനിടെയാണ് പുതിയ തെളിവുകള്‍ യുഎസ് നല്‍കിയത്.

പത്താന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരകരെന്ന് കരുതുന്നവരുടെ ഫെയ്‌സ്ബുക് അക്കൗണ്ടുകളുടെ ഐ.പി വിലാസങ്ങള്‍ പാക്കിസ്ഥാനിലേതാണ്.

ജയ്‌ഷെ മുഹമ്മദിന് സാമ്പത്തിക സഹായം നല്‍കുന്ന അല്‍ റഹ്മത് ട്രസ്റ്റിന്റെ വെബ്‌സൈറ്റിന്റെ ഐപി വിലാസവും പാക്കിസ്ഥാനിലേതാണ്.

ജയ്‌ഷെ മുഹമ്മദിന്റെ നേതാവ് കാഷിഫ് ജാന്റെ സുഹൃത്തുക്കളാണ് ഫെയ്‌സ്ബുക് അക്കൗണ്ട് ഉപയോഗിച്ചത്. ഇവര്‍ക്കും ജിഹാദി ബന്ധമുണ്ട്. കൊല്ലപ്പെട്ട നാലു ഭീകരരുടെ ചിത്രങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നു.

ആക്രമണസമയത്ത് അല്‍ റഹ്മത് ട്രസ്റ്റിന്റെ വെബ്‌പേജ്, റാംഗൊനൂര്‍ ഡോട്ട് കോം (rangonoor.com), അല്‍കാലം ഓണ്‍ലൈന്‍ ഡോട്ട് കോം (alqalamonline.com) എന്നീ വെബ്‌സൈറ്റുകളിലാണ് അപ്‌ലോഡ് ചെയ്തത്.

ഈ എല്ലാ വെബ്‌സൈറ്റുകളും ഐപി വിലാസങ്ങളും പാക്കിസ്ഥാനില്‍നിന്നുള്ളതാണെന്നും ഈ വെബ്‌സൈറ്റുകളിലെ അപ്‌ഡേഷനുകള്‍ പഠാന്‍കോട്ട് ആക്രമണത്തിന്റെ സമയത്തായിരുന്നെന്നും യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും പ്രതികരണങ്ങള്‍ വന്നിട്ടില്ല.

We use cookies to give you the best possible experience. Learn more