| Thursday, 11th August 2016, 10:36 am

ബാംഗ്ലൂരില്‍ ഇടിച്ചുനിരത്താനുള്ള വീടുകളുടെ പട്ടികയില്‍ പത്താന്‍കോട്ട് വീരമൃത്യുവരിച്ച മലയാളി ജവാന്‍ നിരഞ്ജന്റെ വീടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാംഗ്ലൂര്‍: ബാഗ്ലൂരിലെ ഡ്രൈനേജ് സംവിധാനങ്ങള്‍ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി ഇടിച്ചുനിരത്തുന്ന വീടുകളുടെ പട്ടികയില്‍ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ ലെഫ്റ്റനെന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ വീടും.

ഇത് വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഞങ്ങളുടെ സഹോദരനേയാണെന്നും നിരഞ്ജന്റെ സഹോദരന്‍ ശശാങ്ക് പറഞ്ഞു. നിരഞ്ജന്‍ താമസിച്ച വീട് ഇടിച്ചുനിരത്താനുള്ള തീരുമാനം നിര്‍ത്തലാക്കണമെന്നാണ് തന്റെ അഭിപ്രായം. രാജ്യത്തിന് വേണ്ടിയാണ് നിരഞ്ജന്റെ വീരമൃത്യു. അതുകൊണ്ട് തന്നെ ഈ പ്രവര്‍ത്തി ഒരിക്കലും ന്യായീകരിക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡ്രൈനേജ് സംവിധാനം ഇല്ലാത്തതിനാല്‍ ഇത്തവണത്തെ മഴയില്‍ പ്രദേശത്തെ റോഡുകള്‍ മുഴുവന്‍ തകര്‍ന്നു താറുമാറായെന്നും അതുകൊണ്ട് തന്നെ ഓടകളുടെ പുനരുദ്ധാരണം കൃത്യമായി നടത്തിയേ തീരൂ എന്നുമാണ് അധികൃതര്‍ പറയുന്നത്. നിരഞ്ജന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ഒരു മാര്‍ഗവും തങ്ങള്‍ക്ക് മുന്നിലില്ലെന്നും നിരഞ്ജന്റെ വീടിനൊപ്പം 1,100 വീടുകളും അവിടെ നിന്നും ഇടിച്ചുനിരത്തേണ്ടി വരുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

നിരഞ്ജന്റെ കുടുംബത്തോട് തനിക്ക് അനുഭാവമുണ്ട്. എന്നാല്‍ ഒരു വ്യക്തിയുടെ സ്വകാര്യതാത്പര്യങ്ങളേക്കാള്‍ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയേ തീരൂവെന്നും സിവിക് കമ്മീഷണര്‍ മഞ്ജുനാഥ് പ്രസാദ് പറയുന്നു.

നിരഞ്ജന്റെ കുടുംബം കേരളത്തിലാണെങ്കിലും അവര്‍ വര്‍ഷങ്ങളോളം താമസിച്ചിരുന്നത് ബാംഗ്ലൂരിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ഇവിടെ ഇടിച്ചുനിരത്തിയിട്ടുണ്ട്.

പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശരീരത്തില്‍ നിന്നും ഗ്രനേഡ് നീക്കം ചെയ്യുന്നതിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ചായിരുന്നു നിരഞ്ജന്‍ കൊല്ലപ്പെട്ടത്.  നിരഞ്ജന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് അന്ന് ജീവന്‍ നഷ്ടമായിരുന്നു.

We use cookies to give you the best possible experience. Learn more