പഠാന്‍കോട്ട് പോലുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കും: പര്‍വേസ് മുഷറഫ്
Daily News
പഠാന്‍കോട്ട് പോലുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കും: പര്‍വേസ് മുഷറഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th January 2016, 10:01 am

Pervez-Musharraf--01

ഇസ്‌ലാമാബാദ്:  ഇന്ത്യയിലും പാകിസ്ഥാനിലും തീവ്രവാദം നിലനില്‍ക്കുന്നതിനാല്‍ പഠാന്‍കോട്ട് പോലുള്ള ആക്രമണങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫ്. ഇന്ത്യയും പാകിസ്ഥാനും തീവ്രവാദത്തിന്റെ ഇരകളാണ്. അത് കൊണ്ട് ഭീകരാക്രമണങ്ങളില്‍ അമിതാവേശം കാണിക്കേണ്ടെന്നും മുഷ്‌റഫ് പറഞ്ഞു. ഒരു പാക് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫിന്റെ പ്രതികരണം.

ഏതു ഭീകരാക്രമണം നടന്നാലും ഇന്ത്യ പാകിസ്ഥാന് നേരെ തിരിയുകയാണ് ഇന്ത്യയിലും ഭീകരവാദമുണ്ടെന്നത് ഓര്‍ക്കണമെന്നും മുഷറഫ് പറഞ്ഞു. തങ്ങളുടെത് ചെറു രാഷ്ട്രമാണെങ്കിലും അഭിമാനമുള്ളവരാണ്. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഭീകരവാദം ശക്തമാണ്. ഭീകരവാദത്തെ ഏകപക്ഷീയമായാണ് ഇന്ത്യ കാണുന്നത്, അവിടെ എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാം കൂടെ ഇന്ത്യയുടെ മുകളില്‍ കെട്ടി വെക്കേണ്ടെന്നും മുഷറഫ് പറഞ്ഞു.

മോദി ധീരനാണെങ്കില്‍ അത് ഇന്ത്യയില്‍ കാണിച്ചാല്‍ മതി, ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വാജ്‌പേയിക്കും മന്‍മോഹന്‍ സിംഗിനും സാധിച്ചത് പോലെ മോദിക്ക് കഴിഞ്ഞില്ലെന്നും മുഷറഫ് കുറ്റപ്പെടുത്തി. വാജ്‌പേയിയിക്കും മന്‍മോഹന്‍ സിങ്ങിനും ഇക്കാര്യത്തില്‍ ആത്മാര്‍ഥത ഉണ്ടായിരുന്നെന്നും മുഷറഫ് പറഞ്ഞു.

മോദിയുടെ ഇസ്‌ലാമാബാദ് സന്ദര്‍ശനം വെറും പ്രകടനമാണെന്നും മുഷറഫ് കുറ്റപ്പെടുത്തി.