Daily News
പഠാന്‍കോട്ട് ഭീകരാക്രമണം: മസൂദ് അസ്ഹറിന് പങ്കുള്ളതായി തെളിവില്ലെന്ന് പാകിസ്ഥാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Feb 08, 11:31 am
Monday, 8th February 2016, 5:01 pm

patankot1

കറാച്ചി: പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ ജെയ്‌ഷെ-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് പങ്കുള്ളതായി തെളിവില്ലെന്ന് പാകിസ്ഥാന്‍. അത് കൊണ്ടുതന്നെ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനായി മസൂദിനെ കാണാന്‍ കഴയില്ലെന്നും പാകിസ്ഥാന്‍ വാദിക്കുന്നു.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നിയോഗിച്ച പ്രത്യേക അന്വേഷണ സമിതിയാണ് (എസ്.ഐ.ടി) മസൂദിനെതിരായി തെളിവില്ലെന്ന് കണ്ടെത്തിയത്. മസൂദിന് ആക്രമണത്തില്‍ പങ്കുള്ളതിന് തെളിവില്ലെന്ന് പാക് അധികാരികള്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് എസ്.ഐ.ടി. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍, ആക്രമണത്തിന് പിന്നില്‍ മസൂദിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്‌ഷെ -ഇ-മുഹമ്മദാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ പാകിസ്ഥാനു കൈമാറിയിരുന്നു. തുടര്‍ന്ന് മസൂദിനെയും സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഗറിനെയും അറസ്റ്റ് ചെയ്തതായി പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിരുന്നു.

പക്ഷേ, ഇപ്പോള്‍ പ്രത്യേക അന്വേഷണ സമിതി മസൂദിനെതിരെ തെളിവില്ല എന്ന് അറിയിക്കുകയായിരുന്നു. ജനുവരി 2 മുതല്‍ മൂന്ന് ദിവസം നീണ്ടുനിന്ന പഠാന്‍കോട്ട്് ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.