പത്താന്‍കോട്ട്: ഇന്നലെ സ്‌ഫോടനമുണ്ടായ പഞ്ചാബിലെ പത്താന്‍കോട്ടില്‍ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ചു.
അപകടത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടന കാരണം വ്യക്തമല്ല. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ഇന്നു രാവിലെയാണ് തിരച്ചില്‍ പുനഃരാരംഭിച്ചത്. അതേസമയം, തിരച്ചിലില്‍ ഭീകരരുടെ കൈവശം ഉണ്ടായിരുന്ന എകെ 47 റൈഫിളുകള്‍, മോര്‍ട്ടാറുകള്‍, ഗ്രനേഡ്, ജിപിഎസ് ഉപകരണങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തു.
ഇന്നലെ പത്താന്‍കോട്ടിലെ വ്യോമസേന കേന്ദ്രത്തിനുനേരെയുണ്ടായ വെടിവെപ്പില്‍ മൂന്നു സൈനികരും അഞ്ച് തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരമണിക്കാണ് ആക്രമണമുണ്ടായത്. വ്യോമസേനാ താവളത്തിലുള്ള മിഗ്21, മിഗ്25 പോര്‍വിമാനങ്ങളും സൈനിക ഹെലികോപ്റ്ററുകളും നശിപ്പിക്കുകയായിരുന്നു ലക്ഷ്യം.
പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്ഥലമാണിത്.
ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ഏറ്റെടുത്തു. എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യോമസേന കേന്ദ്രത്തില്‍ എത്തിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയ്ക്കു പങ്കുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നേരത്തെ അറിയിച്ചിരുന്നു.