| Monday, 15th April 2019, 8:11 am

സ്ഥാനാര്‍ഥികളുടെ പേരിലുള്ള കേസുകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കല്‍; കെ. സുരേന്ദ്രന് 60 ലക്ഷം ചെലവഴിക്കേണ്ടി വരുമെന്ന് ബി.ജെ.പി വക്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ സ്ഥാനാര്‍ഥികളുടെ പേരിലുള്ള കേസുകള്‍ പത്ര-ദൃശ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന നിബന്ധനയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ബി.ജെ.പി വക്താവ് എം.എസ് കുമാര്‍. കേസുകളുടെ വിവരങ്ങള്‍ മൂന്നു തവണ പത്ര മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തണം.

പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെതിരെ 242 കേസുകളാണുള്ളത്. ഇവയുടെ വിശദാംശങ്ങളടക്കം ഒരു തവണ പ്രസിദ്ധീകരിക്കാന്‍ 20 ലക്ഷം രൂപ വേണം. മൂന്നു തവണയാകുമ്പോള്‍ 60 ലക്ഷം രൂപ ആവശ്യമുണ്ട്. ഇതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് എം.എസ് കുമാര്‍ പറയുന്നു.

‘സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 75 ലക്ഷമാണ്. ഈ സാഹചര്യത്തില്‍ പരസ്യത്തിന് ചെലവാകുന്ന തുക സ്ഥാനാര്‍ഥിയുടെ ചെലവിനത്തില്‍ വകയിരുത്തുന്നത് ഒഴിവാക്കുകയോ അല്ലെങ്കില്‍ കേസിന്റെ വിശദാംശങ്ങള്‍ ഒഴിവാക്കി നമ്പര്‍ മാത്രം പ്രസിദ്ധപ്പെടുത്തുന്നതിന് അനുവദിക്കുകയോ ചെയ്യണമെന്നും എം.എസ് കുമാര്‍ ആവശ്യപ്പെട്ടു.

ഇത്തരം ഒരു കാര്യത്തിലൂടെ മുഖ്യ തെരഞ്ഞെടുപ്പു ഓഫിസറും കലക്ടര്‍മാരും ഇല്ലാത്ത അധികാരം ഉപയോഗിക്കുകയും അധികാര ദുര്‍വിനിയോഗം നടത്തുകയുമാണെന്നും എം.എസ് കുമാര്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരളത്തിലെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുള്ളത് കെ. സുരേന്ദ്രനാണ്. വധശ്രമം മുതല്‍ പൊലീസ് നിര്‍ദ്ദേശം മറികടന്ന് സംഘം ചേരല്‍ വരെ സുരേന്ദ്രന്റെ പേരിലുള്ള കേസുകളാണ്.

അതേസമയം, കോണ്‍ഗ്രസിന്റെ ഇടുക്കി സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെതിരെ 109 ഉം എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരെ 40 ഉം കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനെതിരെ 17 ഉം വടകരയിലെ സി.പി.ഐ.എം സ്ഥാനാര്‍ഥി പി. ജയരാജനെതിരെ
പത്തും കേസുകളാണുള്ളത്.

We use cookies to give you the best possible experience. Learn more