വിദ്യാര്‍ഥിനിയുടെ തൂങ്ങി മരണത്തില്‍ ദുരൂഹത ആരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍; ഇരുകാലുകളും നിലത്തുകുത്തിയ നിലയില്‍, മൃതദേഹത്തില്‍ ചതവുകള്‍
Kerala News
വിദ്യാര്‍ഥിനിയുടെ തൂങ്ങി മരണത്തില്‍ ദുരൂഹത ആരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍; ഇരുകാലുകളും നിലത്തുകുത്തിയ നിലയില്‍, മൃതദേഹത്തില്‍ ചതവുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th July 2018, 8:32 pm

പത്തനംതിട്ട: കടമ്മനിട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി മൈഥിലി വിനോദിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാരും ആക്ഷന്‍ കൗണ്‍സിലും.

അന്വേഷണം പ്രത്യേക പൊലീസ് സംഘത്തെ ഏല്‍പ്പിക്കണമെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജൂണ്‍ 13നാണ് വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ മൈഥിലിയുടെ മൃതദേഹം കണ്ടത്.

ഇത് കൊലപാതകമാണെന്നും മൃതദേഹത്തില്‍ കണ്ട അടയാളങ്ങള്‍ അതിനു തെളിവാണെന്നും നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍ പറഞ്ഞു.


Also Read:  പൊലീസ് പീഡനത്തെ തുടര്‍ന്ന് ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം; ചങ്ങനാശ്ശേരി താലൂക്കില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍


അടുക്കളയിലെ സ്ലാബില്‍ ചാരിനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇരുകാലുകളും നിലത്തുകുത്തി മുട്ടുമടങ്ങിയ നിലയിലായിരുന്നു. കുട്ടിയുടെ മാറിടത്തില്‍ മൂന്നു സെന്റീമീറ്റര്‍ നീളമുള്ള ചതവുണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

വയറിന്റെ ഭാഗത്ത് വസ്ത്രത്തില്‍ ചെളിനിറഞ്ഞ വിരല്‍പാടുകളും കണ്ടെത്തിയിരുന്നു. കഴുത്തില്‍ ചുറ്റിയ മുണ്ട് അടുക്കളയിലെ വിറകുവെക്കുന്ന ചേരില്‍ വെറുതെ ചുറ്റിയ നിലയിലായിരുന്നു.

ഇതാണ് മരണം കൊലപാതകമാണെന്ന് സംശയിക്കാന്‍ കാരണമായതെന്ന് നഗരസഭ കൗണ്‍സിലര്‍ സജി കെ സൈമണ്‍ പറഞ്ഞ്. അതേസമയം, ഇത്രയും ദുരൂഹത ഉണ്ടായിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമാക്കിയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.


Also Read:  നെയ്മറുടെ വീഴ്ചയെ കളിയാക്കി കെ.എഫ്.സിയുടെ പുതിയ പരസ്യം [വീഡിയോ]


അച്ഛനും അമ്മയും ജോലിക്ക് പോയതിനാല്‍ മൈഥിലി സ്‌കൂള്‍ വിട്ട് വരുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇളയകുട്ടി സ്‌കൂളില്‍ നിന്നും വന്നപ്പോഴാണ് ചേച്ചിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ ബാഗിലെ പുസ്തകങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു.

പഠനത്തില്‍ മിടുക്കിയായ മൈഥിലി തൂങ്ങിമരിക്കാനുള്ള ഒരു സാധ്യതയും ഇല്ലെന്ന് വീട്ടുകാരും സ്‌കൂള്‍ അധികൃതരും പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാകാമെന്നാണ് ആക്ഷന്‍ കൗണ്‍സിലും നാട്ടുകാരും സംശയിക്കുന്നത്.