പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസിന് നിയമോപദേശം ലഭിച്ചു. തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു എന്ന വകുപ്പും നിലനില്‍ക്കും. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.
നിലവില്‍ അസ്വാഭാവിക മരണത്തിന് ഐ.പി.സി 174 പ്രകാരമായിരുന്നു കേസെടുത്തത്. നിയമോപദേശം ലഭിച്ചതോടെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് ഐ.പി.സി 304 പ്രകാരം കേസെടുത്ത് വനപാലകരെ പ്രതിചേര്‍ക്കാനാണ് തീരുമാനം.
അതേസമയം മരണം നടന്ന് 16 ദിവസം കഴിഞ്ഞിട്ടും മൃതദേഹം സംസ്‌കരിക്കാതെ പ്രതിഷേധം തുടരുകയാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന ഉറച്ച നിലാപാടിലാണ് കുടുംബം.
നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ഷീബയുടെ ഹരജിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം മത്തായിയുടെ മരണത്തില്‍ അന്വേഷണ സംഘം ഡമ്മി പരീക്ഷണം നടത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ കുടപ്പനക്കുളത്തിലെ കിണറ്റിലാണ് പരീക്ഷണം നടത്തിയത്.
മത്തായിയുടെ തൂക്കവും നീളവുമുള്ള രണ്ട് ഡമ്മികാളാണ് കിണറ്റിലേക്ക് ഇട്ട് പരീക്ഷിച്ചത്. മത്തായി സ്വയം ചാടിയതാണോ ആരെങ്കിലും തള്ളിയിട്ടതാണോ എന്നറിയുകയാണ് പ്രധാന ലക്ഷ്യം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ തലയ്‌ക്കേറ്റ ക്ഷതവും ഇടത് കൈയ്യിലെ ഒടിവും കിണറ്റിലേക്ക് വീണപ്പോള്‍ സംഭവിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം.
ജില്ലാ പൊലീസ് മേധാവി കെ.ജി സൈമന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനായി ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയെ സ്വന്തം ഫാമിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും വിധവയായ സഹോദരിയും മക്കളും അരയ്ക്ക് താഴെ തളര്‍ന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മത്തായി.