തൊഴിലാളി സംഘടനകള്‍ ഇടപെട്ടു; പത്തനംതിട്ട ഹാരിസണ്‍ എസ്‌റ്റേറ്റിലെ തൊഴിലാളി സമരം തീരുമാനമൊന്നുമാകാതെ അവസാനിപ്പിച്ചു
Daily News
തൊഴിലാളി സംഘടനകള്‍ ഇടപെട്ടു; പത്തനംതിട്ട ഹാരിസണ്‍ എസ്‌റ്റേറ്റിലെ തൊഴിലാളി സമരം തീരുമാനമൊന്നുമാകാതെ അവസാനിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th September 2015, 5:35 pm
hARISON
Photo: Reporterlive

പത്തനംതിട്ട: കോന്നി കല്ലേലിയിലെ ഹാരിസണ്‍ എസ്‌റ്റേറ്റിലെ തൊഴിലാളി സമരം തീരുമാനമൊന്നുമാകാതെ അവസാനിപ്പിച്ചു. തൊഴിലാളി സംഘടനകള്‍ ഇടപെട്ട് നടത്തിയ സമരം തൊഴിലാളികള്‍ക്ക് വ്യക്തമായ ഉറപ്പുകളൊന്നും നല്‍കാതെ അവസാനിപ്പിക്കുകയായിരുന്നു. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകള്‍ മാനേജ് മെന്റിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

മൂന്നാര്‍ തൊഴിലാളി സമരത്തിന്റെ ചുവടുപിടിച്ച് ഹരിസണ്‍ തോട്ടത്തിലെ തൊഴിലാളികള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സമരത്തിലായിരുന്നു. മൂന്നാറില്‍ സമരക്കാര്‍ തൊഴിലാളി സംഘടനകളെ പുറത്താക്കിയപ്പോള്‍. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഹരിസണ്‍ തൊഴിലാളി സമരത്തില്‍ സംഘടനകള്‍ ഇടപെടുകയായിരുന്നു. ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ തൊഴിലാളി സംഘടനാ നേതാക്കള്‍ ശമ്പള കുടിശിക ഞായറാഴ്ച്ച കിട്ടിയേക്കുമെന്ന ഉറപ്പ് മാത്രമാണ് തൊഴിലാളികള്‍ക്ക് നല്‍കിയത്.

പിന്നീട് ഓരോ തൊഴിലാളി സംഘടനകളും തൊഴിലാളികളെ പ്രത്യേകം വിളിച്ചുകൂട്ടി സമരം അവസാനിപ്പാക്കാനുള്ള നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതേസമയം തങ്ങളെ ചതിച്ച തൊഴിലാളി സംഘടകള്‍ക്കെതിരെ ചിലര്‍ ശക്തമായി തന്നെ പ്രതികരിച്ചു. തൊഴില്‍ വകുപ്പ് അധികൃതരും മാനേജ്‌മെന്റിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.

തൊഴിലാളി സംഘടനകളെ പൂര്‍ണമായും അകറ്റി നിര്‍ത്തിക്കൊണ്ടായിരുന്നു മൂന്നാറിലെ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ തൊഴിലാളികള്‍ നടത്തിയ സമരം. ഒമ്പത് ദിവസം സമരത്തില്‍ തൊഴിലാളി സംഘടനകളേയും മുഖ്യധാരാ രാഷ്ട്രീയ നേതാക്കളേയും തൊഴിലാളികള്‍ പങ്കെടുപ്പിച്ചില്ലെന്നും മാത്രമല്ല വന്നവരില്‍ ഭൂരിഭാഗം പേരേയും അവര്‍ ആട്ടിയോടിക്കുകയായിരുന്നു. തങ്ങളുന്നയിച്ച ബോണസ് വര്‍ധനവ്് എന്ന ആവശ്യം അംഗീകരിച്ചതിന് ശേഷം മാത്രമാണ് മൂന്നാര്‍ തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചത്.