മത്തായി മൂന്നാഴ്ചയായി മോര്‍ച്ചറിയിലാണ്, ആര് നീതി നല്‍കും?
details
മത്തായി മൂന്നാഴ്ചയായി മോര്‍ച്ചറിയിലാണ്, ആര് നീതി നല്‍കും?
രോഷ്‌നി രാജന്‍.എ
Tuesday, 18th August 2020, 6:15 pm

പത്തനംതിട്ട ജില്ലയിലെ റാന്നിയിലുള്ള മാര്‍ത്തോമ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഒരു മൃതദേഹം കഴിഞ്ഞ ഇരുപത് ദിവസത്തിലധികമായി സംസ്‌കരിക്കാതെ കിടക്കുകയാണ്. വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കര്‍ഷകന്‍ പി.പി മത്തായിയുടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ മൃതദേഹം സംസ്‌കരിക്കില്ല എന്ന് പ്രഖ്യാപിച്ചത്.

പത്തനംതിട്ടയിലെ കുടപന്നക്കുളം സ്വദേശിയായ പി.പി മത്തായിയെ നിയമവിരുദ്ധമായാണ് വനപാലകര്‍ കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ വനംവകുപ്പിന് പങ്കുണ്ടെന്നുമുള്ള ഗുരുതരആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്.

മത്തായി

ജൂലൈ 28ന് വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ഫാമിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടെ മൃതദേഹം പത്തനംതിട്ട റാന്നി മാര്‍ത്തോമ ആശുപത്രി മോര്‍ച്ചറിയിലാണ് നിലവിലുള്ളത്. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു മത്തായിയുടെ ഭാര്യ ഷീബയും മറ്റ് കുടുംബാംഗങ്ങളും.

വനംവകുപ്പിന്റെ സി.സി.ടി.വി ക്യാമറകള്‍ നശിപ്പിച്ചു എന്നാരോപിച്ചാണ് മത്തായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുന്നത്. തട്ടികൊണ്ടുപോവല്‍, മോചനദ്രവ്യം ആവശ്യപ്പെടല്‍, മനപൂര്‍വമല്ലാത്ത നരഹത്യ, വ്യാജരേഖ ചമക്കല്‍ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ മത്തായിയുടെ മരണത്തിന് പിന്നില്‍ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടും ഇതുവരെയും ഒരു അറസ്റ്റ് പോലും ഉണ്ടായിട്ടില്ലെന്നത് സര്‍ക്കാറിന് നേരെ ഉയരുന്ന പ്രധാന വിമര്‍ശനങ്ങളില്‍ ഒന്നാണ്.

ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഉള്‍പ്പെടെ ആറ് വനപാലകരാണ് മത്തായിയുടെ മരണത്തിന് ഉത്തരവാദികളെന്ന് തെളിവുകള്‍ സഹിതം വെളിപ്പെട്ടിട്ടും നടപടികള്‍ വൈകിപ്പിക്കുന്നതെന്താണെന്ന ചോദ്യമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇപ്പോഴുയരുന്നത്.

മത്തായിയുടെ ഭാര്യ ഷീബ

കാര്‍ഷികദിനത്തില്‍ കേരളകൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റുകളായി നിരവധിപേരാണ് മത്തായിക്ക് നീതി ലഭിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. കേരളത്തില്‍ ഒരു കര്‍ഷകദിനം കൂടി കടന്നുപോവുമ്പോഴും പത്തനംതിട്ടയിലെ ഒരു കര്‍ഷകന്റെ മൃതദേഹം മോര്‍ച്ചറിക്കുള്ളില്‍ ദിവസങ്ങളോളം കിടക്കുകയാണെന്നും നീതി ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ ഇതുവരെയും പ്രതികരിക്കാത്ത കൃഷിവകുപ്പ് മന്ത്രിക്കെതിരെയും കുടുംബത്തിന്റെ സൗകര്യം പോലെ മത്തായിയുടെ മൃതദേഹം സംസ്‌കാരം നടത്തണമെന്ന് പറഞ്ഞ വനംവകുപ്പ് മന്ത്രിക്കെതിരെയും ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

പ്രതികള്‍ മൊഴിമാറ്റാനുള്ള സാധ്യത തടഞ്ഞും തെളിവുകള്‍ കൂടുതല്‍ ശാസ്ത്രീയമാക്കിയ ശേഷവുമല്ലാതെ അറസ്റ്റിലേക്ക് നീങ്ങില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അന്വേഷണം സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് നാല് ദിവസം മുമ്പ് മാത്രമാണ് പൊലീസ് റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ വനപാലകരായ ആറ് പ്രതികളുടെയും പേര് റിപ്പോര്‍ട്ടില്‍ ചേര്‍ക്കാതിരിക്കുകയും അഞ്ച് പേരില്‍ താഴെയാണ് പ്രതികളെന്ന് സൂചന നല്‍കി ശിക്ഷാനിയമത്തിലെ വകുപ്പ് 34 ചേര്‍ക്കുകയും ചെയ്യുകയുമായിരുന്നു പൊലീസ്. കുറ്റകൃത്യത്തില്‍ അഞ്ചില്‍ താഴെ ആളുകളേ ഉള്ളൂവെന്ന വാദം ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആരോപണം ഉയരുന്നത്.

പൊലീസ് റിപ്പോര്‍ട്ടില്‍ പ്രതികളുടെ പേര് ചേര്‍ത്താല്‍ സര്‍വീസ് ചട്ടം അനുസരിച്ച് മുഴുവന്‍ പേരെയും സസ്‌പെന്‍ഡ് ചെയ്യേണ്ടി വരുമെന്നതിനാലാണ് റിപ്പോര്‍ട്ടില്‍ പേരുകള്‍ ഉള്‍പ്പെടുത്താത്തതെന്നും ആക്ഷേപമുണ്ട്. നിലവില്‍ സി.ബി.ഐ അന്വേഷണം തേടി മത്തായിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

മത്തായിയെ മരണപ്പട്ടനിലയില്‍ കണ്ടെത്തിയ കിണര്‍

ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍ വരെ സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെങ്കിലും വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഏക നടപടി രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും ഏഴ് പേര്‍ക്ക് സ്ഥലംമാറ്റവും നല്‍കി എന്നതുമാത്രമാണ്.

വനംമേഖലയില്‍ കൃഷി ചെയ്തു ജീവിക്കുന്ന കര്‍ഷകര്‍ക്ക് വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ദുരനുഭവങ്ങള്‍ കേരളത്തില്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന വിഷയമാണ്. വനപാലകര്‍ കൃഷിസ്ഥലം കയ്യേറി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും വന്യമൃഗവേട്ട നടത്തിയെന്നാരോപിച്ച് കര്‍ഷകരെ അക്രമിക്കുന്നതുമായി ബന്ധപ്പെട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കര്‍ഷകര്‍ ഉന്നയിച്ചുപോരുന്നത്. പ്രകൃതിക്ഷോഭവും, വന്യമൃഗശല്യവും കാരണം കൃഷി മുന്നോട്ട്‌കൊണ്ടുപോവാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള പീഡനങ്ങള്‍ കൂടി സഹിക്കേണ്ടിവരുന്നതെന്ന് കേരളത്തിലെ കുടിയേറ്റകര്‍ഷകര്‍ നിരന്തരമായി പരാതിപ്പെടുന്ന കാര്യവുമാണ്.

ഒരു കുടുംബത്തിന്റെ ഏക ആശ്രയമായ ഒരു കര്‍ഷകന്റെ മരണശേഷം ഉത്തരവാദികളുടെ അറസ്റ്റിനുവേണ്ടി ദിവസങ്ങളോളം ഒരു കുടുംബം നിരാഹാരമിരിക്കേണ്ടി വരുന്ന അവസ്ഥ കേരളത്തിന് അപമാനമാണെന്നാണ് ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.