| Saturday, 31st July 2021, 2:44 pm

പാലാ രൂപതയ്ക്ക് പിന്നാലെ പത്തനംതിട്ട രൂപതയും; കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പാലാ രൂപതയ്ക്ക് പുറമെ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും. സീറോ മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കുലര്‍ ഇറക്കിയത്.

2000ത്തിന് ശേഷം വിവാഹിതരായ കുടുംബങ്ങള്‍ക്കാണ് രൂപത സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാനായി ദമ്പതികളെ ഒരുക്കുന്നതിന് വേണ്ടിയാണ് പ്രോത്സാഹനം എന്നാണ് സാമുവേല്‍ മാര്‍ ഐറേനിയോസ് പറഞ്ഞത്.

നാലോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ രൂപതയില്‍ നിന്നും ലഭിക്കുമെന്നാണ് വാഗ്ദാനം. നാലാമത്തെ കുഞ്ഞിന്റെ ജനനം മുതല്‍ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ നല്‍കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഇത്തരം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഭാ സ്ഥാപനങ്ങളില്‍ ആവശ്യമെങ്കില്‍ ജോലിക്ക് മുന്‍ഗണന നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കുടുംബങ്ങളെ ആധ്യാത്മിക കാര്യങ്ങളില്‍ മുന്നോട്ട് നയിക്കാന്‍ ഒരു വൈദികനെയും കന്യാസ്ത്രീയെയും ചുമതലപ്പെടുത്തുമെന്നും രൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

നേരത്തെ പാലാ രൂപത സമാനമായ ആനുകൂല്യപ്രഖ്യാപനവുമായി രംഗത്തെത്തിയതും വലിയ വിവാദമായിരുന്നു.

2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നല്‍കുമെന്നാണ് പാലാ രൂപതയുടെ പ്രഖ്യാപിച്ചത്.

ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഒരു കുടുംബത്തില്‍ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ മാര്‍ സ്ലീവ മെഡിസിറ്റി പാല സൗജന്യമായി നല്‍കുമെന്നും പാലാ രൂപതയുടെ ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റില്‍ പറയുന്നു.

പാലാ രൂപതയുടെ കുടുംബ വര്‍ഷം 2021 ന്റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പോസ്റ്ററില്‍ പറയുന്നു.

പാലാ രൂപതയുടെ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് വീണ്ടും കത്തോലിക്ക സഭകളില്‍ നിന്നും ഇത്തരം നീക്കങ്ങളുണ്ടാകുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pathanamthitta Diocese announces assistance those who have more children

We use cookies to give you the best possible experience. Learn more