| Tuesday, 21st April 2020, 1:02 pm

19ാമത്തെ പരിശോധനാ ഫലവും പോസിറ്റീവ്; 42 ദിവസം ചികിത്സ തുടര്‍ന്നിട്ടും കൊവിഡ് ഭേദമാകാതെ പത്തനംതിട്ട സ്വദേശി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പത്തനംതിട്ട ആശുപത്രിയില്‍ ഒരു മാസത്തിലേറെയായി ചികിത്സ തുടര്‍ന്നിട്ടും സുഖപ്പെടാതെ കൊവിഡ് രോഗി. ഇവരുടെ പത്തൊന്‍പതാം പരിശോധനയും പോസിറ്റീവായി. കഴിഞ്ഞ 42 ദിവസമായി ഇവര്‍ ചികിത്സയില്‍ തുടരുകയാണ്.

ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്നാണ് ചെറുകുളഞ്ഞി സ്വദേശിയായ വീട്ടമ്മയ്ക്ക് രോഗം പകര്‍ന്നത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്.

ഇവര്‍ക്കൊപ്പം രോഗം ബാധിച്ച മകള്‍ രോഗം ഭേദമായി 4 ദിവസം മുന്‍പ് വീട്ടിലേക്കു മടങ്ങിയിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിനും ഇവരില്‍ നിന്നു പകര്‍ന്ന മറ്റെല്ലാവരും രോഗം ഭേദമായി വീട്ടില്‍ തിരിച്ചെത്തി.

ഇവര്‍ക്ക് മറ്റ് അസുഖങ്ങളൊന്നുമില്ല. മരുന്നിന്റെ പുതിയ ഡോസ് വീണ്ടും നല്‍കി ഇതിന്റെ ഫലം കൂടി വരാന്‍ കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍. ഇതിലും ഫലം നെഗറ്റീവായില്ലെങ്കില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാനാണ് ആലോചിക്കുന്നത്.

വീട്ടമ്മയുടെ പരിശോധന പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് പത്തനംതിട്ട ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. വീട്ടമ്മയ്ക്ക് രോഗം ഭേദമാകാത്തത് ആരോഗ്യപ്രവര്‍ത്തകരെയും ആശങ്കപ്പെടുത്തുന്നുണ്ട്.

രോഗിക്ക് ഇപ്പോള്‍ കാര്യമായ രോഗ ലക്ഷണങ്ങളില്ല. ഇവരില്‍ നിന്ന് രോഗം പകരാനും സാധ്യതയില്ല. ഇവരുടെ ചികില്‍സ സംബന്ധിച്ചു കഴിഞ്ഞ ദിവസം ജില്ലാ ആരോഗ്യ ബോര്‍ഡ് യോഗം ചേര്‍ന്നു വിശദമായ ചര്‍ച്ച നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more