| Thursday, 6th May 2021, 9:55 am

ഐ.സി.യു ബെഡ് കിട്ടിയില്ല: പത്തനംതിട്ടയില്‍ 38കാരനായ കൊവിഡ് ബാധിതന്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ ചികിത്സ ലഭിക്കാതിരുന്ന കൊവിഡ് ബാധിതന്‍ മരിച്ചു. കടമ്മനിട്ട സ്വദേശി എം.കെ ശശിധരന്റെ മകന്‍ ധനീഷ് കുമാര്‍ ആണ് മരിച്ചത്. 38 വയസായിരുന്നു.

ഓക്‌സിജന്‍ ലെവല്‍ താഴ്ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയെ സമീപിച്ചെങ്കിലും ഐ.സി.യു കിടക്കകള്‍ ഒഴിവില്ലെന്നാണ് പറഞ്ഞത്. പിന്നീട് കാറില്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

8 ദിവസം മുന്‍പാണ് ധനീഷിന് പനിയും ചുമയും കഫക്കെട്ടും തുടങ്ങിയത്. തുടര്‍ന്ന് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഓക്‌സിജന്റെ അളവ് കുറയുന്നുണ്ടെങ്കില്‍ മാത്രം ആശുപത്രിയില്‍ കിടത്തി ചികിത്സിച്ചാല്‍ മതിയെന്ന് പറഞ്ഞ് അധികൃതര്‍ വീട്ടിലേക്ക് മടക്കി.

തുടര്‍ന്ന് ഒരാഴ്ചയായി വീട്ടില്‍ കഴിയുകയായിരുന്നു ധനീഷ്. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ 4 മണിയോടെ ഓക്‌സിജന്‍ അളവ് 80 ന് താഴെയെത്തുകയും സ്ഥിതി വഷളാവുകയുമായിരുന്നു.

ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗം ഫിലിപ് അഞ്ചാനി ജില്ലാ കൊവിഡ് കണ്‍ട്രോള്‍ സെല്ലില്‍ അറിയിച്ചെങ്കിലും കൊവിഡ് ചികിത്സയുള്ള 2 സര്‍ക്കാര്‍ ആശുപത്രികളിലും ഐ.സി.യു കിടക്ക ഒഴിവില്ലെന്നും ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ഉടനെ എത്തിക്കാനുമാണ് അവര്‍ നിര്‍ദേശിച്ചത്.

എന്നാല്‍ അവിടെ അന്വേഷിച്ചപ്പോള്‍ അവിടെ ഐ.സി.യു ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഫിലിപ് പറഞ്ഞു. സ്ഥിതി വഷളാകുന്നതായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അറിയിച്ചപ്പോള്‍ വേഗം കൊണ്ടുവന്നാല്‍ ഓക്‌സിജന്‍ നല്‍കാമെന്ന് മറുപടി ലഭിച്ചു. തുടര്‍ന്ന് ആംബുലന്‍സ് വരാന്‍ താമസിക്കുമെന്നതിനാല്‍ വീട്ടുകാര്‍ കാറില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Pathanamthitta Covid Patient Death

We use cookies to give you the best possible experience. Learn more