| Thursday, 13th September 2018, 8:43 am

നിങ്ങള്‍ക്ക് പിന്നെ ഇവിടെ എന്തുവാടോ പണി; ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാത്ത വില്ലേജ് ഓഫീസറെ പറപ്പിച്ച് കളക്ടര്‍ - വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രളയം ബാധിച്ച വീടുകളിലുള്ളവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫീസറെ ശകാരിക്കുന്ന പത്തനം തിട്ട ജില്ലാ കലക്ടറായ പി.ബി നൂഹിന്റെ വീഡിയോ വൈറലാകുന്നു. ഭക്ഷണക്കിറ്റുകള്‍ വെള്ളം കേറിയ വീടുകളില്‍ കിട്ടിയിട്ടില്ലെന്നും അത് ചോദിക്കുമ്പോള്‍ ക്യാംപുകളിലുള്ളവര്‍ക്ക് മാത്രമേ ഉള്ളൂ എന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കലക്ടറുടെ ഇടപെടല്‍.

“കിറ്റു ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത്, മൊത്തം എത്രപേരുണ്ട്, ഇതുവരെ എത്രപേര്‍ക്ക് കൊടുത്തു. കൃത്യാമായ ഉത്തരം നല്‍കിയില്ലെങ്കില്‍ ആക്ഷന്‍ എടുക്കും” കലക്ടര്‍ ചോദിച്ചു. കിറ്റ് കിട്ടിയില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ മറുപടി. നിങ്ങള്‍ ഇത് ആരോടെങ്കിലും പറഞ്ഞോ എന്ന് കലക്ടര്‍ തിരിച്ച് ചോദിച്ചപ്പോള്‍ വില്ലേജ് ഓഫീസര്‍ക്ക് മറുപടിയില്ല.


Read Also : “വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ ഗൗരവതരം”; അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി


നിങ്ങള്‍ക്ക് പിന്നെ എന്തുവാടോ ഇവിടെ പണി, ക്ഷുഭിതനായി കലക്ടര്‍ ചോദിച്ചു. “ഈ വില്ലേജ് ഒഫീസിലെ മുഴുവന്‍ ആളുകളുടെയും കാര്യങ്ങള്‍ അന്വേഷിക്കലല്ലെ ജോലി. ഇതൊന്നും അറിയാതെ എന്താണ് നിങ്ങള്‍ രാവിലെ മുതല്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ആകെ 84 പേരല്ലേ ഉള്ളു. ഈ ജില്ലയിലുള്ള 45000 പേരുടെ കാര്യം ഞാന്‍ പറയാമല്ലോ”. നാട്ടുകാരുടെയും പൊലീസുകാരുടെയും മുന്നില്‍ നിര്‍ത്തിക്കൊണ്ട് കലക്ടര്‍ ചോദിച്ചു.

ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രളയ ബാധിതര്‍ക്കായി സ്തുത്യര്‍ഹമായ സേവനം നല്‍കിയ കേരളത്തിലെ വിവിധ ജില്ലകളിലെ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് പത്തനം തിട്ട ജില്ലാ കളക്ടറായ പിബി നൂഹ്. ദുരന്ത ബാധിതര്‍ക്ക് സഹായങ്ങളെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്ന കളക്ടര്‍ക്ക് വന്‍ ജനപിന്തുണയാണുണ്ടായിരുന്നു. ഇപ്പോള്‍ ന്ൂഹിന് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.

കഴിഞ്ഞ ജൂണിലാണ് പത്തനംതിട്ടയുടെ 34ാമത് കലക്ടറായി പി ബി നൂഹ് ചുമതലയേറ്റത്. എ.ഡി.എംന്റെ ചുമതലയുള്ള ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.ടി ഏബ്രഹാമില്‍ നിന്നാണ് ചുമതലയേറ്റത്. 2012 ഐ.എ.എസ് ബാച്ചില്‍പ്പെട്ട അദ്ദേഹം പത്തനംതിട്ട അസിസ്റ്റന്റ് കലക്‌റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഒറ്റപ്പാലം സബ് കലക്ടര്‍, അട്ടപ്പാടി സ്‌പെഷ്യല്‍ ഓഫീസര്‍, സാമൂഹ്യ നീതി ഡയറക്ടര്‍, വിമുക്തി പദ്ധതി സി.ഇ.ഒ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. സാമൂഹ്യ നീതി ഡയറക്ടറായിരിക്കെയാണ് കലക്ടറായി നിയമിയനായത്. മൂവാറ്റുപുഴ സ്വദേശിയാണ്.

ടൂറിസത്തിന് വലിയ സാധ്യതയുള്ള ജില്ലയില്‍ തീര്‍ത്ഥാടക ടൂറിസം ഉള്‍പ്പെടെയുള്ളവയുടെ വികസനത്തിന് മുന്‍ഗണന നല്‍കുമെന്നും പൊതുജനങ്ങളുടെ പരാതികള്‍ക്ക് എളുപ്പത്തില്‍ പരിഹാരം കാണുന്നതിന് താലൂക്ക് തല അദാലത്തുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അന്തര്‍ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും ജോലിയില്‍ പ്രവേശിച്ചു കൊണ്ട് കലക്ടര്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more