| Friday, 11th January 2019, 5:18 pm

പ്രളയകാലത്ത് മത്സ്യത്തൊഴിലാളികളുടെ സഹായം തേടാമെന്ന് നിര്‍ദേശിച്ചത് പത്തനംതിട്ട കലക്ടര്‍: പി എച്ച് കുര്യന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഒരു വലിയ ദുരന്തത്തിനു മുന്നില്‍ പതറിപ്പോകാതെ കേരളത്തെ കൈ പിടിച്ചുയര്‍ത്തിയത് മലയാളികള്‍ തന്നെയാണെന്ന് റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്‍. കേരള സാഹിത്യോല്‍സവത്തിന്റെ രണ്ടാം നാള്‍ പ്രളയാനന്തരം കേരളമെന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളും ജനങ്ങളും അറിയാത്ത ഒട്ടേറെ രക്ഷാപ്രവര്‍ത്തന മാര്‍ഗങ്ങള്‍ സ്വീകരിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെയും (NDRF)ആര്‍മി,നേവി , മറ്റ് അതോറിറ്റികളും അക്ഷീണം സജീവമായിട്ടും ദുഷ്‌കരമായിരുന്നു രക്ഷാപ്രവര്‍ത്തനം.

പത്തനംതിട്ട കളക്ടറാണ് മത്സ്യ തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കാം എന്ന ആശയം മുന്നോട്ട് വെച്ചത്. അത് തീര്‍ത്തും പ്രായോഗികമായി എന്നും പി എച്ച് കുര്യന്‍ പറഞ്ഞു.

സമൂഹ മാധ്യമങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആക്കം കൂട്ടി താനടക്കമുള്ള ഉദ്യോഗസ്ഥര്‍ ഒട്ടറെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ സജീവമായിരുന്നു. വിവിധ ഐ.ടി കമ്പനികള്‍ തങ്ങളുടെ ആശയ വിനിമയത്തിന് അവസരങ്ങള്‍ ഒരുക്കി നല്‍കിയെന്ന് ശിവശങ്കരന്‍ ഐ.എ.എസ് ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞു.

പ്രളയാനന്തരം കേരളം ഭയന്നത് പകര്‍ച്ചവ്യാധികളെ ആയിരുന്നുവെന്ന് ഡോ.വി വേണു ഐ.എ.എസ് പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ വരാനുള്ള സാധ്യതയെ തന്നെ തുടച്ചു നീക്കാന്‍ മലയാളികള്‍ക്ക് സാധിച്ചുവെന്നും ഡോ. വി വേണു പറഞ്ഞു.

വെള്ളമൊഴുകുന്ന വഴികളില്‍ ആണ് നമ്മള്‍ വീട് വെച്ചിരിക്കുന്നതെന്നും അതിനാല്‍ ഇനിയൊരു പ്രളയത്തിനു കൂടി സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more