പത്തനംതിട്ടയില്‍ കാനറാ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്; ജീവനക്കാരന്‍ ഒളിവില്‍
bank fraud
പത്തനംതിട്ടയില്‍ കാനറാ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്; ജീവനക്കാരന്‍ ഒളിവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th May 2021, 12:19 pm

പത്തനംതിട്ട: ജില്ലയിലെ കാനറാ ബാങ്ക് ശാഖയില്‍ ജീവനക്കാരന്റെ കോടികളുടെ തട്ടിപ്പ്. കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസാണ് വിവിധ ഇടപാടുകാരുടെ പണം തട്ടിയെടുത്ത് മുങ്ങിയത്.

14 മാസത്തിനിടെ ഏകദേശം 8.13 കോടി രൂപ ഇയാള്‍ വിവിധ അക്കൗണ്ടുകളില്‍നിന്ന് തട്ടിയെടുത്തതായാണ് കണ്ടെത്തല്‍.

വിവിധ സമയങ്ങളിലായി പണം നഷ്ടമായതിനെ തുടര്‍ന്നു ബാങ്ക് നടത്തിയ ഓഡിറ്റിലാണ് കോടികള്‍ നഷ്ടമായതായി കണ്ടെത്തിയത്. പണം പിന്‍വലിക്കാത്ത ദീര്‍ഘകാല നിക്ഷേപ അക്കൗണ്ടുകളില്‍ നിന്നാണ് വിജീഷ് വര്‍ഗീസ് പണം തട്ടിയെടുത്തത്.

ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകള്‍ ഇതിനായി ദുരുപയോഗം ചെയ്തു. സംഭവത്തില്‍ മാനേജര്‍ അടക്കം 5 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്തു. വിജീഷിനു വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കി.

പത്തനംതിട്ട നഗരത്തിലെ കാനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കാണ് കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്.

പത്ത് ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ ക്ലോസ് ചെയ്തതായി അന്ന് പരാതി ലഭിച്ചിരുന്നു. ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് ആയിരുന്നു ഇത്.

ഇക്കാര്യം ജീവനക്കാരന്‍ ബാങ്ക് മാനേജറെ അറിയിച്ചു. ഇതോടെ ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നല്‍കി. തുടര്‍ന്ന് ബാങ്കിന്റെ കരുതല്‍ അക്കൗണ്ടില്‍നിന്നുള്ള പണം തിരികെ നല്‍കി പരാതി പരിഹരിക്കുകയും ചെയ്തു.

തുടര്‍ന്ന് ബാങ്ക് നടത്തിയ ഒരുമാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.

അതിനിടെ, ഫെബ്രുവരി 11 മുതല്‍ കാണാതായ വിജീഷ് വര്‍ഗീസിനെക്കുറിച്ച് ഇതേവരെ പൊലീസിന് വിവരം ലഭിച്ചിട്ടില്ല. ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പമാണ് ഇയാള്‍ മുങ്ങിയിരിക്കുന്നത്.

വിജീഷിന്റെയും ഭാര്യയുടെയും മൊബൈല്‍ ഫോണുകളും ഫെബ്രുവരി 11 മുതല്‍ സ്വിച്ച് ഓഫാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pathanamthitta Canara Bank Fraud Case