| Tuesday, 28th April 2020, 10:02 am

പത്തനംതിട്ട ജില്ലാ അതിര്‍ത്തി അടച്ചു; ഊടുവഴികളും ഇടറോഡുകളും കണ്ടെത്തി സീല്‍ ചെയ്യാനും കളക്ടര്‍ പി.ബി നൂഹിന്റെ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കോട്ടയത്തും ഇടുക്കിയിലും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി പത്തനംതിട്ട ജില്ലാ ഭരണകൂടം.

പത്തനംതിട്ടയിലേക്ക് പ്രവേശിക്കുന്ന ജില്ലാ അതിര്‍ത്തികള്‍ അടക്കാന്‍ കളക്ടര്‍ പി.ബി നൂഹ് നിര്‍ദ്ദേശിച്ചു. ഊടുവഴികളും ഇടറോഡുകളും പോലും കണ്ടെത്തി പൂര്‍ണ്ണമായും സീല്‍ചെയ്യാനാണ് നിര്‍ദ്ദേശം. ജില്ല വിട്ടുള്ള യാത്രകള്‍ പ്രത്യേക സാഹചര്യത്തില്‍ അല്ലാതെ അനുവദിക്കില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം തുടങ്ങിയത് തന്നെ പത്തനംതിട്ട ജില്ലയില്‍ നിന്നായിരുന്നു. തുടര്‍ന്ന് ശക്തമായ പ്രതിരോധ സംവിധാനങ്ങളായിരുന്നു ജില്ലയില്‍ ഒരുക്കിയത്. രോഗികളുടെ എണ്ണത്തിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും മുന്നിലുണ്ടായിരുന്ന പത്തനംതിട്ടയില്‍ എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഈ സാഹചര്യത്തില്‍ കൂടിയാണ് സമീപ ജില്ലകളില്‍ നിന്നുള്ള രോഗ വ്യപന സാധ്യത കൂടി മുന്നില്‍ കണ്ട് ജില്ലാ ഭരണകൂടം പ്രതിരോധം ശക്തമാക്കുന്നത്.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും കൊവിഡ് പോസിറ്റീവ് ആകുന്നതിനെ കുറിച്ച് പഠിക്കാന്‍ പത്തനംതിട്ടയില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പത്തനംതിട്ടയില്‍ രോഗലക്ഷണമൊന്നും ഇല്ലാത്ത പതിനെട്ടു വയസുള്ള പെണ്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more