പത്തനംതിട്ട: തെരുവു നായുടെ ആക്രമണത്തില്‍ പരിക്കേറ്റ് പ്രതിരോധ കുത്തിവെപ്പെടുത്തിട്ടും പേവിഷബാധയേറ്റ് മരണപ്പെട്ട അഭിരാമിയുടെ (12) കുടുംബം ആരോഗ്യവകുപ്പിനെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
അഭിരാമിക്ക് ചികിത്സ തേടിയപ്പോള്‍ വീഴച വരുത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. കടിയേറ്റ അഭിരാമിക്ക് ചികിത്സ തേടിയെത്തിയപ്പോള്‍ വീഴ്ചവരുത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ഡോക്ടറും ജീവനക്കാരും ആംബുലന്‍സ് ഡ്രൈവറും ഇല്ലായിരുന്നെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ അടക്കമുള്ളവരുടെ അനാസ്ഥ മൂലം മൂന്ന് മണിക്കൂര്‍ വൈകിയാണ് അഭിരാമിക്ക് പ്രഥമ ശുശ്രൂഷ ലഭിച്ചത്.
മുറിവ് വൃത്തിയാക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. സോപ്പ് വാങ്ങിക്കാന്‍ മാതാപിതാക്കളെ ആശുപത്രിക്ക് പുറത്തേക്ക് വിട്ടു. തങ്ങളാണ് മുറിവ് കഴുകിയതെന്നും മാതാപിതാക്കളായ രജനി, ഹരീഷ് എന്നിവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. രജനിയുടെ പിതാവ് ളാഹ ശശിയും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ മാസം 14 നാണ് അഭിരാമിക്ക് തെരുവു നായയുടെ കടിയേറ്റത്. പ്രതിരോധ വാക്സിന്‍ എടുത്തിട്ടും അഭിരാമി മരണപ്പെടുകയായിരുന്നു. പാല്‍ വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്. കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അവിടെ നിന്നാണ് ആദ്യത്തെ വാക്സിന്‍ എടുക്കുന്നത്. തുടര്‍ന്നുള്ള രണ്ട് വാക്സിന്‍ പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് സ്വീകരിച്ചത്. നാലാമത്തെ വാക്സിന്‍ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മൈലപ്ര സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു അഭിരാമി.
Content Highlight: Pathanamthitta Abhirami’s family Complaint against Health department