ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ ജനുവരി 25ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നാല് വര്‍ഷത്തിന് ശേഷമുള്ള കിങ് ഖാന്റെ തിരിച്ചുവരവ് ആഘോഷപൂര്‍വമാണ് ആരാധകരും പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തിനെതിരെ ഉയരുന്ന ഭീഷണിക്കെതിരെ പോരാടുന്ന പത്താന്‍ എന്ന സ്‌പൈ ആയാണ് ചിത്രത്തില്‍ ഷാരൂഖ് എത്തുന്നത്. ബോളിവുഡ് ആക്ഷന്‍ സ്പൈ എന്ന നിലയില്‍ മികച്ച അനുഭവമാകുമ്പോഴും ഫൈറ്റ് സീക്വന്‍സുകളില്‍ ചില ലോജിക്കില്ലായ്മകള്‍ കടന്നുവരന്നുണ്ട്.
Spoiler Alert
ജിം എന്ന വില്ലനായാണ് ജോണ്‍ എബ്രഹാം ചിത്രത്തിലെത്തിയിരിക്കുന്നത്. ജിമ്മിന്റെ ചില ഫൈറ്റ് രംഗങ്ങളില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് പ്രേക്ഷകര്‍ക്ക് തോന്നാം. അടുത്തിടെ പറന്നുയരുന്ന ഹെലികോപ്ടര്‍ പിടിച്ച് താഴ്ത്തുന്നതും ബൈക്കിനെ ഡ്രൈവറോടെ കൂടി ഉയര്‍ത്തുന്നതും ഒരു ഹോബിയാക്കിയിരിക്കുന്ന ജോണ്‍ എബ്രഹാം പത്താനില്‍ രണ്ട് ഹെലികോപ്റ്റര്‍ വലിച്ചുകൊണ്ട് പോകുന്നുണ്ട്. അതും ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ മുകളിലൂടെ.
ഇരുമ്പ് വടം ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ച് പറത്തുന്ന ഹെലികോപ്ടറുകളെ വടത്തില്‍ പിടിച്ച് മുന്നോട്ട് തള്ളി ട്രക്കിലെ കമ്പിയില്‍ കൊരുത്തിടുകയാണ് ജോണ്‍ എബ്രഹാം. ഒരു സാധാരണ മനുഷ്യനായ വില്ലന്‍ ഈ രംഗങ്ങളില്‍ അമാനുഷികനായി മാറുകയാണ്. ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും ആ ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവര്‍ എന്തുകൊണ്ട് അത് നിര്‍ത്തിയില്ല എന്നത് മറ്റൊരു ചോദ്യം.
ദുബായ് പോലെയൊരു നഗരമധ്യത്തില്‍ ഇത്രയും വലിയ സംഭവം നടന്നിട്ടും അവിടുത്തെ നിയമസംവിധാനങ്ങളുടെ ഇടപെടലും കാണാനാവില്ല. ദുബായ് പോലൊരു സ്ഥലത്തെ നഗരമധ്യത്തില്‍ പട്ടാപകല്‍ ഒരു കാര്‍ ഇടിച്ചു മറിച്ച് വലിയ മാസ്‌ക് അണിഞ്ഞ് ആയുധങ്ങളുമായി വില്ലന്‍ നടന്നുവരുമ്പോള്‍ അവിടെ ഒറ്റ മനുഷ്യന്‍ പോലുമില്ലാത്തതും മറ്റൊരു ലോജിക്കില്ലായ്മയായി.
സിനിമയില്‍ ലോജിക്ക് നോക്കിയിട്ട് കാര്യമില്ല എന്ന് ന്യായീകരിക്കാമെങ്കിലും അതിനും ഒരു പരിധിയുണ്ട്. മാത്രവുമല്ല സിനിമക്കുള്ളിലെ ലോജിക്ക് പ്രേക്ഷകന്‍ നോക്കുമല്ലോ. ഉദാഹരണത്തിന് സി.ഐ.ഡി മൂസയില്‍ ഫ്‌ളാറ്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നും ഹരിശ്രീ അശോകന്‍ ഒന്നും സംഭവിക്കാതെ താഴെ വീഴുന്നതും ഉന്തുവണ്ടിയുടെ ഒരു വശത്ത് നില്‍ക്കുന്ന കൊച്ചിന്‍ ഹനീഫ മറുശത്ത് ചാക്ക് വീഴുമ്പോള്‍ മേലേക്ക് പറക്കുന്നതും പ്രേക്ഷകര്‍ക്ക് അരോചകമാവില്ല. അത്രേയുള്ളൂ ആ ചിത്രത്തിലെ ലോജിക്ക്. സിനിമ പ്രേക്ഷകനോട് സംവദിക്കുന്ന ടോണ്‍ അതാണ്.
എന്നാല്‍ അടുത്തിടെ ഇറങ്ങിയ കോമഡി ചിത്രമായ ജാന്‍ എ മന്നില്‍ അങ്ങനെയൊരു രംഗം വന്നാല്‍ പ്രേക്ഷകര്‍ അത് അംഗീകരിക്കില്ല. കാരണം നിത്യജീവിതത്തോട് ഒരുപാട് അടുത്തിരിക്കുന്നതുകൊണ്ട് പത്താം നിലയില്‍ നിന്നും ഒന്നും പറ്റാതെ താഴെ വീഴുന്ന ലോജിക്ക് ജാന്‍ എ മനില്‍ വര്‍ക്കാവില്ല. ഫൈറ്റ് രംഗങ്ങളില്‍ സിനിമക്കുള്ളിലെ ലോജിക്കിനോടെങ്കിലും പത്താന് നീതി പുലര്‍ത്താമായിരുന്നു.
ഫൈറ്റ് സീനുകളിലെ ഇത്തരം ചില പ്രശ്നങ്ങള്‍ ഒഴിവാക്കിയാല്‍ ചിത്രത്തില്‍ മികച്ച പ്രകടനമാണ് ജോണ്‍ എബ്രഹാം നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രമാണ് ജിം. വളരെ വ്യക്തമായ കഥാപാത്രസൃഷ്ടിയാണ് ജിമ്മിന്റേത്. നായകനേക്കാള്‍ വില്ലനാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. കഥാപാത്രത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന ഡയലോഗുകളാണ് ജോണ്‍ എബ്രഹാമിന് നല്‍കിയിരിക്കുന്നതും.
പത്താനിലെ ഫൈറ്റ് സീക്വന്‍സുകളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണെന്ന് കമന്റില്‍ പറയൂ.
content highlight: pathan movie illogical fights