|

ആമീര്‍ ഖാനും റോക്കി ഭായിയും വിചാരിച്ചിട്ട് നടന്നില്ല; ബാഹുബലി 2 എന്ന ബാലികേറാ മലയും താണ്ടി പത്താന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും ബോക്‌സ് ഓഫീസ് തേരോട്ടം തുടരുകയാണ് ഷാരൂഖ് ചിത്രം പത്താന്‍. പല ബോളിവുഡ് ചിത്രങ്ങളും തിയേറ്ററില്‍ രണ്ടാഴ്ച തികക്കാന്‍ കഷ്ടപ്പെടുമ്പോഴാണ് പുതിയ റിലീസുകളേയും നിഷ്പ്രഭമാക്കി കിങ് ഖാന്‍ ചിത്രം കളക്ഷന്‍ കൊയ്യുന്നത്. പുതിയൊരു റെക്കോഡ് കൂടി മറികടന്നിരിക്കുകയാണ് പത്താന്‍. ആറ് വര്‍ഷത്തോളമായി ഇളകാതിരുന്ന ബാഹുബലി 2വിന്റെ റെക്കോഡാണ് പത്താന്‍ ബ്രേക്ക് ചെയ്തിരിക്കുന്നത്. ഏറ്റവുമധികം കളക്ഷന്‍ നേടിയ ഹിന്ദി ചിത്രമെന്ന റെക്കോഡാണ് ബാഹുബലി 2 ഡബ്ബ്ഡ് വേര്‍ഷന്‍ സ്വന്തമാക്കി വെച്ചിരുന്നത്. 510 കോടിയായിരുന്നു ബാഹുബലിയുടെ ഹിന്ദി വേര്‍ഷന്‍ കളക്ട് ചെയ്തിരുന്നത്.

ആമീര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദക്കോ യഷിന്റെ കെ.ജി.എഫ് ചാപ്റ്റര്‍ 2വിനോ ഈ റെക്കോഡ് മറികടക്കാനായിരുന്നില്ല. 528 കോടി നേടിയതോടെ പത്താന്‍ ഈ റെക്കോഡ് മറികടന്നു. മൂവി ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ആഗോള തലത്തില്‍ ഇതിനോടകം തന്നെ പത്താന്‍ 1000 കോടി പിന്നിട്ടിരുന്നു.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താന്‍ ജനുവരി 25നാണ് റിലീസ് ചെയ്തത്. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാമാണ് വില്ലനായെത്തിയത്.

ശ്രീധര്‍ രാഘവനും അബ്ബാസ് തൈരേവാലയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത്. സിദ്ധാര്‍ത്ഥ് ആനന്ദിന്റേതാണ് കഥ. സത്ജിത് പൗലോസ് ക്യാമറയും ആരിഫ് ഷെയ്ഖ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയത് വിശാല്‍-ശേഖര്‍ ടീമാണ്.

Content Highlight: pathaan has broken Baahubali 2’s record