| Saturday, 5th February 2022, 7:27 pm

ആരാണ് പരോളിലിറങ്ങി മുങ്ങിയ സോളമന്‍? ; ത്രില്ലടിപ്പിച്ച് പത്താം വളവ് ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ് വെഞ്ഞാറമൂട് ഇന്ദ്രജിത് എന്നിവരെ കേന്ദ്രഥാപാത്രമാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവിന്റെ ടീസര്‍ പുറത്തുവിട്ടു. സരിഗമ മലയാളത്തിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.

‘ബേസ്ഡ് ഓണ്‍ സം ട്രൂ ഇന്‍സിഡന്റ്‌സ്’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരള മനസാക്ഷിയെ ഞെട്ടിച്ച യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

സുരാജിന് ഏറെ അഭിനയപ്രാധാന്യം നല്‍കുന്ന ചിത്രമാണ് പത്താം വളവ് എന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. ഇന്ദ്രജിത്തിനും തുല്യപ്രാധാന്യമാണ് ചിത്രം നല്‍കുന്നത്.

അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ. അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. യു.ജി.എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ബോളിവുഡ് നിര്‍മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്.

ചിത്രത്തിന്റ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. ജോസഫിനു ശേഷം രഞ്ജിന്‍ രാജ് വീണ്ടും പത്മകുമാര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.

ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ആയി ഒരുക്കുന്ന ചിത്രത്തില്‍ അജ്മല്‍ അമീര്‍ അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവര്‍ അഭിനയിക്കുന്നു. നടി മുക്തയുടെ മകള്‍ കണ്മണിയും ബാലതാരമായി എത്തുന്നുണ്ട്.

എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈന്‍ നോബിള്‍ ജേക്കബ് , കോസ്റ്റ്യൂം ഡിസൈനര്‍ ഐഷ ഷഫീര്‍, ആര്‍ട്ട് രാജീവ് കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ, പി.ആര്‍.ഒ ആതിര ദില്‍ജിത്, വാഴൂര്‍ ജോസ്.

Content highlight: Patham Valavu Teaser released

We use cookies to give you the best possible experience. Learn more