| Wednesday, 1st February 2023, 10:55 am

ബോക്‌സ് ഓഫീസ് കിങ്; കെ.ജി.എഫിന്റെയും ബാഹുബലിയുടെയും റെക്കോഡുകള്‍ കടപുഴക്കി പത്താന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ഒരു ബോളിവുഡ് ചിത്രത്തിന്റെ താണ്ഡവത്തിനാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കുന്നത്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ 591 കോടിയാണ് കിങ് ഖാന്‍ ചിത്രം നേടിയിരിക്കുന്നത്.

ബോക്‌സ് ഓഫീസ് പടയോട്ടത്തിനിടക്ക് നിരവധി വമ്പന്‍ ചിത്രങ്ങളുടെ റെക്കോഡാണ് പത്താന്‍ മറികടന്നത്. ഏറ്റവും വേഗത്തില്‍ 300 കോടി ക്ലബ്ബില്‍ ഇടംനേടിയ ഇന്ത്യന്‍ ചിത്രമെന്ന റെക്കോഡാണ് പത്താന്‍ കൈവശമാക്കിയിരിക്കുന്നത്.

കെ.ജി.എഫ് ചാപ്റ്റര്‍ ടുവിന്റെയും ബാഹുബലി ടുവിന്റെയും ദംഗലിന്റെയും റെക്കോഡാണ് പത്താന്‍ മറികടന്നത്. ദംഗല്‍ 13 ദിവസം കൊണ്ടും ബാഹുബലി ടു ഹിന്ദി വേര്‍ഷന്‍ പത്ത് ദിവസം കൊണ്ടും കെ.ജി.എഫ് ടു ഹിന്ദി വേര്‍ഷന്‍ 11 ദിവസം കൊണ്ടുമാണ് 300 കോടി ക്ലബ്ബില്‍ എത്തിയത്.

ഇന്ത്യക്ക് പുറത്തേക്കും വമ്പന്‍ സ്വീകരണമാണ് പത്താന് ലഭിക്കുന്നത്. മലേഷ്യയിലെ തിയേറ്ററില്‍ പത്താനിലെ ഗാനത്തിനൊപ്പം ചുവട് വെക്കുന്ന പ്രേക്ഷകരുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

ഷാരൂഖ്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്ത സക്‌സസ് മീറ്റും നടന്നിരുന്നു. അമര്‍, അക്ബര്‍, ആന്റണി ആണ് തങ്ങള്‍ മൂന്ന് പേരുമെന്നാണ് ഷാരൂഖ് സക്‌സസ് മീറ്റില്‍ വെച്ച് പറഞ്ഞത്. സിനിമ നിര്‍മിക്കുന്നത് സ്നേഹം, സന്തോഷം, സഹോദര്യം എന്നിവ വ്യാപിപ്പിക്കാനാണെന്നും അല്ലാതെ ആരുടെയും വികാരം വ്രണപ്പെടുത്താന്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ തങ്ങള്‍ വെറും കഥാപാത്രങ്ങളായാണ് അഭിനയിക്കുന്നതെന്നും ഷാരൂഖ് പറഞ്ഞു.

ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു, അതുകൊണ്ടാണ് സിനിമകള്‍ നിര്‍മിക്കുന്നത്. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങള്‍ ഞങ്ങളെയും സ്നേഹിക്കണം. സിനിമകള്‍ നിര്‍മിക്കുന്നത് സ്നേഹം, സന്തോഷം, സാഹോദര്യം, ദയ എന്നിവ വ്യാപിപ്പിക്കാനാണ്. ജോണ്‍ ഈ സിനിമയില്‍ ഒരു നെഗറ്റീവ് കഥാപാത്രമായാണ് അഭിനയിക്കുന്നത്. ഞാനും ജോണും മോശമായി അഭിനയിക്കുന്നുണ്ടെങ്കില്‍ അത് സിനിമയില്‍ മാത്രമാണ്. ഞങ്ങള്‍ വെറും കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

സിനിമ നിര്‍മിക്കുന്നത് ആരുടെയും വികാരം വ്രണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല. സിനിമയില്‍ എന്തെങ്കിലും കാണിക്കുകയോ പറയുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ഗൗരവതരമായി എടുക്കരുത്. ഇതെല്ലാം വെറും വിനോദമാണ്, ഷാരൂഖ് ഖാന്‍ പറഞ്ഞു.

Content Highlight: pathaan surpasses the record of kgf 2 and bahubali 2

Latest Stories

We use cookies to give you the best possible experience. Learn more