ജനുവരി 25ന് റിലീസിനൊരുങ്ങുന്ന ഷാരൂഖ് ഖാന്‍ ചിത്രം പത്താന്റെ പുതിയ ട്രെയ്‌ലറുമായി യഷ് രാജ് ഫിലിംസ്. ചിത്രത്തിന്റെ കഥാപശ്ചാത്തലം വ്യക്തമാക്കുന്ന ട്രെയ്‌ലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പണത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ‘ഔട്ട്ഫിറ്റ് എക്‌സ്’ എന്ന സ്വകാര്യ തീവ്രവാദ സംഘടന, ഇന്ത്യയെ ആക്രമിക്കാനുള്ള പദ്ധതിയുമായി വരുന്നതും അത് തടയാനായി പത്താന്‍ എന്ന സീക്രട്ട് ഏജന്റ് എത്തുന്നതുമാണ് കഥാപശ്ചാത്തലമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍.
പട്ടാളക്കാരന്റെ രാജ്യസ്‌നേഹം എന്ന പ്രമേയത്തിലൂന്നിയായിരിക്കും ചിത്രം മുന്നോട്ടുപോകുന്നത്. രാജ്യത്തോടുള്ള പൗരന്റെ കടമ ഓര്‍മിപ്പിക്കുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ വാക്കുകളുടെ അഡാപ്‌റ്റേഷനുമായെത്തുന്ന ഡയലോഗും ചിത്രത്തിലുണ്ട്. ‘രാജ്യം അവന് വേണ്ടി എന്ത് ചെയ്തുവെന്നല്ല, രാജ്യത്തിന് വേണ്ടി തനിക്ക് എന്ത് ചെയ്യാനാകുമെന്നാണ് പട്ടാളക്കാരന്‍ ആലോചിക്കുന്നത്,’ എന്നാണ് ട്രെയ്‌ലറില്‍ പത്താന്‍ പറയുന്നത്.
ചിത്രത്തില്‍ ജോണ്‍ എബ്രഹാം, ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവരുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് തന്നെയായിരിക്കും പ്രാധാന്യം. പത്താനായുള്ള ഷാരൂഖിന്റെ മാസ് ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു രണ്ട് മാസം മുമ്പ് ചിത്രത്തിന്റെ ടീസര്‍ വന്നിരുന്നത്.
നേരത്തെ ‘ബേഷരം രംഗ്’ എന്ന ഗാനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വലിയ വിദ്വേഷ ആക്രമണവുമായി പത്താനെതിരെ രംഗത്തുവന്നിരുന്നു. ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ കാവി ബിക്കിനി ധരിച്ച് അഭിനയിച്ചതായിരുന്നു വിവിധ വലതുപക്ഷ- ഹിന്ദുത്വ പ്രൊഫൈലുകള്‍ വിവാദമാക്കിയത്. പാട്ടില്‍ കാവി ബിക്കിനി ധരിച്ച യുവതിയെ വശീകരിക്കാന്‍ ഷാരൂഖ് ഖാന്റെ കഥാപാത്രം ശ്രമിക്കുന്നു എന്നായിരുന്നു സംഘപരിവാര്‍ പ്രൊഫൈലുകള്‍ ആരോപിച്ചത്.
ഇതേത്തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ബജ്‌റംഗ്ദളിന്റേതടക്കമുള്ള വിവിധ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ സിനിമയുടെ ഫ്‌ളക്‌സ് തല്ലിത്തകര്‍ക്കുകയും കട്ടൗട്ടുകളും പോസ്റ്ററുകളും നശിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, റിലീസിന് മുന്നോടിയായി പത്താന് വമ്പിച്ച പ്രീ-റിലീസ് ബുക്കിങ്ങാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പലയിടത്തും ബുക്കിങ് ഹൗസ്ഫുള്ളാണ്.
സംഘപരിവാര്‍ വിവാദമാക്കിയ ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ചക്കാരെ നേടുന്ന ഇന്ത്യയിലെ വീഡിയോ ഗാനമെന്ന റെക്കോഡും ഇതിനിടെ സ്വന്തമാക്കിയിരുന്നു. പുതിയ ട്രെയ്‌ലറും ഒരു മണിക്കൂറിനുള്ളില്‍ രണ്ട് മില്യണിലേറെ വ്യൂ നേടിക്കഴിഞ്ഞു.
പത്താന്റെ ഒ.ടി.ടി റൈറ്റ്‌സ് 100 കോടിക്ക് ആമസോണ്‍ പ്രൈം സ്വന്തമാക്കിയിരുന്നു. 250 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ചിത്രം ഒ.ടി.ടിയില്‍ മാര്‍ച്ച് അവസാന വാരമോ ഏപ്രില്‍ ആദ്യമോ എത്തും.
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന് ശ്രീധര്‍ രാഘവനും അബ്ബാസ് തൈരേവാലയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദിന്റേതാണ് കഥ. സത്ജിത് പൗലോസ് ക്യാമറയും ആരിഫ് ഷെയ്ഖ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് വിശാല്‍-ശേഖര്‍ ടീമാണ്.
Content Highlight: Sharukh Khan-Deepika Padukone starring Pathaan movie new trailer out