ഷാരൂഖ് ഖാന്റെ കംപ്ലീറ്റ് സ്വാഗ്, വില്ലനടക്കം ഓരോ കഥാപാത്രങ്ങള്‍ക്കും പ്ലോട്ടില്‍ വ്യക്തമായ സ്ഥാനം, മാസ് ആക്ഷന്‍ മൂവി എന്ന ഴോണറിനോട് നീതി പുലര്‍ത്തുന്ന കഥപറച്ചില്‍ രീതി, ആസ്വാദനത്തെ ത്രില്ലിങ്ങായി മുന്നോട്ടുനീക്കുന്ന ട്വിസ്റ്റുകള്‍, ബോളിവുഡിലെ ഏറ്റവും ഗംഭീരമായ കാമിയോകളിലൊന്ന്… അങ്ങനെ തിയേറ്ററുകളില്‍ ആവേശം പടര്‍ത്താനുള്ളതെല്ലാമായിട്ടാണ് പത്താന്‍ എത്തുന്നത്.
തിയേറ്ററുകളിലേക്കുള്ള തന്റെ മടങ്ങിവരവ് അത്യുജ്ജ്വലമാക്കിയ ഷാരൂഖ് ഖാന്‍ തന്നെയാണ് പത്താന്റെ ഹൈലെറ്റ്. തന്റെ സിക്‌സ് പാക്ക് ബോഡിയടക്കം ആക്ഷന്‍ ഹീറോയായി ഷാരൂഖ് ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ഓരോ പഞ്ച് ഡയലോഗിനും ആരാധകര്‍ സന്തോഷത്തോടെ കയ്യടിക്കുന്നു. അതിനൊപ്പം ആവശ്യമായ അളവില്‍ ഇമോഷണല്‍ സീനുകളും നുറുങ്ങു തമാശകളും എത്തുന്നതോടെ ബാദ്ഷാ ഈസ് ബാക്ക് എന്ന് ആര്‍ക്കും ഉറക്കെ വിളിച്ച് പറയാന്‍ തോന്നും.
പത്താന്റെ പ്ലോട്ട് ഇന്ത്യയിലെയും വിദേശത്തെയും സാധാരണ മാസ് ആക്ഷന്‍ സ്പൈ സിനിമകളിലേത് പോലെ തന്നെയാണ്. ഒരു ഒറ്റയാനായ വില്ലന്‍, രാജ്യത്തെ മുഴുവന്‍ നശിപ്പിക്കാന്‍ ഒരുങ്ങുന്ന അയാളും മറ്റ് ചിലരും, എല്ലാവരെയും രക്ഷിക്കാനെത്തുന്ന സ്പൈയായ നായകന്‍, നായിക, നായകന്റെ മധ്യവയസ്‌കയായ ഒരു മേലുദ്യോഗസ്ഥ, രാജ്യം മുഴുവന്‍ തകര്‍ക്കുന്ന ബോംബോ മറ്റെന്തെങ്കിലുമോ, അവസാനം വരെ നീളുന്ന ആകാംക്ഷ-ഈ സ്ഥിരം ചേരുവകളെ, ഒട്ടുമുക്കാല്‍ ഭാഗങ്ങളിലും വളരെ എന്‍ഗേജിങ്ങായി അവതരിപ്പിക്കുന്നിടത്താണ് പത്താന്‍ വിജയമാകുന്നത്.
പത്താന്റെ പ്ലോട്ടിലെ അടിസ്ഥാന ആശയങ്ങള്‍ ദേശസ്നേഹവും അന്ധമായ പ്രതികാരവുമാണ്. പത്താനും ഒപ്പമുള്ളവരും ദേശസ്നേഹത്തിന്റെ ആള്‍രൂപമാകുമ്പോള്‍ അപ്പുറത്തുള്ളവരെ നയിക്കുന്നത് പ്രതികാരബോധമാണ്.
അതിക്രൂരനായ പാക് ജനറലില്‍ നിന്നും കശ്മീര്‍ സ്വന്തമാക്കാനുള്ള പാകിസ്ഥാന്റെ ആഗ്രഹത്തില്‍ നിന്നുമാണ് സ്റ്റീരിയോടിപ്പിക്കലായ രീതിയില്‍ കഥ തുടങ്ങുന്നതെങ്കിലും, പിന്നീട് പാകിസ്ഥാന്‍ വിരോധം ആളിക്കത്തിക്കുന്ന വിധമല്ല പ്ലോട്ട് നീങ്ങുന്നത്. ചില വ്യക്തികളുടെ പ്രശ്നമായാണ് ഇതിനെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. മാത്രമല്ല, ഇന്ത്യന്‍ അധികാരികളോട് പ്രതികാരം തീര്‍ക്കാനിറങ്ങുന്ന ഇന്ത്യയുടെ മുന്‍ പട്ടാളക്കാരന്‍ തന്നെയാണ് വില്ലനായി എത്തുന്നത്. ചിത്രത്തിലെ അഫ്ഗാനിസ്ഥാനിലെ ഒരു ഗ്രാമവുമായി ബന്ധപ്പെട്ട രംഗങ്ങളും പുതുമയോടെയാണ് എത്തുന്നത്.
പത്താനെ മികച്ചതാക്കുന്നുവെന്ന് തോന്നിയ ചില ഘടകങ്ങളെ കുറിച്ച് പറയാം. പത്താന്‍ എന്ന കേന്ദ്ര കഥാപാത്രത്തിന് ചുറ്റുമാണ് സിനിമ കറങ്ങുന്നതെങ്കിലും സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ അവഗണിക്കപ്പെടുന്നില്ല.
ജോണ്‍ എബ്രഹാമിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ് പത്താനിലെ ജിം. വളരെ വ്യക്തമായ കഥാപാത്രസൃഷ്ടിയാണ് ജിമ്മിന്റേത്. നായകനേക്കാള്‍ വില്ലനാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. കഥാപാത്രത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന ഡയലോഗുകളാണ് ജോണ്‍ എബ്രഹാമിന് നല്‍കിയിരിക്കുന്നതും.
ദീപിക പദുക്കോണിന്റെ റുബീനയും പത്താന്റെ സ്വാഗിനും ആക്ഷനും മാസിനുമൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ്. വെറുതെ ഒരു ലവ് ഇന്‍ട്രസ്റ്റിനോ പാട്ടിനോ വേണ്ടിയല്ല, കഥയില്‍ നിര്‍ണായക സ്ഥാനം തന്നെയാണ് റുബീനക്കുള്ളത്. ആക്ഷന്‍ രംഗങ്ങളടക്കം തന്റെ ഓരോ സീനുകളെയും മികച്ച രീതിയിലാണ് ദീപിക അവതരിപ്പിച്ചിരിക്കുന്നത്.
ഡിംപിള്‍ കപാഡിയയുടെ മേലുദ്യോഗസ്ഥ വേഷത്തിനും ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. സിനിമയിലെ ഏറ്റവും പാട്രിയോട്ടിക്കും ഇമോഷണലുമായ സീനുകളെ നയിക്കുന്നത് ഈ കഥാപാത്രമാണ്. പത്താനില്‍ ഒരൊറ്റ ഡയലോഗ് മാത്രം പറഞ്ഞെത്തുന്ന അഫ്ഗാന്‍ മുത്തശ്ശിക്ക് പോലും മനസില്‍ നില്‍ക്കുന്ന സ്ഥാനമുണ്ട്.
പണത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പ് വിവിധ രാജ്യങ്ങളില്‍ മറ്റ് പല തീവ്രവാദി സംഘടനകള്‍ക്ക് വേണ്ടി ആക്രമണം നടത്തുന്നു എന്ന കാര്യം ചിത്രത്തില്‍ പറയുന്നുണ്ട്. അത് അല്‍പം പുതുമ തോന്നിയ പോയിന്റായിരുന്നു. തീവ്രവാദികളെന്ന് പറഞ്ഞ് കാണിക്കുന്ന സ്റ്റീരിയോടിപ്പിക്കലായ കാര്യങ്ങളില്‍ നിന്നും ചിത്രം മാറിനടക്കുന്നുണ്ട്.
ചിത്രത്തിന്റെ ആക്ഷന്‍ മോഡിലുള്ള കഥക്ക് തടസമുണ്ടാക്കുന്ന പാട്ടുകളൊന്നും കുത്തിക്കയറ്റാത്തതും പത്താനുള്ള പോസിറ്റീവാണ്. ആകെ ഒരേയൊരു പാട്ടാണ് സിനിമക്കുള്ളിലുള്ളത്. എന്നാല്‍ ബല്‍ഹാര ബ്രദേഴ്സ്, ഓരോ കഥാപാത്രത്തിനും നല്‍കുന്ന ബി.ജി.എമ്മും ആവശ്യമായ സമയങ്ങളിലെ നിശബ്ദതയും ആക്ഷന്‍ രംഗങ്ങളില്‍ വെസ്റ്റേണും പഴയ ഹിന്ദി ഗാനങ്ങളുടെ മൂഡും മിക്സ് ചെയ്ത ട്യൂണുകളും ചേര്‍ന്നെത്തുമ്പോള്‍ സിനിമയുടെ ആസ്വാദനം ഗംഭീരമാക്കുകയും ചെയ്യും.
പരിചിതമായ പ്ലോട്ടാണെങ്കിലും പ്രതീക്ഷിക്കാത്ത ചില ട്വിസ്റ്റുകളിലൂടെ ആസ്വാദനത്തെ ഗംഭീരമായി മുന്നോട്ടു കൊണ്ടുപോകാന്‍ സിനിമക്ക് കഴിയുന്നുണ്ട്. ചിത്രത്തെ ഇന്‍ട്രസ്റ്റിങ്ങാക്കുന്ന രീതിയിലാണ് ഓരോ ട്വിസ്റ്റുകളും വഴിത്തിരിവുകളും വരുന്നത്. അടുത്ത കാലത്തായി സൂപ്പര്‍സ്റ്റാറുകള്‍ സിനിമകളില്‍ അവരുടെ മുന്‍ സിനിമകളെ ട്രോളുകയോ നൊസ്റ്റാള്‍ജിക്കായി ഓര്‍മപ്പെടുത്തുകയോ ചെയ്യുന്ന പതിവ് പത്താനിലുമുണ്ട്. പക്ഷെ ഇവിടെ അത് ഒട്ടും ബോറാകുന്നില്ല.
ബോളിവുഡിന്റെ ആരാധകഹൃദയങ്ങളെ അടക്കി ഭരിക്കുന്ന കാമിയോയാണ് പത്താനിലേത്. ആക്ഷനും എന്‍ഗേജിങ്ങാക്കുന്ന കോമഡികളും കൗണ്ടര്‍ ഡയലോഗുകളുമായി എത്തുന്ന ഈ ഭാഗം യഷ് രാജിന്റെ സ്പൈ യൂണിവേഴ്സിലെ സിനിമകള്‍ എങ്ങനെയായിരിക്കുമെന്ന സൂചനകളാണ് നല്‍കുന്നത്. ഈ യൂണിവേഴ്സിലെ ചിത്രങ്ങള്‍ ഇങ്ങനെയാണ് എത്തുന്നതെങ്കില്‍ ബോളിവുഡിനെ തിയേറ്റര്‍ പരാജയങ്ങളില്‍ നിന്നും കരകയറ്റുമെന്നുറപ്പാണ്.
ഇപ്പറഞ്ഞ ഓരോ ആസ്പെക്ടിലും പത്താനെ മികച്ചതാക്കുന്നത് തിരക്കഥാകൃത്ത് ശ്രീധര്‍ രാഘവനും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദും തന്നെയാണ്. പ്രേക്ഷകരെ ഷാരൂഖ് ഖാനോടും പത്താനോടും ചേര്‍ത്തുനിര്‍ത്തുംവിധമാണ് ഇവര്‍ സിനിമയൊരുക്കിയിരിക്കുന്നത്. സത്ജിത് പൗലോസിന്റെ ക്യാമറയും ആരിഫ് ഷെയ്ഖിന്റെ എഡിറ്റും പത്താന്റെ നിലവാരമുയര്‍ത്തുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ സുന്ദരമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത് ഈ കോമ്പോയാണ്.
ചിത്രത്തില്‍ ചെറിയ ചില പോരായ്മകളാണ് തോന്നിയത്. അതിലൊന്ന് ആദ്യ പകുതിയില്‍ വരുന്ന ലാഗാണ്. എന്നാല്‍ ഇടവേളയിലേക്കെത്തുന്ന ഭാഗവും രണ്ടാം പകുതിയും ആ ലാഗിനെ മറികടക്കുന്നുണ്ട്. സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ മികച്ചതാണെങ്കിലും ഹെലികോപ്ടര്‍ വരുന്ന ചില സീനുകള്‍ ഒരു കടന്നകൈ ആയിരുന്നുവെന്ന് പറയാതെ വയ്യ. പക്ഷെ ഇതൊന്നും സിനിമയുടെ മുഴുവനായുള്ള ആസ്വാദനത്തെ അത്രയും ബാധിക്കുന്നില്ല. മാസ് ആക്ഷന്‍ സിനിമകളെയും ഷാരൂഖ് ഖാനെയും ഇഷ്ടപ്പെടുന്നവര്‍ക്ക് പത്താന്‍ ഏറെ പ്രിയപ്പെട്ടതാകുമെന്നുറപ്പാണ്.
പി.എസ്: ഒരു സന്തോഷം കൂടി പറയട്ടെ…പത്താന്റെ ഓരോ പഞ്ച് ഡയലോഗിനും ഇന്‍ട്രോക്കും എത്രമാത്രം കയ്യടിയുയര്‍ന്നോ അത്രയും കയ്യടി ബേഷരം രംഗ് എന്ന ഗാനവും അതിലെ ദീപികയുടെ കാവി ബിക്കിനി ധരിച്ച വേഷവും വന്നപ്പോള്‍ ഉയര്‍ന്നിരുന്നു.
Content Highlight: pathaan movie review