| Sunday, 12th February 2023, 10:12 am

സെന്‍സറിങ് കഴിയുമ്പോള്‍ രാജ്യം മാറുമോ? റഷ്യ മാറി ഉക്രൈനായത് എങ്ങനെ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയ വിവാദങ്ങള്‍ക്കും ബോയ്‌ക്കോട്ട് ആഹ്വാനങ്ങള്‍ക്കും ശേഷം തിയേറ്ററുകളിലെത്തിയ സിനിമയാണ് ഷാരൂഖ് ഖാന്‍ നായകനായെത്തിയ പത്താന്‍. വിവാദങ്ങള്‍ ആളിപ്പടര്‍ന്നപ്പോള്‍ തിയേറ്ററുകളിലേക്കെത്തുന്ന ആളുകളുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചു. വലിയ റെക്കോഡുകള്‍ സൃഷ്ടിച്ച് 1000 കോടിയെന്ന ലക്ഷ്യത്തിലേക്കാണ് പത്താനിപ്പോള്‍ സഞ്ചരിക്കുന്നത്.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത സിനിമയില്‍ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിന് മുമ്പ് പുറത്തിറങ്ങിയ സിനിമയിലെ ‘ബേഷരം രംഗ്’ എന്ന ഗാനമാണ് വലിയ തോതിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് കാരണമായത്.

ഗാനത്തില്‍ ദീപികയിട്ട കാവി ബിക്കിനി ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നത്. പിന്നീട് സിനിമ സെന്‍സറിങ്ങിന് പോയപ്പോള്‍ സിനിമയിലെ വിവാദ സീന്‍ ബോര്‍ഡ് ഒഴിവാക്കിയിരുന്നില്ല. എന്നാല്‍ മറ്റ് പല മാറ്റങ്ങളും നിര്‍ദ്ദേശിച്ചിരുന്നു. അത്തരത്തിലൊരു മാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

സിനിമയില്‍ വില്ലന്റെ ശിങ്കിടികളില്‍ ഒരാള്‍ മുന്‍ എസ്.ബി.യു ഏജന്റായിട്ടാണ് കാണിക്കുന്നത്. എന്നാല്‍ സിനിമ സെന്‍സറിങ്ങിന് പോകുന്നതിന് മുമ്പ് വരെ അയാല്‍ കെ.ജി.ബി ഏജന്റായിരുന്നു. എസ്.ബി.യു എന്നത് ഉക്രൈന്‍ ചാരസംഘടനയാണ്. കെ.ജി.ബി എന്നത് പഴയ സോവിയറ്റ് ചാരസംഘടനയാണ്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തിലൊരു മാറ്റം സംഭവിച്ചിരിക്കുന്നത്.

ദി ഹിന്ദുവാണ് ഇതിനെ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെന്‍സറിങ്ങിന് ശേഷം എങ്ങനെയാണ് രാജ്യം മാറി പോകുന്നതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയും സിനിമാ നിരൂപകരും ഉയര്‍ത്തുന്നത്. ഇതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട് എന്ന തരത്തിലുള്ള വാദവും ഉയര്‍ന്നുവരുന്നുണ്ട്.

content highlight: pathaan movie new social media discussions

We use cookies to give you the best possible experience. Learn more