Entertainment news
തോക്ക് ചൂണ്ടി, മാസ് ലുക്കില്‍ ദീപിക; പത്താനിലെ പുതിയ പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 25, 08:28 am
Monday, 25th July 2022, 1:58 pm

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് പത്താന്‍. സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദീപിക പദുകോണാണ്. നേരത്തെ ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നിരുന്നു.

ഇപ്പോള്‍ ഇതാ ചിത്രത്തില്‍ ദീപിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. യശ് രാജ് ഫിലിംസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. അടുത്ത വര്‍ഷം ജനുവരി 25നാണ് പത്താന്‍ തിയേറ്ററുകളില്‍ എത്തുക.

ദീപികയെ കൂടാതെ ജോണ്‍ എബ്രഹാമും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പടെ ഷൂട്ട് ചെയ്ത ചിത്രം ഒരുങ്ങുന്നത് വമ്പന്‍ ബഡ്ജറ്റിലാണ്. ചിത്രത്തില്‍ സല്‍മാന്‍ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ഷാരൂഖ് ഖാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സിനിമാ ജീവിതത്തിലെ മുപ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ ഇന്‍സ്റ്റാഗ്രാമില്‍ നടത്തിയ ലൈവിലായിരുന്നു ഷാരുഖ് ഇക്കാര്യം പറഞ്ഞത്. അതേസമയം പത്താന്‍ പ്രേക്ഷകര്‍ സ്വീകരിച്ചാല്‍ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നും താരം പറഞ്ഞിരുന്നു.

പത്താന്‍ കൂടാതെ നിരവധി ചിത്രങ്ങള്‍ ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാനും ആരാധകര്‍ കാത്തിരിക്കുന്ന ഷാരുഖ് ചിത്രമാണ്. ചിത്രത്തില്‍ നയന്‍താരയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

നയന്‍താര ഒരു അന്വേഷണ ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.


ഷാരൂഖ് ആദ്യമായി നയന്‍താരയ്ക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാവും ജവാന്‍. ചിത്രത്തില്‍ സന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

ചിത്രത്തിനായി സംഗീത സംവിധാനം ചെയ്യാന്‍ ഏറെ സന്തോഷമുണ്ടെന്ന് അനിരുദ്ധ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ജവാന്‍ 2023 ജൂണ് 2 നാണ് തിയേറ്ററുകളില്‍ എത്തുക.

Content Highlight : Pathaan Movie Deepika Padukone Character Poster released