| Friday, 27th January 2023, 10:34 am

പത്താന്‍ 200 കോടി ക്ലബ്ബിലേക്കോ? രണ്ടാം ദിവസം പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ ഷാരൂഖ് തേരോട്ടം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവാദങ്ങള്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് ഷാരൂഖ് ഖാന്‍ നായകനായ പത്താന് ലഭിച്ചിരിക്കുന്നത്. ജനുവരി 25ന് തിയേറ്ററുകളിലെത്തിയ സിനിമ രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ വലിയ കളക്ഷന്‍ റെക്കോര്‍ഡുകളാണ് നേടിയിരിക്കുന്നത്. റിപ്പബ്ലിക് ദിനമായ ജനുവരി 26 അവധി ദിവസം സിനിമയുടെ കളക്ഷന്‍ 70 കോടിയാണെന്നാണ് ബോക്‌സ് ഓഫീസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനിമ റിലീസ് ചെയ്ത രണ്ടാം ദിവസം സൗത്ത് ഇന്ത്യയിലെ തിയേറ്ററുകളില്‍ വലിയ തിരക്കാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കണക്കുകള്‍ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

ഇന്‍ഡസ്ട്രി ട്രാക്കര്‍ സ്‌നാക്‌സില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് പത്താന്റെ രണ്ടാം ദിവസത്തെ കളക്ഷന്‍ അറുപത്തിയഞ്ച് മുതല്‍ എഴുപത് കോടി വരെയാണ്. ചിത്രത്തിന്റെ മൊത്തത്തിലുള്ള കളക്ഷന്‍ 120 കോടിയാണെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമ റിലീസിനെത്തി ഒരാഴ്ച്ചക്കുള്ളില്‍ തന്നെ 200 കോടി ക്ലബ്ബില്‍ കയറുമെന്നാണ് വിലയിരുത്തലുകള്‍.

പത്താന്റെ രണ്ടാം ദിവസത്തെ കളക്ഷന്‍ ‘വാര്‍’ സിനിമയെ മറികടന്നു എന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് സിനിമയും നിര്‍മിച്ചിരിക്കുന്നത് യഷ് രാജ് ഫിലിംസാണ്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇന്നലെ വിജയാഘോഷം നടത്തുകയും ചെയ്തിരുന്നു.

റിലീസിനെത്തും മുമ്പ് തന്നെ വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച സിനിമയായിരുന്നു പത്താന്‍. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത സിനിമയില്‍ ഷാരൂഖ് ഖാന് പുറമെ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനകള്‍ സിനിമക്കെതിരെ രംഗത്ത് വന്നിരുന്നു. സിനിമയിലെ ആദ്യം പുറത്ത് വന്ന ‘ബേഷരം രംഗ’് എന്ന ഗാനം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ഇവര്‍ സിനിമക്കെതിരെ രംഗത്ത് വന്നത്.

പത്താനെതിരെ ബോയ്‌ക്കോട്ട് ആഹ്വാനങ്ങളും വിദ്വേഷ പ്രചരണങ്ങളും നടത്തിയിരുന്നു. പലയിടത്തും സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദുത്വ സംഘടനകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രചരണങ്ങളെയെല്ലാം മറികടന്നാണ് പത്താന്‍ റെക്കോര്‍ഡ് നേട്ടങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.

content highlight: pathaan movie collection updates

We use cookies to give you the best possible experience. Learn more