വിദ്വേഷ കോട്ട പൊളിച്ച് പത്താന്‍, 500കോടി ക്ലബ്ബിലേക്ക്
Entertainment news
വിദ്വേഷ കോട്ട പൊളിച്ച് പത്താന്‍, 500കോടി ക്ലബ്ബിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th January 2023, 4:38 pm

വിവാദങ്ങളുടെയും വിദ്വേഷ പ്രചരണങ്ങളുടെയും പിന്നാലെ തിയേറ്ററുകളിലെത്തിയ സിനിമയാണ് ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍. തിയേറ്ററിലെത്തിയ ആദ്യ ദിവസം മുതല്‍ തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സിനിമ നാലാം ദിവസം പിന്നിടുമ്പോള്‍ 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. പത്താന്റെ നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് തങ്ങളുടെ ട്വീറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു ഹിന്ദി സിനിമ ഇത്തരത്തിലൊരു വിജയം നേടുന്നത് എന്നാണ് യഷ് രാജ് ഫിലംസിന്റെ ട്വീറ്റില്‍ പറയുന്നത്.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത സിനിമയില്‍ ഷാരൂഖ് ഖാന് പുറമെ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനകള്‍ സിനിമക്കെതിരെ രംഗത്ത് വന്നിരുന്നു. സിനിമയിലെ ആദ്യം പുറത്ത് വന്ന ‘ബേഷരം രംഗ്’എന്ന ഗാനം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ഇവര്‍ സിനിമക്കെതിരെ രംഗത്ത് വന്നത്.

 

 

പത്താനെതിരെ ബോയ്‌ക്കോട്ട് ആഹ്വാനങ്ങളും വിദ്വേഷ പ്രചരണങ്ങളും നടത്തിയിരുന്നു. പലയിടത്തും സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദുത്വ സംഘടനകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രചരണങ്ങളെയെല്ലാം മറികടന്നാണ് പത്താന്‍ റെക്കോര്‍ഡ് നേട്ടങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.

സിനിമയിലെ ബേഷരം രംഗ് എന്ന ഗാനം പുറത്ത് വന്നതോടെയാണ് എല്ലാത്തിനും തുടക്കമായത്. നായികയായ ദീപിക പദുക്കോണ്‍ അണിഞ്ഞ കാവി ബിക്കിനി സംഘപരിവാറിനെ പ്രകോപിപ്പിച്ചു. ദൈവത്തിന്റെ നിറമായ കാവിയെ അപമാനിച്ചുവെന്നും ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്നുമാരോപിച്ചായിരുന്നു സംഘപരിവാര്‍ അതിക്രമങ്ങള്‍.

സോഷ്യല്‍ മീഡിയയിലെ ബോയ്കോട്ട് ആഹ്വാനങ്ങളില്‍ തുടങ്ങിയ പ്രതിഷേധം ഷാരൂഖിന്റെ ചിത്രം കത്തിക്കുന്നതിലേക്കും ഫ്ളക്സുകള്‍ നശിപ്പിക്കുന്നതിലേക്കും തിയേറ്ററുകളിലേക്ക് അതിക്രമിച്ചു കയറുന്നതിലേക്കും തിയേറ്റര്‍ ഉടമകളെ ഭീഷണപ്പെടുത്തുന്നതിലേക്കും വരെയെത്തി.

എന്നാല്‍ ഇത്തരം വിവാദങ്ങളൊന്നും സിനിമയെ ബാധിച്ചില്ല. തീവ്ര ഹിന്ദുത്വ സംഘടനകളാണ് ചിത്രത്തിന് വലിയ പ്രചാരണം നല്‍കിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ മറ്റും ഉയര്‍ന്നുവരുന്ന പ്രധാന വാദം. ചിത്രത്തിനെതിരെ ഇത്ര വലിയ ആക്രമണം നടന്നപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ തന്നെ ഒരു അനുകൂല തരംഗം ഷാരൂഖിനും പത്താനും ലഭിച്ചു. അതാണ് ഒരു പരിധി വരെ സിനിമയുടെ വിജയത്തിന് കാരണമെന്നാണ് സിനിമാ നിരൂപകര്‍ പറയുന്നത്.

content highlight: pathaan movie box office collection