| Sunday, 12th February 2023, 3:27 pm

ബോക്‌സ്ഓഫീസില്‍ കൊടുങ്കാറ്റായി പത്താന്‍; കെ.ജി.എഫും, ബാഹുബലിയുമടക്കം വമ്പന്മാരെ വീഴ്ത്തി മുന്നോട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് വര്‍ഷം മുമ്പ് സീറോ എന്ന ചിത്രത്തിന്റെ പരാജയത്തോടെ കരിയറില്‍ തന്നെ സീറോയായി തലതാഴ്ത്തി മടങ്ങേണ്ടി വന്ന ഷാരൂഖ് ഖാന്‍ പത്താനിലൂടെ വമ്പന്‍ തിരിച്ച് വരവാണ് നടത്തുന്നത്. ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോഡുകള്‍ കീഴടക്കി മുന്നേറുകയാണ്.

ബോക്‌സോഫീസില്‍ 1000 കോടിയെന്ന സ്വപ്ന നേട്ടത്തിലേക്ക് കുതിക്കുന്ന ചിത്രം ഇത് വരെ ലോകവ്യാപകമായി 930 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു.
റിലീസിനെത്തി 18ാം ദിവസമാണ് പത്താന്‍ ഈ നേട്ടം കൈവരിച്ചത്.

പിങ്ക്‌വില്ല റിപ്പോര്‍ട്ട് അനുസരിച്ച് പത്താന്റെ ഡൊമസ്റ്റിക് ഗ്രോസ് എല്ലാ ഭാഷകളിലെയും ചേര്‍ത്ത് 473 കോടിയാണ്. ഇന്ത്യയിലെ ടോട്ടല്‍ ഗ്രോസ് 568 കോടിയും ചേര്‍ത്ത് വേള്‍ഡ് വൈഡ് കളക്ഷന്‍ 930 കോടിയായി ഉയര്‍ന്നു.

ഡൊമസ്റ്റിക് കളക്ഷനില്‍ ബാഹുബലി 2 ഹിന്ദി പതിപ്പിന്റെ റെക്കോഡാണ് ഇനി പത്താന് മുമ്പിലുള്ളത്. 510 കോടിയാണ് ബാഹുബലി 2 ഹിന്ദി പതിപ്പിന്റെ കളക്ഷന്‍.

വരുന്ന ഞായറോടെ പത്താന്റെ കളക്ഷന്‍ 1000 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അനുമാനിക്കുന്നത്. ചൊവ്വാഴ്ച്ച വാലന്റ്റൈന്‍സ്‌ഡേ ആയതിനാല്‍ തിയേറ്ററില്‍ തിരക്ക് കൂടാനും സാധ്യതയുണ്ട്.

യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ബഹിഷ്‌കരിക്കാന്‍ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ സമൂഹ മാധ്യമങ്ങളിലൂടെ വലിയ രീതിയില്‍ പ്രചാരണം നടത്തിയിരുന്നു. എന്നാലിതൊന്നും ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് വിജയത്തിനെ ബാധിച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

യഷ് രാജ് സ്പൈ യൂണിവേഴ്‌സിലെ നാലാമത് ചിത്രമാണ് പത്താന്‍. സീരിസിലെ അടുത്ത ചിത്രം ടൈഗര്‍ 3 ഈ വര്‍ഷം അവസാനം തിയേറ്ററുകളിലെത്തും.

Content Highlights: pathaan march towards 1000 crores

We use cookies to give you the best possible experience. Learn more