| Monday, 6th February 2023, 2:18 pm

ആര്‍.ആര്‍.ആറിനെയും തകര്‍ത്ത് പത്താന്റെ വിജയക്കുതിപ്പ്, അങ്ങ് അമേരിക്കയിലും ഷാരൂഖ് തേരോട്ടം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ തന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ സിനിമയാണ് പത്താന്‍. വലിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചാണ് പത്താന്‍ മുന്നേറുന്നത്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിലീസ് ചെയ്ത് പതിമൂന്ന് ദിവസങ്ങള്‍ പിന്നിടുന്ന പത്താന്‍ ഇപ്പോള്‍ 800 കോടിയെന്ന റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്.

ഇന്ത്യയില്‍ മാത്രമായി പത്താന്‍ 429 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രം എന്ന റെക്കോര്‍ഡ് നേടിയ പത്താന്‍ ഇന്നലെ(ഫെബ്രുവരി 5) 28 കോടിയാണ് സ്വന്തമാക്കിയത്. ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍.ആര്‍.ആറിന്റെ അമേരിക്കയിലെ കളക്ഷനും ചിത്രം ഉടന്‍ തകര്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗോള്‍ഡന്‍ ഗ്ലോബിന് ശേഷമുള്ള റീ റിലീസ് കളക്ഷന്‍ ഉള്‍പ്പെടെ 122 കോടിയില്‍ അധികമായിരുന്നു ആര്‍.ആര്‍.ആറിന്റെ അമേരിക്കയിലെ കളക്ഷന്‍. പത്താന്‍ ഇതിനോടകം തന്നെ 115 കോടി നേടിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റായ രമേശ് ബാലയുടെ ട്വീറ്റിലൂടെയാണ് പത്താനെ സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന പാക്കിസ്ഥാനിലും ചിത്രം അനധികൃതമായി പ്രദര്‍ശിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടയിലും 900 പാക്കിസ്ഥാന്‍ രൂപക്കാണ് ടിക്കറ്റുകള്‍ വിറ്റുപോയത്. ഒട്ടുമിക്ക ഷോകളും ഹൗസ്ഫുള്‍ ആയിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം ഇന്ത്യില്‍ റിലീസിന് മുമ്പ് തന്നെ ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനകള്‍ സിനിമക്കെതിരെ ബോയ്‌ക്കോട്ട് ആഹ്വാനങ്ങളുമായി രംഗത്ത്് വരികയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരം വിദ്വേഷ പ്രചാരങ്ങളെയെല്ലാം ഇല്ലാതാക്കിയാണ് സിനിമ മുമ്പോട്ട് പോകുന്നത്.

CONTENT HIGHLIGHT: PATHAAN AND RRR MOVIE COLLECTOIN

We use cookies to give you the best possible experience. Learn more