| Thursday, 5th January 2023, 3:33 pm

ദീപികയുടെ കാവി ബിക്കിനിക്ക് കട്ടില്ല; പത്താനിലെ ഗാനത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്താന്‍ സിനിമയിലെ നടി ദീപിക പദുക്കോണിന്റെ കാവി നിറത്തിലുള്ള ബിക്കിനി രംഗങ്ങള്‍ നീക്കില്ല. സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധനയില്‍ പാട്ടില്‍ പത്തിലധികം കട്ടുകള്‍ ചിത്രത്തിലെ ബേഷരംഗ് രംഗ് എന്ന ഗാനത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ദീപികയുടെ കാവി ബിക്കിനി ധരിച്ചുള്ള രംഗങ്ങള്‍ കട്ട് ചെയ്യാന്‍ നിര്‍ദേശിച്ചവയിലില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്തിലേറെ കട്ടുകളാണ് സിനിമ്ക്ക് ലഭിച്ചത്. ചില വാക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ‘ലാന്‍ഗ്‌ഡെ ലുല്ലു’ എന്നത് ‘ടൂതെ ഫൂതെ’ ആയും ‘അശോക് ചക്ര’ എന്നത് ‘വീര്‍ പുരസ്‌കാര്‍’ ആയും ‘എക്‌സ് കെ.ജി.ബി’ എന്നത് എക്‌സ് എസ്.ബി.യു’ ആയും ‘മിസിസ് ഭാരത് മാതാ’ എന്നത് ‘ഹമാരി ഭാരത് മാതാ’ ആയുമാണ് മാറ്റിയിരിക്കുന്നത്.

പത്താന്‍ സിനിമയിലെ ബേഷരംഗ് ഗാനരംഗത്തില്‍ മാറ്റം വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു. മാറ്റങ്ങള്‍ വരുത്തിയ പുതിയ പതിപ്പ് പ്രദര്‍ശനത്തിനുമുമ്പ് കൈമാറണമെന്നും സെന്‍സര്‍ ബോര്‍ഡ് അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.

ഗാനം റിലീസായ ദിവസം മുതല്‍ പത്താനെതിരെ സംഘപരിവാര്‍ സംഘടനകള്‍ വലിയ വിദ്വേഷ ക്യാമ്പെയ്നുമായി രംഗത്തുവന്നിരുന്നു. മധ്യപ്രദേശിലാണ് ഗാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നത്. ആഭ്യന്തര മന്ത്രിയും സ്പീക്കറുമുള്‍പ്പെടെ നിരവധി പേരാണ് ഗാനത്തിനെതിരെ രംഗത്ത് വന്നത്.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിലീസിന് മുന്നോടിയായി പത്താന് വമ്പിച്ച പ്രീ-റിലീസ് ബുക്കിങ്ങാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പലയിടത്തും ബുക്കിങ് ഹൗസ്ഫുള്ളാണ്.

ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. 100കോടി രൂപക്കാണ് പത്താന്റെ ഒ.ടി.ടി റൈറ്റ്സ് ആമസോണ്‍ സ്വന്തമാക്കിയത്. 250കോടിരൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.

ശ്രീധര്‍ രാഘവനും അബ്ബാസ് തൈരേവാലയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദിന്റേതാണ് കഥ. സത്ജിത് പൗലോസ് ക്യാമറയും ആരിഫ് ഷെയ്ഖ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് വിശാല്‍-ശേഖര്‍ ടീമാണ്.

Content Highlight: Pathaan actress Deepika Padukone’s saffron bikini scenes won’t cut froim the film 

Latest Stories

We use cookies to give you the best possible experience. Learn more