| Tuesday, 12th March 2019, 10:21 am

ഗുജറാത്തിലെ പട്ടേല്‍ പ്രതിമ നടത്തിപ്പില്‍ പ്രതിസന്ധി; മൂന്നു മാസമായി ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ സമരത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: 3000 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഗുജറാത്തിലെ പട്ടേല്‍ പ്രതിമ നടത്തിപ്പില്‍ പ്രതിസന്ധി. പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് മൂന്നു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് ഗുജറാത്തി പത്രമായ “ദിവ്യ ഭാസ്‌ക്കര്‍” റിപ്പോര്‍ട്ട് ചെയ്യുന്നു.

ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ പ്രതിമക്ക് ചുറ്റും മനുഷ്യചങ്ങല തീര്‍ത്തെന്ന് റിപ്പോര്‍ട്ടിലുണ്ട്. അപ്‌ഡേറ്റര്‍ സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ശമ്പളം കൊടുക്കാത്തത്.


പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള സ്ത്രീകളും പുരുഷന്മാരുമായ സെക്യൂരിറ്റി ജീവനക്കാര്‍, പൂന്തോട്ട ജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ലിഫ്റ്റ് ജീവനക്കാര്‍, ടിക്കറ്റ് ചെക്കര്‍മാര്‍ എന്നിവരാണ് സമരത്തിലുള്ളത്.

2018ല്‍, സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായിരുന്ന ഒക്ടോബര്‍ 31നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ ഉദ്ഘാടനം ചെയ്തത്.  182 മീറ്റര്‍ ഉയരമുള്ള പ്രതിമയുടെ നിര്‍മ്മാണത്തിലെ ആദ്യ ഘട്ടത്തില്‍ തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. വലിയ രീതിയില്‍ പണം ഒഴുക്കി പ്രതിമ നിര്‍മ്മിക്കുന്ന നടപടിയെ വിമര്‍ശിച്ച പ്രതിപക്ഷ കക്ഷികള്‍ നിര്‍മ്മാണം രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ് എന്ന് ആരോപിച്ചിരുന്നു.

അടിയന്തര ഇടപെടല്‍ ആവശ്യമുള്ള കാര്‍ഷിക മേഖലയെ തഴഞ്ഞ് സര്‍ക്കാര്‍ പ്രതിമ നിര്‍മാണത്തിനായി പണം ധൂര്‍ത്തടിക്കുന്നുവെന്ന് ബി.ബി.സി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്തിലെ ഏറ്റവും ദരിദ്ര മേഖലയായ നാന പിപാലിയയിലാണ് പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്.


പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് ചോദിച്ച ഫണ്ട് അനുവദിക്കാത്ത ഭരണാധികാരിയാണ് പ്രതിമക്കായി 3000 കോടി ചെലവാക്കിയതെന്ന് നടന്‍ പ്രകാശ് രാജും വിമര്‍ശിച്ചിരുന്നു. കേരളം ചോദിച്ചത് പിച്ചക്കാശല്ല നമ്മുടെ നികുതി പണമാണെന്നും പ്രകാശ് രാജ് തുറന്നടിച്ചിരുന്നു.

ഗുജറാത്തിലെ കച്ചിലുള്ള കര്‍ഷകരും പ്രതിമക്കെതിരെ രംഗത്ത് വന്നിരുന്നു. പ്രതിമക്ക് വേണ്ടി വെള്ളം വഴിമാറ്റി ഒഴുക്കുന്ന നടപടി കാരണം കര്‍ഷകര്‍ ദുരിതത്തിലാണെന്ന പരാതിയായിരുന്നു ഉയര്‍ന്നത്.

Latest Stories

We use cookies to give you the best possible experience. Learn more