national news
കോടതി ഉത്തരവ് ലംഘിച്ച് കര്‍പ്പൂര ഉത്പ്പന്നങ്ങള്‍ വിറ്റു; പതഞ്ജലിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തി ബോംബെ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 11, 02:10 pm
Thursday, 11th July 2024, 7:40 pm

ന്യൂദല്‍ഹി: കോടതി ഉത്തരവ് ലംഘിച്ച് കർപ്പൂര ഉത്പ്പന്നങ്ങള്‍ വിറ്റ ബാബാ രാംദേവിന്റെ പതഞ്ജലിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തി ബോംബെ ഹൈക്കോടതി. തിങ്കളാഴ്ചയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

മംഗളം ഓര്‍ഗാനിക്‌സ് ലിമിറ്റഡിന്റെ ഇടക്കാല ഹരജിയില്‍ ജസ്റ്റിസ് ആര്‍.ഐ. ചഗ്ലയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ട്രേഡ്മാര്‍ക്ക് ലംഘിച്ചെന്ന ആരോപണങ്ങള്‍ കണക്കിലെടുത്ത് ആഗസ്റ്റില്‍ പതഞ്ജലി ആയുര്‍വേദിന്റെ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് കോടതി വിലക്കിയിരുന്നു.

കോടതിയുടെ നിര്‍ദേശം ലംഘിച്ച് പതഞ്ജലി ആയുര്‍വേദ് ഉത്പ്പന്നങ്ങളുടെ വില്‍പ്പന തുടരുകയാണെന്ന് മംഗളം ഓര്‍ഗാനിക്‌സ് നല്‍കിയ ഇടക്കാല ഹരജിയില്‍ പറഞ്ഞു. ഉത്തരവ് ലംഘിച്ചതിന് നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ട് ജൂണില്‍ പതഞ്ജലി ആയുര്‍വേദ് സത്യവാങ്മൂലം സമര്‍പ്പിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

50 ലക്ഷം രൂപയുടെ കര്‍പ്പൂര ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തുമെന്ന് കോടതിയില്‍ പതഞ്ജലി നേരത്തെ സമ്മതിച്ചിരുന്നു. കോടതിയുടെ നിര്‍ദേശം അനുസരിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

കോടതി ഉത്തരവിന്റെ തുടര്‍ച്ചയായ ലംഘനങ്ങള്‍ ഇനി വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് ഹരജി പരിഗണിക്കവെ ബോംബെ ഹൈക്കോടതി തിങ്കളാഴ്ച പറഞ്ഞു. പതഞ്ജലി ആയുര്‍വേദ ചെയ്ത ലംഘനങ്ങള്‍ പട്ടികപ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മംഗളം ഓര്‍ഗാനിക്‌സിനോട് കോടതി നിര്‍ദേശിച്ചു.

കേസ് അടുത്ത ജൂലൈ 19ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ആയുര്‍വേദ, യുനാനി സേവനങ്ങള്‍ക്കായുള്ള ഉത്തരാഖണ്ഡ് സ്‌റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി ഏപ്രിലില്‍ ഉത്പ്പാദന ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത 14 ഉത്പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തിവച്ചതായി പതഞ്ജലി ആയുര്‍വേദ് നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

പതഞ്ജലി ആയുര്‍വേദ് 1945 ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് നിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതിനെ തുടര്‍ന്ന് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തതായി ഏപ്രില്‍ 29ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ആധുനിക വൈദ്യശാസ്ത്രത്തിനും കൊവിഡ്19 വാക്‌സിനേഷന്‍ ഡ്രൈവിനുമെതിരെ പതഞ്ജലി ആയുര്‍വേദ് കാമ്പെയ്ന്‍ നടത്തുന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു തീരുമാനം.

Content Highlight: Patanjali told to pay Rs 50 lakh for selling camphor products in violation of Bombay HC order