ന്യൂദല്‍ഹി: നഷ്ടത്തിലായ ‘രുചി സോയ’ ഓയില്‍ കമ്പനി ഏറ്റെടുക്കാനുള്ള പതഞ്ജലിയുടെ പദ്ധതി പാളുന്നു. രുചി സോയ ഏറ്റെടുക്കാന്‍ ഫണ്ട് നേടാന്‍ സാധിക്കാത്തതാണ് ബാബാ രാംദേവിന്റെ പതഞ്ജലിയെ വെട്ടിലാക്കുന്നത്.
പതഞ്ജലിയുടെ തിരിച്ചടവില്‍ വിശ്വാസ്യതയില്ലാത്തതുകൊണ്ട് വായ്പ നല്‍കാന്‍ ബാങ്കുകള്‍ മടിക്കുന്നു എന്നതാണ് രുചി സോയ ഏറ്റെടുക്കുന്നതില്‍ നിന്നും പതഞ്ജലിയെ തടയുന്നത്. അടുത്ത കാലത്ത് ഒരു റേറ്റിംഗ് ഏജന്‍സി കമ്പനിയെ താഴ്ത്തിക്കെട്ടുകയും ചെയ്തിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഭരണകക്ഷിയായ ബി.ജെ.പിയുമായുള്ള അടുപ്പം കാരണം പതഞ്ജലിയുടെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ വ്യാപനം ദുരൂഹമായി തുടരുകയാണെങ്കിലും, രുചി സോയ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനുള്ള പതഞ്ജലിയുടെ നിലവിലെ കഴിവില്ലായ്മ അതിന്റെ സാമ്പത്തിക സുസ്ഥിതിയെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
പതഞ്ജലി കണ്‍സോര്‍ഷ്യം അധിഗ്രാം പ്രൈവറ്റ് ലിമിറ്റഡ് (പി.സി.എ.പി.എല്‍) 4,350 കോടിയ്ക്ക് രുചി സോയ ഏറ്റെടുക്കാനുള്ള പദ്ധതിയ്ക്ക് ദേശീയ നിയമ ട്രിബ്യൂണല്‍ ആണ് അംഗീകാരം നല്‍കിയത്.
കടബാധ്യത തീര്‍ക്കാന്‍ രുചി സോയയ്ക്ക് 4,240 കോടി നല്‍കണം. ബാക്കി 110 കോടി നവീകരണത്തിന് ചെലവിടണം. ഈ ഇടപാടില്‍ രുചി സോയയുടെ 65 ശതമാനം കിട്ടാക്കടവും ബാങ്കുകള്‍ എഴുതി തള്ളാന്‍ തയ്യാറായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രുചി സോയ വായ്പ എടുത്തിട്ടുള്ളത് പ്രധാനമായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 1,800 കോടി രൂപ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 816 കോടി രൂപ, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 743 കോടി രൂപ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേട് ബാങ്കില്‍ നിന്ന് 608 കോടി, ഡി.ബി.എസില്‍ നിന്ന് 243കോടി രൂപ എന്നിങ്ങനെയാണ്.
വായ്പകള്‍ തിരിച്ചടിയ്ക്കാത്തതുമായി ബന്ധപ്പെട്ട് ഡി.ബി.എസും ചാര്‍ട്ടേഡ് ബാങ്കും ദേശീയ നിയമ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.
2017 ഡിസംബറിലാണ് ഏറ്റെടുക്കല്‍ നടപടി തുടങ്ങിയത്. ഇതിനായി 3,223 കോടി രൂപ വായ്പയെടുക്കാന്‍ പതഞ്ജലി ശ്രമിച്ചിരുന്നു. വന്‍ കിട്ടാക്കടം വരുത്തിയ സ്ഥാപനം ഏറ്റെടുക്കുന്നതിന് വീണ്ടും വായ്പ നല്‍കുന്ന നടപടി ചോദ്യം ചെയ്യപ്പെട്ടതോടെയാണ് ഏറ്റെടുക്കാനുള്ള നീക്കം പാളിയത്.